മലയാളം പരിഭാഷ വായിച്ച് മനസിലാക്കിയിട്ട് സംസാരിക്കണം! ഉളിദവരു കണ്ടതെയ്ക്ക് വേണ്ടത്ര പരിഗണന ലഭിക്കാതെ പോയി എന്നാണുദ്ദേശിച്ചത്; നിവിന്‍പോളി ഫാന്‍സിന്റെ സൈബര്‍ ആക്രമണത്തെതുടര്‍ന്ന് വിശദീകരണവുമായി രൂപേഷ് പീതാംബരന്‍

നിവിന്‍ പോളിയെ നായകനാക്കി ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്ത റിച്ചി എന്ന ചിത്രത്തെ വിമര്‍ശിച്ച നടനും സംവിധായകനുമായ രൂപേഷ് പീതാംബരനെതിരെ സോഷ്യല്‍മീഡിയയില്‍ ആരോപണം ശക്തമായതിനെത്തുടര്‍ന്ന് വിശദീകരണം നല്‍കികൊണ്ട് രൂപേഷ് പീതാംബരന്‍ തന്നെ രംഗത്ത്. റിച്ചിയുടെ ഒറിജിനല്‍ ഉളിദവരു കണ്ടതെ എന്ന കന്നഡ ചിത്രത്തിനെ പ്രശംസിച്ചു കൊണ്ട് രൂപേഷ് ഇട്ട പോസ്റ്റാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഉളിദവരു കണ്ടതെ ഒരു മാസ്റ്റര്‍പ്പീസ് ആണെന്നും അതെങ്ങനെ വെറും ‘പീസ്’ ആയെന്ന് ചിന്തിക്കാന്‍ കഴിയുന്നില്ലെന്നും രൂപേഷ് പറഞ്ഞത് നിവിന്‍ പോളി ആരാധകര്‍ക്ക് പ്രകോപനപരമായി.

ഇതേത്തുടര്‍ന്ന് രൂപേഷിനെതിരെ സോഷ്യല്‍മീഡിയയില്‍ പ്രചരണങ്ങള്‍ തുടങ്ങി. അദ്ദേഹത്തെ മോശമായി ചിത്രീകരിക്കാനും ആക്ഷേപിക്കാനും വരെ ശ്രമമുണ്ടായി. ഈ സാഹചര്യത്തിലാണ് താന്‍ പറഞ്ഞ കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തികൊണ്ട് രൂപേഷ് നേരിട്ട് രംഗത്തെത്തിയിരിക്കുന്നത്. എന്റെ സുഹൃത്തിന്റെ ഒരു പഴയ വര്‍ക്കിനെ അഭിനന്ദിക്കുക എന്നത് മാത്രമായിരുന്നു തന്റെ ഉദ്ദേശമെന്ന് രൂപേഷ് പറയുന്നു. ഇംഗ്ലീഷ് കുറിപ്പിന്റെ തര്‍ജ്ജമയുടെ വോയ്‌സ് മെസേജ് ഫേസ്ബുക്കിലിട്ടാണ് രൂപേഷ് വിശദീകരിക്കുന്നത്. രക്ഷിത് ഷെട്ടി, ഞാന്‍ നിന്നെ അന്നും ഇന്നും എന്നും ബഹുമാനിക്കുന്നു. ഉളിദവരു കണ്ടതെ എന്ന ചിത്രം ഒരു മികച്ച ചിത്രമാണ്.

ഹൗ എ മാസ്റ്റര്‍ പീസ് ടേണ്‍ഡ് ഇന്‍ ടു എ പീസ്, എന്നത് കൊണ്ട് ഉദ്ദേശിച്ചത്, ഒരു കള്‍ട്ട് ക്ലാസിക് ചിത്രമെന്ന് വിശേഷിപ്പിക്കുന്ന ഉളിദവരു കണ്ടതെയ്ക്ക് വേണ്ടത്ര പരിഗണന ലഭിക്കാതെ പോയി എന്നാണ്. ഞാന്‍ എന്റെ ആത്മാര്‍ഥ സുഹൃത്തിന്റെ സിനിമയെ പ്രശംസിച്ചതാണ്. ഇപ്പോള്‍ ഇറങ്ങിയ സിനിമയെക്കുറിച്ചല്ല. എനിക്ക് അഭിപ്രായ സ്വാതന്ത്യമുണ്ട്- രൂപേഷ് പറയുന്നു. ചിത്രത്തിന്റെ നിര്‍മാതാക്കളായ ആനന്ദ് കുമാറും വിനോദ് ഷൊര്‍ണൂരും ഫോര്‍ യെസ് സിനിമ കമ്പനിയുടെ പേരില്‍ പ്രാഡ്യൂസേഴ്സ് അസോസിയേഷനില്‍ പരാതി പോലും നല്‍കിയിരുന്നു. രൂപേഷിന്റെ പ്രവൃത്തി സിനിമാ പ്രവര്‍ത്തകരെ തകര്‍ത്തു കളയാന്‍ പോന്ന ഒന്നാണെന്ന് കാണിച്ചാണ് നിര്‍മാതാക്കള്‍ പരാതി നല്‍കിയത്.

Related posts