ദുരന്ത വാര്‍ഷികം! പുറ്റിംഗല്‍ വെടിക്കെട്ട്: നടുക്കം വിട്ടുമാറാതെ പരവൂര്‍; അട്ടിമറി സാധ്യത അന്വേഷിച്ചില്ല; ഉദ്യോഗസ്ഥര്‍ക്ക് എതിരേ നടപടിക്ക് ശിപാര്‍ശ

എസ്.ആര്‍.സുധീര്‍കുമാര്‍

putingal1
പരവൂര്‍: ഭീതിയകലാത്ത മനസുമായാണ് പരവൂര്‍ നിവാസികള്‍ ഓരോ ദിവസവും തള്ളിനീക്കുന്നത്. ദൂരെ എവിടെയെങ്കിലും ചെറിയ വെടിയൊച്ച കേട്ടാല്‍ നാട്ടുകാരുടെ ഹൃദയമിടിപ്പ് വര്‍ധിക്കും. അത്രയ്ക്ക് കനത്ത ആഘാതമാണ് പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം പരവൂരിന്റെ മനസിന് ഏല്‍പ്പിച്ചത്.

ദുഖം അവര്‍ ഉള്ളിലൊതുക്കുകയാണ്. ദുരന്തവാര്‍ഷികം എത്തുംമുമ്പേ ആയിരുന്നു ഇത്തവണ മീനഭരണി ഉത്സവം. വേദന തിങ്ങുന്ന മനസുമായി ആയിരങ്ങളാണ് ഉത്സവ ദിവസങ്ങളില്‍ ക്ഷേത്രസന്നിധിയില്‍ എത്തിയത്. ആഘോഷവും ആര്‍ഭാടവും കലാപരിപാടികളും ഒക്കെ പൂര്‍ണമായും ഒഴിവാക്കി ആചാരപരമായ പൂജകളും മറ്റും നടത്തിയാണ് ഇത്തവണ നാട്ടുകാര്‍ മീനഭരണി ആചരിച്ചത്.

ചോരപ്പുഴ ഒഴുകിയ പുറ്റിംഗലിന്റെ മണ്ണ് പെയ്‌തൊഴിഞ്ഞ വേനല്‍ മഴയില്‍ പച്ചപിടിച്ച് കിടക്കുന്നു. തകര്‍ന്നടിഞ്ഞ കമ്പപ്പുരയ്ക്ക് കുറ്റിച്ചെടികള്‍ മേലാപ്പ് ചാര്‍ത്തി വളര്‍ന്നു നില്‍ക്കുന്നു. പുല്‍ക്കൊടികള്‍ക്കിടയില്‍ കാലികള്‍ മേയുന്നു. അന്നം തേടി ചെറുകിളികളും വട്ടമിട്ട് പറക്കുന്നു. ഇതിനിടയിലും തരിപ്പണമായ കമ്പപ്പുരയുടെ കോണ്‍ക്രീറ്റ് ബീമും തുരുമ്പടുത്ത കമ്പികളും തലയുയര്‍ത്തി നില്‍പ്പുണ്ട്-ദുഖഭാരവും പേറി.

ഒരുവര്‍ഷത്തിനിടയില്‍ ക്ഷേത്രപരിസരത്ത് കാര്യമായ മാറ്റങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. മുമ്പ് ദിവസവും രാവിലെ അമ്പലം തുറക്കുന്നത് തന്നെ ആചാരവെടി മുഴക്കിയായിരുന്നു. ദുരന്ത പിറ്റേന്ന് മുതല്‍ ഇത് നിലച്ചു. അമ്പലത്തോട് അനുബന്ധിച്ചുള്ള കൊട്ടാരത്തില്‍ മാത്രമാണ് അറ്റകുറ്റപ്പണികള്‍ നടത്തിയത്. പെയിന്റടിച്ച് പുതുമോടിയിലാണ് കൊട്ടാരം.

