പി ശശി സിപിഎമ്മിലേക്ക് തിരിച്ചു വരുന്നു; ലൈംഗികാരോപണക്കേസില്‍ ശശിക്കെതിരേ പരാതി നല്‍കിയ ഡിവൈഎഫ്‌ഐ നേതാവിനെ പുറത്താക്കി; കണ്ണൂര്‍ രാഷ്ട്രീയത്തില്‍ പുതിയ ചലനങ്ങള്‍ സൃഷ്ടിക്കുമോ ഈ തിരിച്ചുവരവ്…

കണ്ണൂര്‍ : ലൈംഗികാരോപണത്തെത്തുടര്‍ന്ന് പുറത്താക്കപ്പെട്ട മുന്‍ ജില്ലാ സെക്രട്ടറി പി. ശശി സിപിഎമ്മിലേക്ക് തിരിച്ചു വരുന്നു. ശശിയെ തിരിച്ചെടുക്കാന്‍ സിപിഎം സംസ്ഥാന സമിതി എടുത്ത തീരുമാനം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ കഴിഞ്ഞമാസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞദിവസം തലശേരി ഏരിയ കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തശേഷം ഏരിയാ കമ്മറ്റി അംഗത്വത്തിന് ശിപാര്‍ശ ചെയ്തതോടെ ഏഴു വര്‍ഷത്തിനുശേഷം പി. ശശി തത്വത്തില്‍ പാര്‍ട്ടിയുടെ ഭാഗമായി.

അധികം പ്രാധാന്യം കൊടുക്കാതെ സാവകാശം ശശിയെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് പാര്‍ട്ടി നീക്കം. കാരായിമാര്‍ അകത്തായതോടെ പാര്‍ട്ടികോട്ടയായ തലശേരിമേഖലയില്‍ നേതൃഅഭാവം സിപിഎം. നേരിടുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അനുഭവസമ്പത്തും ജനകീയ അടിത്തറയുമുള്ളവരെ തിരികെയെത്തിക്കാനാണ് സിപിഎം തീരുമാനം. ശശിയുടെ മടങ്ങിവരവ് പാര്‍ട്ടിയില്‍ പല മാറ്റങ്ങള്‍ക്കും വഴിവെച്ചേക്കുമെന്നാണ് സൂചന. മുഖ്യമന്ത്രി പിണറായിയും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുന്‍കൈയെടുത്താണു ശശിയുടെ മടങ്ങിവരവെന്നും സൂചനയുണ്ട്. മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ആയിരുന്ന ശശി ലൈംഗിക ആരോപണങ്ങളെത്തുടര്‍ന്നു പാര്‍ട്ടിയില്‍നിന്നു പുറത്താകുമ്പോള്‍ സി.പി.എം സംസ്ഥാന സമിതി അംഗവും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായിരുന്നു.

2011 ജൂലൈയിലാണ് ശശിയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുന്നത്. ഇതേത്തുടര്‍ന്ന് അഭിഭാഷക ജോലി പുനരാരംഭിച്ച ശശി പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും പ്രതിയായ നിരവധി കേസുകളുടെ വക്കാലത്ത് ഏറ്റെടുക്കുകയും ചെയ്തിരുന്നു. ടി.പി ചന്ദ്രശേഖരന്‍ വധക്കേസ്, കതിരൂര്‍ മനോജ് വധക്കേസ് തുടങ്ങി നിരവധി കേസുകളില്‍ ശശി പാര്‍ട്ടിക്ക് വേണ്ടി കോടതിയില്‍ ഹാജരായി. മൂന്നു വര്‍ഷം മുമ്പ് സി.പി.എം അനുകൂല അഭിഭാഷക സംഘടനയുടെ ജില്ലാ കമ്മിറ്റിയിലും ശശിയെ ഉള്‍പ്പെടുത്തിയിരുന്നു.

ശശിക്കെതിരെ പരാതി നല്‍കിയ കണ്ണൂരിലെ പ്രമുഖ നേതാക്കളില്‍ രണ്ടു പേരും പിന്നീട് പാര്‍ട്ടി നടപടിക്ക് ഇരയായി. ആദ്യം പരാതി നല്‍കിയ കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറിയായിരുന്ന മുന്‍ എം.എല്‍.എ സി.കെ.പി. പത്മനാഭനെ സാമ്പത്തിക തിരിമറിയുടെ പേരില്‍ സംസ്ഥാന സമിതിയില്‍നിന്ന് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി. കഴിഞ്ഞ സമ്മേളനകാലത്ത് ഇദ്ദേഹം മാടായി ഏരിയാ കമ്മറ്റിയിലേക്ക് തിരിച്ചെത്തി. പരാതി നല്‍കിയ ഡി.വൈ.എഫ്.ഐ നേതാവാകട്ടെ പാര്‍ട്ടിയില്‍നിന്ന്തന്നെ പുറത്താവുകയും ചെയ്തു. ശശിയെ പാര്‍ട്ടിയിലേക്ക് തിരികെയെത്തിക്കുന്നതിന് മുന്നോടിയായി സി.കെ.പി. പത്മനാഭന് ലോറിത്തൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡന്റ് സ്ഥാനവും നല്‍കി. എന്തായാലും ശശിയുടെ തിരിച്ചുവരവ് കണ്ണൂരില്‍ പി. ജയരാജന്റെ അപ്രമാദിത്വത്തിന് വെല്ലുവിളിയാവുമോയെന്നാണ് ഏവരും ഉറ്റു നോക്കുന്നത്.

Related posts