ഒരു പെണ്‍കുട്ടി ജനിക്കുമ്പോള്‍ 111 വൃക്ഷങ്ങളും ജനിക്കും! മകളെ വളര്‍ത്തുന്നതോടൊപ്പം മാതാപിതാക്കള്‍ വൃക്ഷങ്ങളെയും വളര്‍ത്തണം; രാജസ്ഥാനിലെ ഗ്രാമത്തില്‍ പെണ്‍കുഞ്ഞുങ്ങളുടെ ജനനം അനുഗ്രഹമാകുന്നതിങ്ങനെ

പെണ്‍കുഞ്ഞുങ്ങള്‍ ജനിക്കുന്നത് ഭാരമായും ബാധ്യതയായും കണക്കാക്കുന്നവരാണ് ഇന്ത്യക്കാര്‍ എന്ന് പൊതുവേ ഒരു ചിന്തയുണ്ട്. പെണ്‍ഭ്രൂണഹത്യകളുടെ വര്‍ധനവ് ഈ ചിന്താഗതിക്ക് ആക്കം കൂട്ടുന്നു. എന്നാല്‍ രാജസ്ഥാനിലെ ഒരു ഗ്രാമത്തിലുള്ളവര്‍ക്ക് പെണ്‍കുഞ്ഞുങ്ങളുടെ ജനനം ആഘോഷമാണ്. വെറും ആഘോഷമല്ല, പ്രകൃതിയോട് ചേര്‍ന്നുള്ള ആഘോഷം. ഓരോ കുട്ടി ജനിക്കുമ്പോഴും 111 വൃക്ഷങ്ങളാണ് നാട്ടുകാര്‍ നടുന്നത്. കുഞ്ഞിനൊപ്പം അഭിമാനത്തോടെ ആ വൃക്ഷങ്ങളും വളരണമെന്നാണ് ഇവര്‍ പറയുന്നത്. മകളെ നോക്കുന്നതിനൊപ്പം കുടുംബക്കാര്‍ ഈ വൃക്ഷങ്ങളെയും പരിപാലിക്കണം.

രാജസ്ഥാനിലെ പിപ്ലാന്തിയാണ് ലോകശ്രദ്ധ നേടിയ ഈ ഗ്രാമം. 12 വര്‍ഷമായി ഗ്രാമീണര്‍ ഈ പതിവ് തുടരുകയാണ്. മുന്‍ ഗ്രാമമുഖ്യനായിരുന്ന ശ്യം സുന്ദര്‍ പലിവാലാണ് ഈ പതിവ് തുടങ്ങി വെച്ചത്. ചെറു പ്രായത്തില്‍ മരിച്ചു പോയ തന്റെ മകളുടെ ഓര്‍മ്മയ്ക്കായാണ് അദ്ദേഹം ഇത് ചെയ്തത്. പിന്നീട് ഓരോ പെണ്‍കുട്ടികളുടെയും ജനനം ആഘോഷമാക്കാനുമായി തുടരുകയായിരുന്നു. പെണ്‍കുഞ്ഞുങ്ങളുടെ ക്ഷേമത്തിനായി മറ്റനവധി പദ്ധതികളുമുണ്ടിവിടെ. പെണ്‍കുഞ്ഞ് ജനിക്കുമ്പോള്‍ ഗ്രാമവാസികളെല്ലാം ചേര്‍ന്ന് 31000 രൂപ സമാഹരിക്കും ഇതിന്റെ മൂന്നിലൊന്നായ 10300 രൂപ കുട്ടിയുടെ വീട്ടുകാര്‍ നല്‍കണം.

ഈ തുക കുഞ്ഞിന്റെ പേരില്‍ അടുത്ത 20 വര്‍ഷത്തേയ്ക്ക് നിക്ഷേപിക്കും. അതിനാല്‍ പിന്നീട് മകളുടെ കാര്യമോര്‍ത്ത് മാതാപിതാക്കള്‍ കഷ്ടപ്പെടേണ്ടി വരില്ല. ഇതിലുമൊക്കെ പ്രധാനമായി ബാലവിവാഹം പൂര്‍ണ്ണമായും തുടച്ചു മാറ്റിയിരിക്കുന്ന ഗ്രാമമാണ് പിപ്ലാന്തി. കുഞ്ഞ് ജനിക്കുമ്പോള്‍ തന്നെ 18 വയസ്സു കഴിയാതെ വിവാഹം കഴിപ്പിക്കില്ലെന്നും നല്ല വിദ്യാഭ്യാസം നല്‍കുമെന്നും മാതാപിതാക്കള്‍ നിയമപരമായി എഴുതി ഒപ്പിട്ട് നല്‍കണം.

ഏകദേശം രണ്ടര ലക്ഷത്തോളം വൃക്ഷങ്ങള്‍ ഇതുവരെ ഗ്രാമീണര്‍ നട്ടു പിടിപ്പിച്ച് പരിപാലിച്ച് പോരുന്നു. സന്തോഷവതികളായ പെണ്‍കുട്ടികള്‍ക്കൊപ്പം പച്ചപ്പ് നിറഞ്ഞ സുന്ദരമായ ഗ്രാമത്തെ സൃഷ്്ടിച്ചെടുക്കാനും ഇതിലൂടെ സാധിച്ചു. രാജ്യാന്തര മാധ്യമങ്ങള്‍ വരെ ഇന്ത്യയിലെ ഈ മാതൃക ഗ്രാമത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

 

Related posts