കൊട്ടാരത്തോട് അനുബന്ധിച്ച് നീല ടാര്‍പോളിന്‍ കൊണ്ട് നിര്‍മിച്ച ടെന്റ് കാണാം. ദൂരെ നിന്ന് നോക്കിയാല്‍ അകത്ത് ആരെയും കാണാനാകില്ല. അടുത്ത് ചെന്നപ്പോഴാണ് ഇത് പോലീസിന്റെ താത്ക്കാലിക ക്യാമ്പാണെന്ന് മനസിലായത്. ദുരന്തം നടന്ന ദിവസം തുടങ്ങിയ അന്ന് തുടങ്ങിയതാണ് പോലീസ് കാവല്‍. അത് ഇപ്പോഴും തുടരുന്നു. പോലീസുകാരുടെ എണ്ണത്തില്‍ മാത്രം കുറവുണ്ട്.

സ്‌ഫോടനം നടന്ന കമ്പപ്പുര നേരത്തേ പോലീസിന്റെ നിയന്ത്രണത്തിലായിരുന്നു. ഇപ്പോള്‍ നിയന്ത്രണം ഒന്നുമില്ല. എങ്കിലും പലരും അങ്ങോട്ട് പോകാന്‍ മടിക്കുന്നു. എല്ലാവര്‍ക്കും ദൂരെനിന്ന് നോക്കി കാണാനാണ് താത്പര്യം. സമീപത്തെ പിപിഎസി എന്ന ക്ലബ് ഇപ്പോള്‍ സജീവമാണ്. ദുരന്തത്തില്‍ തകര്‍ന്ന ക്ലബിന്റെ കെട്ടിടം ബന്ധപ്പെട്ടവര്‍ പുതുക്കി പണിതു. തൊട്ടടുത്തുള്ള ഗുരുമന്ദിരവും ഇപ്പോള്‍ പൂര്‍വ സ്ഥിതിയിലാണ്.

സ്‌ഫോടനത്തെ തുടര്‍ന്ന് ക്ഷേത്രപരിസരത്തെ നൂറുകണക്കിന് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയുണ്ടായി. കുറെയൊക്കെ അറ്റകുറ്റപ്പണികള്‍ നടത്തി ശരിയാക്കി. അങ്ങിങ്ങ് തകര്‍ന്ന ചില വീടുകളുടെ മേല്‍ക്കൂരയില്‍ ഇപ്പോഴും ടാര്‍പോളിന്‍ വിരിച്ചിരിക്കയാണ്.

ഒരു നാടിന്റെ ഹൃദയതാളമാണ് ഒരു നിമിഷത്തെ സ്‌ഫോടനത്തില്‍ തകര്‍ന്നുപോയത്. 110 മനുഷ്യ ജീവനുകളും നമ്മെ വിട്ടകന്നു. അവരുടെ ബന്ധുക്കളുടെയും ആശ്രിതരുടെയും കണ്ണീരൊപ്പാന്‍ ഇപ്പോഴും ആര്‍ക്കുമാകുന്നില്ല. മരിച്ചവരുടെ ആത്മാവിന് നിത്യശാന്തി നേരാന്‍ പ്രാര്‍ഥനയും മറ്റ് ചടങ്ങുകളും പുറ്റിംഗലും പരിസരത്തും ഇന്നും നാളെയുമായി നടക്കും. മരിച്ചവരുടെ ബന്ധുക്കളടക്കം ചടങ്ങില്‍ പങ്കെടുക്കും.

സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ജീവിക്കുന്ന നിരവധി പേരുണ്ട്. അവരുടെ കാര്യമാണ് ഏറെ കഷ്ടം. ആദ്യം ആശുപത്രി ചികിത്സ സര്‍ക്കാര്‍ വഹിച്ചിരുന്നു. ഇപ്പോള്‍ എല്ലാവരും ഇവരെ കൈയൊഴിഞ്ഞിരിക്കയാണ്. തുടര്‍ ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്ന നിരവധി പേരുണ്ട്. അംഗ വിഹീനരായ ഏതാനും പേരുടെ ദുരവസ്ഥ വിവരണാതീതമാണ്. കര്‍ണപുടം പൊട്ടി കേഴ്‌വി ശക്തി പൂര്‍ണമായും നഷ്ടപ്പെട്ടവരുടെ കാര്യവും കഷ്ടംതന്നെ.

