അപ്പുണ്ണി പക്കാ പകല്‍ മാന്യന്‍ ! രാത്രിയാല്‍ പണി ക്വട്ടേഷനും സ്പിരിറ്റ് കള്ളക്കടത്തും; വീടിനു സമീപം തുടങ്ങിയ കട ‘കായംകുളം അപ്പുണ്ണി’യുടെ ജീവിതംതന്നെ മാറ്റിമറിച്ചു…

കായംകുളം: ആര്‍ജെ രാജേഷ് കൊലപാതകക്കേസില്‍ അറസ്റ്റിലായ അപ്പുണ്ണിയുടെ വളര്‍ച്ച ആരെയും അമ്പരപ്പിക്കുന്നത്. കൃഷ്ണപുരം ദേശത്തിനകം കളത്തില്‍ അപ്പുണ്ണി എന്ന ‘കായംകുളം അപ്പുണ്ണി’യെ ക്വട്ടേഷന്‍ സംഘത്തിന്റെ നേതൃനിരയിലെത്തിച്ചതു ഗുണ്ടകളുമായുള്ള അടുപ്പമാണ്. പിതാവ് വിജയന്റെ ഒരു കാല്‍ പ്രമേഹത്തെത്തുടര്‍ന്ന് മുറിച്ചു മാറ്റിയ ശേഷം ഉപജീവനത്തിനായി പഞ്ചായത്തിന്റെ സഹായത്തോടെ വീടിന് സമീപം കട തുടങ്ങിയിരുന്നു. കടയില്‍ രഹസ്യമായി മദ്യപിക്കാനെത്തിയ ലിജു ഉമ്മന്‍, വെറ്റ മുജീബ് തുടങ്ങിയ ഗുണ്ടകളുമായി അടുപ്പമായതു ക്വട്ടേഷന്‍ ലോകത്തേക്കുള്ള വഴി തുറന്നു. അപ്പുണ്ണിയുടെ വീടും കടയും വൈകാതെ ക്രിമിനലുകളുടെ താവളമായി.

മാവേലിക്കരയിലെ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന സണ്ണിയുടെ കൊലപാതകം, കായംകുളത്ത് ശര്‍ക്കര വ്യാപാരിയായ തേനി സ്വദേശി രാജേന്ദ്രസ്വാമിയുടെ കൊലപാതകം, കൊറ്റുകുളങ്ങരയില്‍ തട്ടുകടയ്ക്കുനേരേ ബോംബെറിഞ്ഞ് യുവാവിനെ വെട്ടിപ്പരുക്കേല്‍പിച്ച സംഭവം എന്നിവയില്‍ പ്രതിയായ ലിജു ഉമ്മനുമായുള്ള ബന്ധം ജീവിതം തന്നെ വഴിമാറ്റി. പിതാവിന്റെ മരണത്തോടെ കട നിര്‍ത്തി. ഇതിനിടെ വിവാഹിതനായെങ്കിലും ബന്ധം തുടര്‍ന്നില്ല. സ്പിരിറ്റ് ലോറികള്‍ക്ക് അകമ്പടി പോവുകയായിരുന്നു പ്രധാന ജോലി.

പകല്‍ മാന്യന്‍ എന്ന വിശേഷണത്തിന് എന്തുകൊണ്ടും അര്‍ഹനാണ് അപ്പുണ്ണി. പകല്‍ സൗമ്യനും രാത്രി ക്വട്ടേഷന്‍ നേതാവുമായുള്ള വളര്‍ച്ച തുടങ്ങുന്നതിവിടെയാണ്. കംപ്യൂട്ടര്‍ പരിജ്ഞാനമാണ് അപ്പുണ്ണിയെ താരമാക്കിയത്. അപ്പുണ്ണി സ്വന്തമായി ഗുണ്ടാ സംഘത്തെയും സൃഷ്ടിച്ചു. ഈ സംഘത്തിന്റെ പേരില്‍ കായംകുളം, മാവേലിക്കര, തൃക്കുന്നപ്പുഴ, നൂറനാട്, കുറത്തികാട് പോലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളുണ്ട്.

മാവേലിക്കര തെക്കേക്കരയില്‍ 2012 ല്‍ പ്രവീണ്‍ (കെന്നി) എന്ന യുവാവിനെ കൊന്ന കേസും ആറാട്ടുപുഴയില്‍ യുവാവിന്റെ െകെ വെട്ടിയ കേസുമാണ് അതില്‍ പ്രധാനം. കെന്നിയെ കൊലപ്പെടുത്തിയ കേസില്‍ കോടതി വെറുതെവിട്ടു. കാപ്പാ നിയമപ്രകാരവും അപ്പുണ്ണി അകത്തായിട്ടുണ്ട്. ബൈക്കുകളില്‍ കറങ്ങി രാത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത് അപ്പുണ്ണിയുടെയും സംഘത്തിന്റെയും ‘ഹോബി’യായിരുന്നു. ചില കേസുകളില്‍ ഹാജരാകാത്തതിനെത്തുടര്‍ന്നു കോടതി അറസ്റ്റ് വാറന്റ് ഇറക്കിയിരുന്നു.

വാറന്റിനെ തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണ് അപ്പുണ്ണി രണ്ടു വര്‍ഷമായി ഗള്‍ഫിലാണെന്നു പുറത്തുവന്നത്. റേഡിയോ ജോക്കിയായിരുന്ന രാജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അപ്പുണ്ണി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. കേസിലെ പ്രധാന പ്രതി ഓച്ചിറ സ്വദേശി അലിഭായിയുമായുള്ള ബന്ധമാണ് രാജേഷിന്റെ കൊലപാതകവുമായി അപ്പുണ്ണിയെ ബന്ധിപ്പിച്ചത്. ഏറ്റെടുത്ത ക്വട്ടേഷന്‍ പൂര്‍ത്തിയാക്കാനാണു നാട്ടിലെത്തിയത്.

ക്വട്ടേഷന്‍ സംഘം കായംകുളത്തുനിന്നു കാര്‍ വാടകയ്ക്കെടുത്തത് അപ്പുണ്ണിയുടെ ബന്ധം ഉപയോഗിച്ചാണ്. കൊലയ്ക്കു ശേഷം അപ്പുണ്ണി രാജ്യം വിട്ടെന്ന വ്യാപക പ്രചാരണമുണ്ടായിരുന്നു. അലിയുടെ അറസ്റ്റ് ഈ പ്രചാരണം പൊളിച്ചു. അലിയില്‍നിന്നു ലഭിച്ച സൂചനകളില്‍ പോലീസ് നടത്തിയ അന്വേഷണമാണു തമിഴ്നാട്ടില്‍ ഒളിവില്‍ കഴിഞ്ഞ അപ്പുണ്ണിയെ കുരുക്കിയത്. അപ്പുണ്ണിയുടെ അറസ്റ്റ് കായംകുളം ക്വട്ടേഷന്‍ ഗ്യാംഗിന് വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.

 

Related posts