ശാന്തസമുദ്രത്തില്‍ രൂപപ്പെട്ട ഷന്‍ഗന്‍, യാഗി ചുഴലിക്കാറ്റുകള്‍ കേരളത്തിലെ മഴയെ സ്വാധീനിച്ചു! പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തിയും കനത്ത മഴയ്ക്ക് കാരണമായി; പെരുമഴയ്ക്ക് ശാസ്ത്രം നല്‍കുന്ന വിശദീകരണം ഇങ്ങനെ

കേരളത്തില്‍ കാലവര്‍ഷക്കെടുതിയും അതിനോടനുബന്ധിച്ച ദുരന്തങ്ങളും തെല്ലും ശമനമില്ലാതെ തുടരുകയാണ്. സംസ്ഥാനത്ത് അങ്ങോളമിങ്ങോളുള്ള ജനങ്ങള്‍ മഴക്കെടുതികളുടെ വിവിധ ഭാവങ്ങള്‍ നേരിട്ടനുഭവിച്ചുകഴിഞ്ഞിരിക്കുന്നു. എന്തുകൊണ്ടാണ് വര്‍ഷങ്ങള്‍ക്കുശേഷം കേരളത്തില്‍ ഇത്തവണ ഇത്രയും മഴ എന്നതാണ് ജനങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്.

ഇത്തവണത്തെ അതിതീവ്ര മഴയ്ക്ക് പ്രധാനായും മൂന്ന് കാരണങ്ങളാണുള്ളത്. അതിലൊന്നാണ് ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡീഷ തീരത്തു രൂപപ്പെട്ടു കരയിലേക്കു കയറിയ ന്യൂനമര്‍ദം. ശാന്തസമുദ്രത്തില്‍ രൂപപ്പെട്ട ഷന്‍ഷന്‍, യാഗി എന്നീ പേരുകളുള്ള രണ്ടു ചുഴലിക്കാറ്റുകളും കേരളത്തിലെ മഴയെ സ്വാധീനിച്ചിട്ടുണ്ടെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറയുന്നു.

കനത്ത മഴദിവസങ്ങള്‍ക്കിടയിലെ പതിവ് ഇടവേളകള്‍ വന്‍തോതില്‍ കുറഞ്ഞതും മഴവെള്ളം ഭൂമിയിലേക്ക് താഴാത്തതുമാണ് വെള്ളപ്പൊക്കത്തിനും ഡാമുകളിലെ ജലനിരപ്പ് ഉയരാനും ഇടയാക്കിയത്. കേരളത്തിലാകെ ജൂണ്‍ മുതല്‍ ഓഗസ്റ്റ് ആദ്യ ആഴ്ച വരെ പതിവിലും 15 ശതമാനം അധികം മഴയാണ് ലഭിച്ചത്.

ബംഗാള്‍ ഉള്‍ക്കടലില്‍ തുടരെത്തുടരെയുണ്ടാകുന്ന ന്യൂനമര്‍ദങ്ങള്‍ മൂലം കേരളതീരത്ത് പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തി കൂടുന്നതാണ് ഇടവേളകളില്ലാതെ കനത്ത മഴ പെയ്യുന്നതിനു കാരണമാകുന്നത്. ഈ കാറ്റ് മലയോര മേഖലകളില്‍ എത്തുന്നതോടെ മഴ കനക്കുന്നു. ഇതിനെല്ലാം പുറമേ കനത്തമഴ തുടര്‍ച്ചയായി പെയ്യുന്നതാണ് ഇത്തവണ വെള്ളപ്പൊക്കത്തിനുള്ള പ്രധാന കാരണം. രണ്ടു മഴപ്പെയ്ത്തുകള്‍ക്കിടയിലെ പതിവ് ഇടവേള ഇത്തവണ ഇല്ലാതായി. മഴയുടെ തീവ്രതയും കൂടിയിട്ടുണ്ട്.

Related posts