മുയല്‍ പ്രജനനരീതികള്‍ അറിയാം

rab

ഐബിന്‍ കാണ്ടാവനം
5-6 മാസത്തിനുള്ളിലാണ് മുയലുകള്‍ പ്രായപൂര്‍ത്തിയാവുക. പ്രായപൂര്‍ത്തിയായ മുയലുകളെ വെവ്വേറെ പാര്‍പ്പിക്കുന്നതാണ് ആരോഗ്യകരമായ പരിചരണത്തിന് നല്ലത്. അല്ലാത്തപക്ഷം പരസ്പരം ആക്രമിക്കും. ആണ്‍ മുയലുകളെ നാലാം മാസം മുതല്‍ പ്രത്യേകം പാര്‍പ്പിക്കുന്നതാണ് നല്ലത്. ഇണചേരാല്‍ കാലമായാല്‍ പെണ്‍മുയലുകള്‍ അസ്വസ്തരായി കാണപ്പെടും. കൂടിനുള്ളില്‍ ഓടി നടക്കുക, ശരീരം വശങ്ങളിലോ തീറ്റപ്പാത്രത്തിലോ ഉരയ്ക്കുക എന്നിവയാണ് ലക്ഷണങ്ങള്‍. ഈ സമയത്ത് പെണ്‍മുയലിലെ ആണ്‍മുയലിന്റെ കൂട്ടിലേക്ക് മാറ്റി ഇണചേര്‍ക്കാം. ആണ്‍മുയലിനെ പെണ്‍മുയലിന്റെ കൂട്ടിലേക്ക് മാറ്റിയാല്‍ ആണ്‍മുയലിനെ ആക്രമിക്കാനുള്ള സാധ്യത കൂടുതലാണ്. മാത്രമല്ല, ആണ്‍ മേധാവിത്വ സാഹചര്യമുണ്ടായാലേ ഇവയുടെ കാര്യത്തില്‍ ഇണചേരല്‍ സാധ്യമാകു. അതിനാണ് ആണ്‍മുയലുകളുടെ കൂട്ടിലേക്ക് പെണ്‍മുയലുകളെ മാറ്റേണ്ടിവരുന്നത്. ഇണചേരല്‍ വിജയകരമാണെങ്കില്‍ ആണ്‍മുയല്‍ ഒരു വശത്തേക്ക് മറിഞ്ഞു വീഴും. ആദ്യ ഇണചേരലിനു ശേഷം അഞ്ചു മണിക്കൂര്‍ കഴിഞ്ഞ് ഒരു തവണകൂടി ഇണചേര്‍ത്താല്‍ കുഞ്ഞുങ്ങളുടെ എണ്ണം കൂടും. ഇണചേര്‍ന്നതിനുശേഷം ആണ്‍പെണ്‍ മുയലുകളെ ഒന്നിച്ച് ഇടാന്‍ പാടില്ല. അന്തര്‍പ്രജനനം ഒരിക്കലും പാടില്ല. രക്തബന്ധംമുള്ള മുയലുകള്‍ തമ്മില്‍ ഇണ ചേര്‍ത്താല്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് രോഗപ്രതിരോധശേഷി, വളര്‍ച്ചാനിരക്ക് തുടങ്ങിയവ കുറവായിരിക്കും.

31 ദിവസമാണ് ശരാശരി പ്രവസകാലം. ഇണചേര്‍ത്ത് 25-28 ദിവസമാകുമ്പോഴേക്കും പ്രവസപ്പെട്ടി നല്കാം. പ്രസവമയത്ത് പെണ്‍മുയല്‍ ശരീരത്തിലെ രോമങ്ങല്‍ പിഴുത് കുഞ്ഞുങ്ങള്‍ക്കായി മെത്ത തയാറാക്കും. ഒരു പ്രസവത്തില്‍ ശരാശരി 4-8 കുഞ്ഞുങ്ങള്‍ ഉണ്ടാവാം. സാധാണ പുലര്‍കാലങ്ങളിലാണ് മുയലുകള്‍ പാലൂട്ടുക. അതിനാല്‍ മതിയായ അളവില്‍ കുഞ്ഞുങ്ങള്‍ക്ക് പാല്‍ ലഭിക്കുന്നുണ്ടോയെന്ന് ദിവസേന പരിശോധിക്കണം. പ്രസവിച്ച് രണ്ടു ദിവസമായിട്ടും കുഞ്ഞുങ്ങളുടെ ശരീരം ചുക്കിച്ചുളിഞ്ഞ് കണ്ടാല്‍ പാല്‍ ലഭിക്കുന്നില്ലെന്നു മനസിലാക്കാം. അത്തരം സാഹചര്യത്തില്‍ തള്ളമുയലിനെ പ്രസവപ്പെട്ടിയില്‍ കയറ്റി മറ്റൊരു പെട്ടി ഉപയോഗിച്ച് അടച്ച് വച്ചാല്‍ മതി. അഞ്ചു മിനിറ്റിനു ശേഷം തുറന്നുവിടാം.

പൂര്‍ണവളര്‍ച്ചയെത്താതെ ജനിക്കുന്നവയാണ് മുയല്‍ കുഞ്ഞുങ്ങള്‍. ശരീരത്തില്‍ രോമങ്ങളിലാത്ത വെറും ഇറച്ചിക്കഷ്ണത്തിനു സമാനം. കണ്ണുകള്‍ തുറന്നിട്ടുണ്ടാവില്ല. രണ്ടാഴ്ചയ്ക്കുള്ളില്‍ ശരീരത്തില്‍ രോമങ്ങള്‍ വന്നു കണ്ണു തുറക്കും. 15 ദിവസത്തിനുശേഷം പ്രസവപ്പെട്ടിയില്‍നിന്നു പുറത്തിറങ്ങിത്തുടങ്ങുന്ന കുഞ്ഞുങ്ങള്‍ ചെറുതായി ഖരാഹാരം കഴിച്ചുതുടങ്ങും. ഒരു മാസത്തിനുശേഷം തള്ളയില്‍നിന്നു കുഞ്ഞുങ്ങളെ പിരിക്കാം. കുഞ്ഞുങ്ങള്‍ മാറി ഒരാഴ്ചയ്ക്കുള്ളില്‍ തള്ളമുയല്‍ അടുത്ത ഇണചേരലിനു തയാറാകും.

ആരോഗ്യമുള്ള പെണ്‍മുയല്‍ വര്‍ഷത്തില്‍ ശരാശരി എട്ടു തവണ പ്രസവിക്കും. ആണ്‍മുയലുകള്‍ പെണ്‍മുയലുകള്‍ കഴിക്കുന്നതിന്റെ പകുതി അളവില്‍ മാത്രമേ ഭക്ഷണം കഴിക്കാറുള്ളൂ. രണ്ട്‌
ആണ്‍മുയലുകളെ ഒരുമിച്ച് പാര്‍പ്പിക്കരുത്. ആക്രമിച്ച് പരസ്പരം മുറിവേല്‍പ്പിക്കും.

Related posts