ചിന്നിച്ചിതറിയ മൃതദേഹങ്ങള്‍ കണ്ട് മാനസികമായി തകര്‍ന്നവരും നാട്ടിലുണ്ട്. ഇപ്പോഴും ഇവര്‍ക്ക് കൗണ്‍സിലിംഗ് നടത്തുന്നുണ്ട്. ഒരു വിദ്യാര്‍ഥിനിയും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. ദുരന്തം ഏല്‍പ്പിച്ച തീരാദുരിതം പേറി ജീവിക്കുന്നവരെ സഹായിക്കാന്‍ മനസുള്ള നിരവധി പേര്‍ നാട്ടിലും മറുനാട്ടിലും ഉണെ്ടന്നുള്ളതാണ് ഏക ആശ്വാസം.

ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളി സംഘടനകള്‍ സ്വരൂപിച്ച പണം കഴിഞ്ഞ ദിവസം പരവൂരില്‍ നടന്ന ചടങ്ങില്‍ ദുരന്തത്തില്‍ ഇപ്പോഴും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് കൈമാറുകയുണ്ടായി.
യുകെ മലയാളി അസോസിയേഷന്‍, യുകെ ശ്രീനാരായണഗുരു മിഷന്‍, യുകെ കേരള കാത്തലിക് അസോസിയേഷന്‍ എന്നീ സംഘടനകള്‍ ചേര്‍ന്ന് 4.5 ലക്ഷം രൂപയാണ് നല്‍കിയത്.

പരവൂര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഹാളില്‍ നടന്ന ധനസഹായ വിതരണ ചടങ്ങില്‍ വ്യാപാരി വ്യവസായി പരവൂര്‍ യൂണിറ്റ് ഭാരവാഹികളും പുറ്റിംഗല്‍ ദേവസ്വം ഭാരവാഹികളും സന്നിഹിതരായിരുന്നു. അര്‍ഹരായവര്‍ക്ക് ഇനിയും സഹായം നല്‍കാന്‍ സന്നദ്ധമാണെന്ന് സംഘടനകളുടെ ഭാരവാഹികള്‍ ഉറപ്പും നല്‍കി. പുറ്റിംഗല്‍ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന വെടിക്കെട്ട് പരവൂര്‍ നിവാസികളുടെ വികാരമായിരുന്നു. പതിനായിരങ്ങളാണ് ഇത് കാണാന്‍ ഇവിടേയ്ക്ക് എത്തിയിരുന്നുത്.

ഏതായായും ഒരു വെടിയൊച്ചയില്‍ എല്ലാം നിലച്ചു. ഇനി എല്ലാം ശരിയാകാന്‍ എത്രകാലം വേണ്ടിവരുമെന്ന് ആര്‍ക്കും അറിയില്ല. ലോക ശ്രദ്ധപിടിച്ചു പറ്റിയ ഈ ദുരന്തം ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാവരുടെയും ആത്മാര്‍ഥമായ ശ്രമവും നിതാന്ത ജാഗ്രതയുമാണ് ഇനി ആവശ്യമായിട്ടുള്ളത്.

അട്ടിമറി സാധ്യത അന്വേഷിച്ചില്ല

putingal2

പരവൂര്‍: വെടിക്കെട്ടപകടം അട്ടിമറിയാണോ എന്നത് അന്വേഷിക്കണമെന്ന ദേവസ്വം ഭരണസമിതിയുടെയും നാട്ടുകാരുടെയും ആവശ്യം ക്രൈംബ്രാഞ്ച് മുഖവിലയ്ക്ക് പോലും എടുത്തില്ല. അട്ടിമറി നടന്നു എന്ന ഉറച്ച നിലപാടിലാണ് ഇപ്പോഴും നാട്ടുകാര്‍.

