ആനവണ്ടി കട്ടപ്പുറത്താകില്ല! രാജമാണിക്യത്തിന് പാര പണിയാന്‍ ശ്രമിച്ച മൂന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരെയും മാറ്റി; രാജമാണിക്യം ‘മുത്ത്’ ആണെന്ന് സര്‍ക്കാര്‍

raja600തിരുവനന്തപുരം: ആനവണ്ടിയെ കട്ടപ്പുറത്താക്കാന്‍ തുനിഞ്ഞിറങ്ങിയവര്‍ക്ക് സര്‍ക്കാര്‍ വക എട്ടിന്റെ പണി. ഇതോടെ എംഡി സ്ഥാനത്തു നിന്നും രാജമാണിക്യം ഒഴിയില്ലയെന്നും തീര്‍ച്ചയായി. ഇതോടെ തനിക്ക് കെ എസ് ആര്‍ ടി സിയെ മുന്നോട്ട് നയിക്കാനാകുമെന്ന പ്രതീക്ഷ രാജമാണിക്യത്തിന് എത്തുകയാണ്. അതുകൊണ്ട് തന്നെ കെഎസ്ആര്‍ടിസിയുടെ തലപ്പത്ത് ഈ ഐഎഎസ് ഉദ്യോഗസ്ഥന്‍ തുടരണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹം. കടക്കെണിയില്‍ നിന്നു കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ ഭരണസംവിധാനത്തില്‍ വന്‍ അഴിച്ചുപണിക്ക് സര്‍ക്കാര്‍ സമ്മതിച്ചത് രാജമാണിക്യത്തിന്റെ സമ്മര്‍ദ്ദ ഫലമാണ്.

ഉന്നത പദവികളില്‍ പ്രഫഷണല്‍ യോഗ്യതയുള്ളവരെ പുറത്തുനിന്നു കണ്ടെത്തി നിയമിക്കാന്‍ ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി തലവനായി വിദഗ്ധസമിതിയെ സര്‍ക്കാര്‍ നിയമിച്ചു. തിരുവനന്തപുരത്തു ജോലി ചെയ്യുന്ന മൂന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരെ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം മേഖലാ തലവന്മാരാക്കി. ഇവരെ തിരുവനന്തപുരത്ത് നിന്ന് മാറ്റണമെന്നും പ്രൊഫഷണലുകളെ നിയമിക്കണമെന്നും മുമ്പ് രാജമാണിക്യം ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ രാഷ്ട്രീയക്കാരുടെ പിന്‍ബലത്തില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ രാജമാണിക്യത്തെ പുകച്ച് പുറത്തു ചാടിക്കാനാണ് ശ്രമിച്ചത്.

ടെക്‌നിക്കല്‍, ഫിനാന്‍സ് വകുപ്പുകളില്‍ പുതിയ ജനറല്‍ മാനേജര്‍മാരെയും ധനകാര്യവിഭാഗത്തെ ശക്തിപ്പെടുത്താന്‍ രണ്ടു ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരെയും നിയമിക്കും. ഉന്നതപദവികളില്‍ സ്ഥാനക്കയറ്റവും ഡപ്യൂട്ടേഷനും നല്‍കുന്ന പതിവ് അവസാനിപ്പിച്ച് എല്ലാ നിയമനവും പുറത്തുനിന്നാക്കി. കെഎസ്ആര്‍ടിസി നവീകരണത്തിനായി സര്‍ക്കാര്‍ നിയോഗിച്ച സുശീല്‍ ഖന്ന റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണു നടപടി. ഈ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന രാജമാണിക്യത്തിന്റെ ആവശ്യം അംഗീകരിച്ചതോടെ കൂടുതല്‍ നവീകരണത്തിന് സാധ്യത തെളിയുകയാണ്. നേരത്തെ എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ട നടപടി സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു. ഇതോടെയാണ് സ്ഥാനം ഒഴിയാന്‍ രാജമാണിക്യം സന്നദ്ധത അറിയിച്ചത്.

അഡ്മിനിസ്‌ട്രേഷന്‍, ഓപ്പറേഷന്‍സ്, ടെക്‌നിക്കല്‍ വിഭാഗത്തിന്റെ ചുമതലയുള്ള എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരെയാണു മേഖലാ തലവന്മാരാക്കിയത്. എംബിഎയും 10 വര്‍ഷത്തെ പ്രവര്‍ത്തനപരിചയമുള്ളവരെയാണ് അഡ്മിനിസ്‌ട്രേഷന്‍, ഓപ്പറേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായി പരിഗണിക്കുക. ടെക്‌നിക്കല്‍ വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടറാകാന്‍ ബിടെക്കും എംബിഎയും 10 വര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം. ടെക്‌നിക്കല്‍, ഫിനാന്‍സ് വകുപ്പുകളിലാണു ജനറല്‍ മാനേജര്‍മാരെ നിയമിക്കുന്നത്.എബിഎ, ബിടെക് എന്നിവയ്‌ക്കൊപ്പം 15 വര്‍ഷത്തെ ജോലി പരിചയമാണു യോഗ്യത. പരിതാപകരമായ അവസ്ഥയിലായിരിക്കുന്ന  കോര്‍പറേഷന്റെ ധനകാര്യ, അക്കൗണ്ട്‌സ് വിഭാഗങ്ങളില്‍ മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണു രണ്ടു ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരെ നിയമിക്കുന്നത്.

ധനവകുപ്പ് മേധാവിക്കു പുറമെ ഗതാഗതവകുപ്പ് സെക്രട്ടറി, ഐടി സെക്രട്ടറി, കെഎസ്ആര്‍ടിസി സിഎംഡി, കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ്, തിരുവനന്തപുരം എന്‍ജിനീയറിങ് കോളജ് എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ വിദഗ്ധരെയും തിരഞ്ഞെടുപ്പു സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കെഎസ്ആര്‍ടിസിയ്ക്ക് പുതുജീവന്‍ പകരുന്ന നടപടികളുമായി മുന്നോട്ടു പോകുന്ന രാജമാണിക്യത്തിന് എല്ലാവിധ പിന്തുണയും നല്‍കാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

Related posts