യാത്രക്കാരുടെ ശ്രദ്ധയ്ക്ക്..!യാത്രക്കാര്‍ക്ക് സൗകര്യമായി റെയില്‍വേയുടെ നടപടി; ഒഴിവുള്ള സീറ്റുകളില്‍ 15 മിനിറ്റ് മുമ്പും റിസര്‍വേഷന്‍ പ്രാബല്യത്തില്‍

l-trainതൃശൂര്‍: യാത്ര പുറപ്പെട്ടതിനുശേഷം ട്രെയിനുകളിലെ ഒഴിവുള്ള സീറ്റുകളില്‍ റിസര്‍വേഷന്‍ ലഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതോടെ നൂറുകണക്കിന് യാത്രക്കാര്‍ക്ക് ആശ്വാസമാകുന്നു. ട്രെയിന്‍ യാത്ര തുടങ്ങുമ്പോള്‍ ഒഴിവുള്ള സീറ്റുകള്‍ തൊട്ടടുത്ത സ്‌റ്റേഷനിലേക്ക് കൈമാറുന്ന നടപടിയാണ് പ്രാവര്‍ത്തികമായിരി ക്കുന്നത്. ഇതോടെ വെയ്റ്റിംഗ് ലിസ്റ്റിലുള്ളവര്‍ക്ക് സീറ്റ് ഉറപ്പാക്കാനാകും.

ഇതു കഴിഞ്ഞ് ബാക്കി വരുന്ന സീറ്റുകളില്‍ പുറമെയുള്ളവര്‍ക്കും ടിക്കറ്റ് ലഭ്യമാകും. ഇങ്ങനെ പതിനഞ്ച് മിനിറ്റ് മുമ്പുവരെ റിസര്‍വേഷന്‍ എടുക്കാം. റെയില്‍വേയുടെ ഭാഷയില്‍ ആദ്യത്തെ പൂള്‍ ക്വാട്ടയില്‍ നിന്നും തൊട്ടടുത്ത പൂള്‍ ക്വാട്ടയിലേക്ക്, തുടര്‍ന്ന് അടുത്ത പൂള്‍ ക്വാട്ടയിലേക്ക് എന്നിങ്ങനെയാണ് ഇപ്പോള്‍ ഒഴിവുള്ള സീറ്റുകള്‍ കൈമാറുന്നത്. കേരളത്തില്‍ നിന്നും പുറപ്പെടുന്ന മിക്കവാറും ട്രെയിനുകള്‍ക്ക് തിരുവനന്തപുരം മുതല്‍ എറണാകുളം വരെ തിരുവനന്തപുരം പൂള്‍ ക്വാട്ടയും, എറണാകുളം മുതല്‍ പാലക്കാട് വരെ എറണാകുളം പൂള്‍ ക്വാട്ടയും തുടര്‍ന്ന പാലക്കാട് പൂള്‍ ക്വാട്ടയുമാണ് സാധാരണ നിലവിലുള്ളത്.

ഇപ്പോഴുള്ള സമ്പ്രദായമനുസരിച്ച് ട്രെയിന്‍ പുറപ്പെടുന്നതിന് നാലുമണിക്കൂര്‍ മുമ്പ് ചാര്‍ട്ട് തയ്യാറാക്കുമ്പോല്‍ തിരുവനന്തപുരം പൂള്‍ ക്വാട്ടയില്‍ ഒഴിവുണ്ടെങ്കിലും അത് എറണാകുളം പൂള്‍ ക്വാട്ടയിലെ വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുള്ളയാള്‍ക്ക് ലഭ്യമായിരുന്നില്ല. ടിടിഇമാര്‍ ആവശ്യാനുസരണം തങ്ങളോട് ചോദിക്കുന്നവര്‍ക്ക് വഴിയില്‍ യാത്രക്കാര്‍ക്ക് നല്‍കുകയാണ് ചെയ്തിരുന്നത്.

പുതിയ സമ്പ്രദായമനുസരിച്ച് ചാര്‍ച്ച് തയ്യാറാക്കുമ്പോള്‍ തിരുവനന്തപുരം ക്വാട്ടയില്‍ ഒഴിവുള്ള സീറ്റുകള്‍ എറണാകുളം പൂള്‍ ക്വാട്ടയിലേക്ക് കൈമാറുന്നു. ഉടന്‍ തന്നെ എറണാകുളം ക്വാട്ടയിലെ വെയ്റ്റിംഗ് ലിസ്റ്റുകാര്‍ക്ക് ടിക്കറ്റ് ഉറപ്പാക്കുന്നു. പിന്നെയും സീറ്റ് ഒഴിവുണ്ടെങ്കില്‍ ട്രെയിന്‍  എറണാകുളത്തെത്തുന്നതിനു പതിനഞ്ച് മിനിറ്റ് മുമ്പ് വരെ റിസര്‍വേഷന്‍ കൗണ്ടറില്‍ നിന്നും തത്സമയ റിസര്‍വേഷന്‍ ടിക്കറ്റുകള്‍ ലഭ്യമാകും. എറണാകുളം ക്വാട്ടയിലുള്‍പ്പെടുന്ന തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലും ഈ സൗകര്യം ലഭ്യമായി തുടങ്ങി.

ഇതനുസരിച്ച് തൃശൂരിലിപ്പോള്‍ ഏറ്റവും കൂടുതല്‍ സീറ്റ് കിട്ടുന്നത് കണ്ണൂര്‍-തിരുവനന്തപുരം, കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസികള്‍ക്കാണ്. രാവിലെയും ഉച്ചകഴിഞ്ഞും തിരുവനന്തപുരം ഭാഗത്തേക്ക് യാത്ര ചെയ്യേണ്ടവര്‍ക്ക ഇപ്പോള്‍ ട്രെയിന്‍ വരുന്നതിന് പതിനഞ്ച് മിനിറ്റ് മുമ്പുവരെ റിസര്‍വേഷന്‍ കേന്ദ്രത്തില്‍ നിന്നും ടിക്കറ്റുകള്‍ ലഭിക്കുന്നുണ്ട്. റെയില്‍വേ ബാര്‍ഡിന്റെ ഉത്തരവനുസരിച്ച് എല്ലാ ട്രെയിനുകള്‍ക്കും ഈ സമ്പ്രദായം നടപ്പിലായതോടെ കൂടുതല്‍ ആവശ്യക്കാര്‍ക്ക് ടിക്കറ്റുകല്‍ നല്‍കാന്‍ സാധിക്കുന്നതായി റിസര്‍വേഷന്‍ ജീവനക്കാര്‍ പറഞ്ഞു.

തിരുവനന്തപുരം ഡിവിഷന്‍ പരിധിയിലെ അവസാന പ്രധാന സ്റ്റേഷനെന്ന നിലയില്‍ ഈ സൗകര്യം ഫലപ്രദമായി ലഭിക്കുന്നതിന് തൃശൂരിന് റിമോട്ട് ചാര്‍ട്ടിംഗ് ലൊക്കേഷന്‍ എന്ന സൗകര്യം നല്‍കി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന തത്സമയ റിസര്‍വേഷന്‍ കൗണ്ടര്‍ പ്രവര്‍ത്തനമാരംഭിക്കണമെന്ന് തൃശൂര്‍ റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി.കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടു.

Related posts