മലയാളിയോട് ഏതാനും സമത്വവാദികള്‍ ചോദിക്കുന്നു! മേഗന്‍ മെര്‍ക്കിളും റിമ കല്ലിങ്കലും പറഞ്ഞത് ഒരേ കാര്യം തന്നെയല്ലേ; പിന്നെന്തുകൊണ്ട് ഒരാള്‍ക്ക് അഭിനന്ദനവും മറ്റൊരാള്‍ക്ക് പരിഹാസവും

പ്രായം ഒന്ന്, തൊഴില്‍ ഒന്ന്, വെളിപ്പെടുത്തിയ അനുഭവങ്ങള്‍ സമാനം, പറഞ്ഞ കാര്യങ്ങള്‍ ഒരേ ആശയത്തെ സൂചിപ്പിക്കുന്നത്, എന്തിനേറെ, സമാനതകളുള്ള സ്്‌റ്റേജില്‍ ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയപ്പോള്‍ ധരിച്ചിരുന്ന വസ്ത്രത്തിന്റെ നിറം പോലും ഒന്ന്. പക്ഷേ രണ്ടുപേരും പറഞ്ഞത്, രണ്ട് രീതിയിലാണ് ആളുകള്‍ സ്വീകരിച്ചതെന്ന് മാത്രം. പറഞ്ഞുവരുന്നത്, മലയാളത്തിന്റൈ പ്രിയ നടി റിമ കല്ലിങ്കലിനെയും ഇക്കഴിഞ്ഞ ദിവസം ബ്രിട്ടനില്‍ ഹാരി രാജകുമാരന്റെ ഭാര്യയായ മേഗന്‍ മെര്‍ക്കിളിനെയും കുറിച്ചാണ്.

രണ്ടുപേരും തമ്മില്‍ ചില സമാനതകളുണ്ട്. രണ്ടുപേരും സ്ത്രീപക്ഷവാദികളെന്ന് സ്വയം പ്രഖ്യാപിച്ചവര്‍, തുല്യതയ്ക്കുവേണ്ടി വാദിക്കുന്നവര്‍, നടിമാര്‍… തുടങ്ങി പലതും. എന്നാല്‍ മേഗനും റിമയും രണ്ടിടങ്ങളില്‍ പറഞ്ഞ ഒരേ കാര്യങ്ങള്‍ സ്വീകരിക്കപ്പെട്ടത് രണ്ട് രീതിയിലാണെന്ന് മാത്രം.

ഹാരി -മേഗന്‍ വിവാഹം കഴിഞ്ഞതുമുതല്‍ മേഗനെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ അറിയുന്നതിന്റെ തിരക്കിലായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ ആളുകള്‍. മേഗന്റേതായി പല വീഡിയോകളും പ്രചരിക്കുകയും ചെയ്തിരുന്നു. യു.എന്‍ വക്താവായിരുന്ന മേഗന്‍ 2015ലെ വേള്‍ഡ് വിമന്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കുന്ന വീഡിയോയും അക്കൂട്ടത്തിലുണ്ടായിരുന്നു. അതില്‍ മേഗന്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഇങ്ങനെ…

എനിക്ക് പതിനൊന്ന് വയസുള്ളപ്പോള്‍, സ്‌കൂളില്‍ പഠിക്കുമ്പോള്‍ കാണാനിടവന്ന ഒരു ടെലിവിഷന്‍ പരിപാടിയാണ് എന്നെ ഫെമിനിസ്റ്റാക്കിയത്. ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ഒന്നിച്ച് ടിവി കാണുന്ന പതുവുണ്ടായിരുന്നു. അതില്‍ ഒരു പരസ്യം വന്നു. ഒരു ടാഗ് ലൈനോടുകൂടിയാണ് ഡിഷ് വാഷ് ലിക്വിഡിന്റെ പരസ്യം വന്നത്. അമേരിക്കയില്‍ എമ്പാടുമുള്ള സ്ത്രീകള്‍ വഴുവഴുത്ത പാത്രങ്ങളോടും പാനുകളോടും പൊരുതുകയാണ് എന്നായിരുന്നു ആ ടാഗ്ലൈന്‍.