സ്‌ഫോടനം നടക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് അജ്ഞാതനായ ഒരാള്‍ കമ്പപ്പുപരയിലേയ്ക്ക് കയറി പോകുന്നത് കണ്ടതായി ദൃക്‌സാക്ഷികള്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിട്ടുണ്ട്. മാത്രമല്ല വെടിക്കെട്ട് സമയത്ത് അജ്ഞാതരായ സായുധ സംഘത്തിന്റെ സാന്നിധ്യവും ക്ഷേത്ര പരിസരത്ത് ഉണ്ടായിരുന്നു. ഈ സംഘമാണ് പിന്നീട് ക്ഷേത്രകമ്മിറ്റി ഓഫീസില്‍ കയറി അതിക്രമം കാട്ടിയത്.

ഇക്കാര്യം ക്രൈംബ്രാഞ്ച് സംഘം സ്ഥിരീകരിക്കുകയും ചെയ്തതാണ്. പ്രതികളെന്ന് സംശയിക്കുന്ന ചിലരെപ്പറ്റി സൂചനകളും ലഭിച്ചു. പക്ഷേ ഇവരെ പിടികൂടാന്‍ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടുമില്ല. പിന്നീട് ക്ഷേത്രത്തിന്റെ മൂലസ്ഥാനം തകര്‍ത്തവരെ പിടികൂടാനും അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ കാര്യമായ അന്വേഷണവും നടന്നില്ല.

ദുരന്തം നടന്നതിന്റെ ആദ്യകഴ്ചകളില്‍ ഇതിന് പിന്നില്‍ വിധ്വംസക ശക്തികളുടെ കരങ്ങളുണേ്ടായെന്ന് സംശയിച്ചുകൂടേ എന്ന് ഹൈക്കോടതി ആരായുകയുണ്ടായി. കടലും കായലും അടുത്തുകിടക്കുന്ന പ്രദേശം ആയതിനാല്‍ ഇത്തരക്കാര്‍ നുഴഞ്ഞുകയറാന്‍ സാധ്യതയില്ലേയെന്നും കോടതി ചോദിച്ചു. എന്നാല്‍ അതിനുള്ള സാധ്യതകള്‍ അസ്ഥാനത്താണെന്നായിരുന്നു അന്വേഷണ സംഘം കോടതിയെ അറിയിച്ചത്.

അട്ടിമറി സാധ്യത ഉണെ്ടങ്കില്‍ അത് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ആരും ഇതുവരെ കോടതിയെ സമീപിക്കാത്തത് എന്താണെന്നാണ് ഉദ്യോഗസ്ഥരുടെ മറുചോദ്യം. മാത്രമല്ല ദുരന്തം അന്വേഷിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ എ.കെ.യാദവ് അധ്യക്ഷനായ കമ്മീഷന്‍ അവരുടെ റിപ്പോര്‍ട്ടില്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത് ഉദ്യോഗസ്ഥ വീഴ്ചയും നിയമലംഘനവുമാണ്. അട്ടിമറി സാധ്യതയെ കുറിച്ച് ഒരു പരാമര്‍ശം പോലും റിപ്പോര്‍ട്ടില്‍ ഇല്ല.

ഉദ്യോഗസ്ഥര്‍ക്ക് എതിരേനടപടിക്ക് ശിപാര്‍ശ

putingal3

കൊല്ലം: പുറ്റിംഗല്‍ വെടിക്കെട്ട് ദുരന്തം സംഭവിച്ചതുമായി ബന്ധപ്പെട്ട് കൃത്യവിലോപം കാട്ടിയ പോലീസ് -റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് എതിരെ വകുപ്പുതല അച്ചടക്ക നടപടിക്ക് െ്രെകംബ്രാഞ്ച് ശിപാര്‍ശ ചെയ്യും.
വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചതായി അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. ഇവരെ കേസില്‍ പ്രതി ചേര്‍ക്കില്ല.

പകരം അച്ചടക്ക നടപടിക്ക് ശിപാര്‍ശ ചെയ്യാനാണ് തീരുമാനം. ഇവരുടെ ഫോണ്‍ വിളിയുടെ വിശദാംശങ്ങളും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ രേഖകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി ശിപാര്‍ശ ചെയ്യുക. വെടിക്കെട്ട് നടന്ന ദിവസം ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പോലീസുകാരില്‍ പലരും സ്ഥലത്ത് നിന്ന് മുങ്ങിയതായും െ്രെകംബ്രാഞ്ച് കണെ്ടത്തി യിട്ടുണ്ട്.

