2025 ഓടെ എല്ലാ ഗുജറാത്തുകാരെയും നരേന്ദ്രമോദി ചന്ദ്രനിലെത്തിക്കും! 2030 ആകുമ്പോഴേയ്ക്കും ചന്ദ്രനെ ഇന്ത്യയിലെത്തിക്കും; നരേന്ദ്രമോദി വാഗ്ദാനങ്ങള്‍ നല്‍കി പറ്റിക്കുന്നതില്‍ മിടുക്കനെന്ന് രാഹുല്‍ ഗാന്ധി സ്ഥാപിക്കുന്നതിങ്ങനെ

തങ്ങളുടെ കൈയ്യില്‍ നിന്ന് തട്ടിയെടുത്തതിന്റെയോ രാജ്യത്തെ ജനങ്ങളെ പലകാര്യങ്ങളും പറഞ്ഞ് തുടരെത്തുടരെ പറ്റുക്കുകയോ ചെയ്തതിന്റേതായ യാതൊരുവിധ നീരസങ്ങളും കോണ്‍ഗ്രസ്സോ അതില്‍ പ്രത്യേകിച്ച് രാഹുല്‍ ഗാന്ധിയോ കാണിക്കുന്നില്ലെന്നത് കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നവര്‍ക്ക് ആശങ്കാജനകവും മോദിഭക്തരായ ബിജെപിക്കാര്‍ക്ക് ആശ്വാസവുമായിരുന്നു. എന്നാല്‍ രാഹുല്‍ പഴയ രാഹുലല്ലെന്ന് തെളിയിക്കുന്ന വാര്‍ത്തകളാണ് അടുത്ത ദിവസങ്ങളിലായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അമിത്ഷാ പുത്രന്റെ കമ്പനിയുടെ സംശയാവഹമായ വളര്‍ച്ചയെക്കുറിച്ച് ചോദ്യം ഉന്നയിച്ച സീ ന്യൂസ് റിപ്പോര്‍ട്ടറെ രാഹുല്‍ വെള്ളം കുടിപ്പിച്ചതുതന്നെ ഇതിനുദാഹരണം. ഇപ്പോഴിതാ ബിജെപിയ്ക്കും മോദിയ്ക്കുമെതിരെ കരുത്തുറ്റ പുതിയ ആരോപണങ്ങളുമായി രാഹുല്‍ രംഗത്തെത്തിയിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വപ്ന വ്യാപാരിയാണെന്നും 2030ല്‍ ചന്ദ്രനെ ഇന്ത്യയിലെത്തിക്കുമെന്ന് അദ്ദേഹം വാഗ്ദാനം നടത്തിയാല്‍ അത്ഭുതപ്പെടാനില്ലെന്നുമാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞുവച്ചിരിക്കുന്നത്. ഗുജറാത്ത് പര്യടനത്തിനിടെയായിരുന്നു മോദിക്കെതിരെ രാഹുല്‍ ആഞ്ഞടിച്ചത്.

രാഹുല്‍ പറയുന്നതിങ്ങനെ ‘ഇന്നല മോദിജി ഒരു വാഗ്ദാനം നടത്തിയതായി അറിയാന്‍ കഴിഞ്ഞു. 2022ല്‍ ഗുജറാത്തിനെ ദാരിദ്രമുക്തമാക്കുമെന്നാണ് ആ വാഗ്ദാനം. കഴിഞ്ഞ 22 വര്‍ഷം ഗുജറാത്തില്‍ അധികാരത്തിലിരുന്ന മനുഷ്യന്‍ തന്നെയാണ് ഈ പറയുന്നത്. അദ്ദേഹം അടുത്തതായി എന്ത് പറയുമെന്ന് ഞാന്‍ പറയാം. 2025 ഓടെ എല്ലാ ഗുജറാത്തികളെയും അദ്ദേഹം ചന്ദ്രനിലെത്തിക്കും. 2028നകം എല്ലാ ഗുജറാത്തുകാര്‍ക്കും ചന്ദ്രനില്‍ വീട് നല്‍കും. 2030 ആകുമ്പോഴേക്കും മോദിജി ചന്ദ്രനെ ഇന്ത്യയിലെത്തിക്കും – കാണികളുടെ പൊട്ടിച്ചിരിക്കിടെ രാഹുല്‍ പറഞ്ഞു.

പര്യടനം മധ്യ ഗുജറാത്തിലേക്ക് കടന്നപ്പോള്‍ പ്രധാനമന്ത്രി മോദിക്കും ബിജെപി അധ്യക്ഷന്‍ അമിത്ഷായ്ക്കും എതിരെ കടുത്ത വിമര്‍ശമാണ് രാഹുല്‍ അഴിച്ചുവിട്ടത്. അമിത് ഷായുടെ മകന്റെ കമ്പനിയെ ചുറ്റിപ്പറ്റിയുള്ള വിവാദവും രാഹുല്‍ അതിശക്തമായി ഉയര്‍ത്തി കാട്ടുകയുണ്ടായി. വാക്കുകള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ രാഹുല്‍ ഗാന്ധി പഠിച്ചെന്നാണ് ചില മാധ്യമങ്ങള്‍ ഇതേക്കുറിച്ച് അഭിപ്രായപ്പെടുന്നത്.

 

Related posts