എന്റെ ക്ലാസിലെ രണ്ടു ആണ്‍കുട്ടികള്‍ പറഞ്ഞു. ശരിയാണ്, സ്ത്രീകള്‍ അടുക്കളയിലാണ് നില്‍ക്കേണ്ടത്. ഞാന്‍ ഞെട്ടിയതും എനിക്ക് ദേഷ്യം വന്നതും ഞാനിപ്പോഴും ഓര്ക്കുന്നുണ്ട്. ഞാന്‍ വീട്ടില്‍ ചെന്നു അച്ഛനോട് സംഭവിച്ച കാര്യങ്ങള്‍ പറഞ്ഞു. അദ്ദേഹം കത്തുകളയക്കാന്‍ പറഞ്ഞ് എന്നെ പ്രോത്സാഹിപ്പിച്ചു. ഏറ്റവും ശക്തരെന്ന്, അധികാരമുള്ളവരെന്ന് തോന്നിയവര്‍ക്കെല്ലാം ഞാന്‍ കത്തുകള്‍ അയച്ചു.

അന്നത്തെ അമേരിക്കന്‍ പ്രഥമ വനിതയായിരുന്ന ഹിലരി ക്ലിന്റണ്‍, കുട്ടികളുടെ ന്യൂസ് പരിപാടി അവതരിപ്പിച്ചിരുന്ന ലിന്‍ഡ് എല്ലെര്‍ബി, പവര്‍ഹൗസ് അറ്റോര്‍ണിയായിരുന്നു ഗ്ലോറിയ ആള്‍റെഡ് എന്നിവര്‍ക്കെല്ലാം കത്തുകള്‍ അയച്ചു. ഏറ്റവും ഒടുവിലായി സോപ്പ് ഉല്പാദകര്‍ക്കും. ആഴ്ചകള്‍ കടന്നുപോയി. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് എന്നെ പ്രോത്സാഹിപ്പിച്ച് ഹിലരിയുടെ കത്ത് വന്നു.

ഒരു മാസത്തിന് ശേഷം സോപ്പ് ഉല്പാദകര്‍ പ്രൊക്ടര്‍ ആന്‍ഡ് ഗാംബിള്‍ അവരുടെ ഡിഷ് വാഷ് ലിക്വിഡിന്റെ പരസ്യം മാറ്റി. അമേരിക്കയിലുളള സ്ത്രീകളെല്ലാവരും എന്നതിന് പകരമായി അമേരിക്കയിലുള്ള ആളുകളെല്ലാവരും എന്നായിരുന്നു മാറ്റം. അന്ന് മുതലാണ് ഞാനൊരു ഫെമിനിസ്റ്റായത്. മേഗന്‍ പറഞ്ഞു. മേഗന്റെ ആശയങ്ങളോട് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച്, 2015 ലെ പ്രസംഗം ഇപ്പോഴും സാമൂഹിക മാധ്യമങ്ങളില്‍ വലിയ രീതിയിലുള്ള അഭിനന്ദനങ്ങള്‍ നേടിക്കൊണ്ട് മുന്നേറുകയാണ്.

എന്നാല്‍ ഇതേ കാര്യം മറ്റൊരു അനുഭവത്തിലൂടെ മലയാളിയാ റിമ കല്ലിങ്കല്‍ പറഞ്ഞപ്പോള്‍ അവരെ നമ്മള്‍ മലയാളികള്‍ തന്നെ ട്രോളുകള്‍ കൊണ്ട് മൂടി. പന്ത്രണ്ടാം വയസില്‍ ഒരേ മേശയിലിരുന്ന് ഭക്ഷണം കഴിക്കവേ മീന്‍ വിളമ്പുന്നതില്‍ അമ്മ കാണിച്ച വിവേചനത്തെക്കുറിച്ചാണ് റിമ സംസാരിച്ചത്. മത്തി പൊരിച്ചതിന്റെ കഥ മാത്രം കേട്ട് അവരെ എല്ലാവരും പരിഹസിച്ചു. ഇതിലെ വിരോധാഭാസം എന്തെന്നാല്‍, ഇപ്പോള്‍ മേഗന്‍ മെര്‍ക്കിളിന്റെ വീഡിയോ ഇതേ മലയാളികള്‍ ആവേശപൂര്‍വ്വം സോഷ്യല്‍മീഡിയകളിലൂടെ ഷെയര്‍ ചെയ്യുകയും അവരെ പുകഴ്ത്തുകയും അവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നു എന്നതാണ്. റിമയെ മീന്‍കൊതിച്ചി എന്നുവിളിച്ച അതേ സമൂഹം. മാറേണ്ടതില്ലേ മലയാളി?

Related posts