വിദ്യാര്‍ഥിനിയുടെ മരണം റാഗിംഗ് മൂലമെന്ന് പരാതി; തോടന്നൂരില്‍ ഹര്‍ത്താല്‍

KKD-RAGINGവടകര: ചെരണ്ടത്തൂര്‍ എംഎച്ച്ഇഎസ് കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി തോടന്നൂര്‍ കന്നിനട തയ്യുള്ളതില്‍ അസ്‌നാസ് തൂങ്ങിമരിച്ച സംഭവത്തിനു പിന്നില്‍ കോളജിലെ റാഗിംഗെന്ന് പരാതി. സീനിയര്‍ വിദ്യാര്‍ഥികള്‍ മോശമായി പെരുമാറിയ കാര്യം അറിയിച്ചിട്ടും കോളജ് അധികൃതര്‍ യാതൊരു നടപടിയും കൈക്കൊണ്ടില്ലെന്ന് ബന്ധുക്കള്‍ വടകര പോലീസില്‍ പരാതിപ്പെട്ടു.

ഇൗ സംഭവത്തിലെ മനോവിഷമം സഹിക്കാനാവാതെയാണ് അസ്‌നാസ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.വെള്ളിയാഴ്ച രാത്രി വീട്ടിലെ ബാത്ത് റൂമിലാണ് അസ്‌നാസിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ടാം വര്‍ഷ മൈക്രോ ബയോളജി വിദ്യാര്‍ഥിനിയാണ് അസ്‌നാസ്.  പിതാവ്: ഹമീദ്. മാതാവ്: ഹൈറുന്നീസ. സഹോദരങ്ങള്‍: അറഫാസ്,അമ്രാസ്.

വടകര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിശ്വംഭരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മൃതദേഹം ജില്ലാ ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടത്തി. പിന്നീട് പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് കൊണ്ടുപോയി. സംഭവത്തില്‍ ദുഃഖ സൂചകമായി തോടന്നൂരില്‍ ഹര്‍ത്താലാചരിക്കുകയാണ്. അസ്‌നാസ് തൂങ്ങിമരിക്കാനുണ്ടായ സാഹചര്യം സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന്് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു.

Related posts