ജുഡീഷല്‍ കമ്മീഷന്‍ പ്രവര്‍ത്തനം ഉടന്‍

പരവൂര്‍: പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം അന്വേഷിക്കുന്ന ജസ്റ്റിസ് പി.എസ്.ഗോപിനാഥന്‍ കമ്മീഷന്റെ പ്രവര്‍ത്തനം അടുത്തയാഴ്ച ആരംഭിക്കും. എറണാകുളം കേന്ദ്രീകരിച്ചായിരിക്കും കമ്മീഷന്റെ പ്രവര്‍ത്തനം എന്നറിയുന്നു. ഒരു ക്യാമ്പ് ഓഫീസ് പരവൂരിലും പ്രവര്‍ത്തിക്കും. ക്യാമ്പ് സിറ്റിംഗ് പരവൂരിലും പരിസരത്തുമായി നടത്തും.

അന്വേഷണവുമായി ബന്ധപ്പെട്ട ടേംസ് ഒഫ് റഫറന്‍സ് കമ്മീഷന് നല്‍കി കഴിഞ്ഞു. സെക്രട്ടറിയെയും നിയമിച്ച് കഴിഞ്ഞു. സഹായത്തിന് ഒരു അഭിഭാഷകന്റെ സേവനം കൂടി കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.

വെടിക്കെട്ട് ദുരന്തക്കേസ് വിചാരണയ്ക്കുള്ള പ്രത്യേക കോടതി കൊല്ലത്ത് സ്ഥാപിക്കണമെന്നാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും പ്രോസിക്യൂട്ടറും ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ പരവൂരില്‍ തന്നെ ഈ കോടതി വേണമെന്ന ആവശ്യവും ശക്തമാണ്. ചില സംഘടനകള്‍ ഈ ആവശ്യവുമായി സര്‍ക്കാരിനെ സമീപിച്ച് കഴിഞ്ഞു.

സ്മാരകം വേണമെന്നാവശ്യം

പരവൂര്‍: പുറ്റിംഗല്‍ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് സ്മാരകം നിര്‍മിക്കണമെന്ന ആവശ്യം ശക്തമായി. നഗരത്തില്‍ എവിടെയെങ്കിലും ഉചിതമായ സ്ഥലത്ത് സ്മൃതി മണ്ഡപം നിര്‍മിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. മരിച്ചവരുടെ ബന്ധുക്കള്‍ക്കും ആശ്രിതര്‍ക്കുമൊക്കെ വാര്‍ഷികത്തില്‍ ഇവിടെയെത്തി പുഷ്പാര്‍ച്ചന നടത്തുന്നതിനും ഓര്‍മ പുതുക്കുന്നതിനും ഇത്തരമൊരു സ്മാരകം നിര്‍മിക്കേണ്ടത് ആവശ്യമാണ്.

ഇതിന് നഗരസഭാ അധികൃതരും ജനപ്രതിനിധികളും മുന്‍കൈ എടുക്കണമെന്ന അഭിപ്രായമാണ് ഉയര്‍ന്നു വന്നിട്ടുള്ളത്. സ്മൃതി മണ്ഡപം സ്ഥാപിക്കുന്നതിന് കൂടുതല്‍ സ്ഥലത്തിന്റെ ആവശ്യവുമില്ല. 1988 ജൂലൈ എട്ടിനാണ് 103 പേരുടെ മരണത്തിന് ഇടയാക്കിയ പെരുമണ്‍ ട്രെയിന്‍ അപകടം നടന്നത്. മരിച്ചവരുടെ സ്മരണാര്‍ഥം ഇവിടെ സ്മൃതി മണ്ഡപം സ്ഥാപിച്ചിട്ടുണ്ട്. ദുരന്തവാര്‍ഷികത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ എത്തി സ്മരണാഞ്ജലി അര്‍പ്പിക്കാറുണ്ട്. സമാനമായൊരു സ്മാരകം ഇവിടെയും വേണമെന്ന ആവശ്യമാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്.

Related posts