വേനൽ മഴയും കാലവർഷവും ചതിച്ചു..! വടക്കഞ്ചേരി മേഖലയിൽ റബർ ഉത്പാദനം പകുതിയായി; ഇനി മഴ ലഭിച്ചാലും മരങ്ങളുടെ ക്ഷീണം തീർന്ന് പാൽ ഉത്പാദനം കൂടാൻ കാലതാമസം ഉണ്ടാകുമെന്ന് കർഷകൻ

B-RUBBER-Lവടക്കഞ്ചേരി: വാണിയമ്പാറമുതൽ നെന്മാറവരെയുള്ള പ്രദേശങ്ങളിൽ കഴിഞ്ഞ കാലവർഷത്തെ മഴക്കുറവിനു പിന്നാലെ വേനൽമഴ ഇല്ലാതിരുന്നതും ഈ വർഷം കാലവർഷം വൈകുന്നതും റബർ ഉത്പാദനത്തിൽ 50 ശതമാനത്തിന്‍റെ കുറവുണ്ടാ ക്കിയതായി വിവിധ റബർ ഉത്പാദകസംഘങ്ങളിൽനിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നു.

കഴിഞ്ഞ മൂന്നുപതിറ്റാണ്ടിനിടയ്ക്ക് ഇതാദ്യമായാണ് ഇത്രയും മോശമായ ഉത്പാദനം കണക്കാക്കുന്നത്. കഴിഞ്ഞ കാലവർഷത്തിൽ മഴനന്നേ കുറവായിരുന്നു.ഇതിന്‍റെ ആഘാതത്തിനൊപ്പം വേനൽമഴയോ മറ്റു ഇടമഴയോ ഇല്ലാതിരുന്നതാണ് റബർമരങ്ങൾക്ക് ഉണക്കവും ക്ഷീണവും ഉണ്ടാക്കിയതെന്ന് എളവമ്പാടം മാതൃകാ റബർ ഉത്പാദകസംഘം പ്രസിഡന്റ് പി.വി.ബാബു പറഞ്ഞു.

വൈകുന്നേരം കാലവർഷം ഇനി കനത്തതായാലും റബർമരങ്ങളുടെ ക്ഷീണം തീർന്ന് പാൽ ഉത്പാദനം കൂടാൻ രണ്ടുമൂന്നു മാസം എടുക്കും. എന്നാലും പാൽവർധന കാര്യമായി ഉണ്ടാകില്ല.വാണിയമ്പാറ മുതൽ വടക്കഞ്ചേരി, കിഴക്കഞ്ചേരി, മംഗലംഡാം, നെന്മാറവരെയുള്ള മേഖലകളിലാണ് മഴക്കുറവിന്റെയും കടുത്ത വേനലിന്റെയും ആഘാതം നേരിട്ട് അനുഭവപ്പെടുന്നത്. മറ്റു റബർ മേഖലകളിൽ വേനലിന്റെ കാഠിന്യം അത്ര രൂക്ഷമായിരുന്നില്ലെന്നാണ് വിലയിരുത്തൽ.

ഉത്പാദനക്കുറവിനൊപ്പം വിലക്കുറവും റബർ കർഷകരെ ദുരിതത്തിലാക്കുന്നു. റബർവില എത്ര താഴ്ന്നാലും കിലോയ്ക്ക് 150 രൂപാനിരക്കിൽ കർഷകന് വില ലഭിക്കുന്ന പദ്ധതിയുടെ കാലാവധി ഈമാസം 30ന് അവസാനിക്കും. പിന്നീട് വീണ്ടും അപേക്ഷകൾ പുതുക്കണം.

കഴിഞ്ഞ ഡിസംബർ വരെയുള്ള ബില്ലുകളിലാണ് ഇപ്പോൾ പണം നല്കിയിട്ടുള്ളത്. ശേഷിക്കുന്ന മാസങ്ങളിലെ പ്രോത്സാഹനവില കർഷകർക്ക് ലഭിക്കേണ്ടതുണ്ട്. തോട്ടങ്ങളിൽ പ്ലാസ്റ്റിക് ഇട്ട് മരങ്ങൾ ടാപ്പിംഗിനു സജ്‌ജമാക്കുന്നുണ്ടെങ്കിലും പ്രതീക്ഷിച്ച മട്ടിൽ മഴ കനക്കാത്താണ് കർഷകരെ നിരാശരാക്കുന്നത്.

പ്ലാസ്റ്റിക്കോ ഷെയ്ഡോ ഇടുന്നതിനു വലിയ തുക മുടക്കണം. ഒരു മരത്തിൽ ടാപ്പിംഗിനായി പ്ലാസ്റ്റിക് ഇടാൻ 25 രൂപയെങ്കിലും ചെലവുവരും. ഷെയ്ഡാണെങ്കിൽ ഇതിന്റെ ഇരട്ടി ചെലവ് വരുന്നുണ്ടെന്നു കരാർ അടിസ്‌ഥാനത്തിൽ തോട്ടങ്ങളിൽ പ്ലാസ്റ്റിക് ഇടുന്ന സിബി പറഞ്ഞു.

Related posts