രാമലീല ദിലീപിന്റെ ഇപ്പോഴത്തെ ജീവിതവുമായി ബന്ധമുളള സിനിമയാണെന്ന് പ്രചരിക്കുന്നുണ്ട്! അറംപറ്റിയ സ്‌ക്രിപ്റ്റ് ആണല്ലോ ഭായിയെന്ന് ഡബ്ബിംഗിനിടെ അദ്ദേഹം ചോദിച്ചിരുന്നു; രാമലീലയുടെ തിരക്കഥാകൃത്ത് സച്ചി വെളിപ്പെടുത്തുന്നു

പൊതുവെ സിനിമകള്‍ തുടങ്ങുന്നതിന് മുമ്പ് സ്‌ക്രീനില്‍ ഇങ്ങനെ എഴുതിക്കാണിക്കാറുണ്ട്. ‘ഈ സിനിമയിലെ കഥാപാത്രങ്ങള്‍ സാങ്കല്‍പികങ്ങളാണ്. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി എന്തെങ്കിലും സാമ്യം ആര്‍ക്കെങ്കിലും തോന്നിയാല്‍ അതു തികച്ചും യാദൃശ്ചികം മാത്രം’. എന്ന്. എന്നാല്‍ രാമലീലയുടെ കാര്യത്തില്‍ ഇത് യാദൃശ്ചികമാകില്ലെന്നാണ് ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറും പോസ്റ്ററുമൊക്കെ പറയാതെ പറയുന്നത്. രാമലീല എന്ന അരുണ്‍ ഗോപി ചിത്രം ദിലീപിന്റെ ഇപ്പോഴത്തെ ജീവിതവുമായി ബന്ധമുളളതാണെന്ന തരത്തില്‍ പല വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ദിലീപിന്റെ അറസ്റ്റിനുപിന്നാലെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറില്‍ ഒരു ഡയലോഗുപോലുമുണ്ട്, ‘പ്രതി ഞാനാവണം എന്നൊരു തീരുമാനമുളളപോലെ’ എന്ന്. ഇതിനുശേഷമാണ് രാമലീലയും ദിലീപിന്റെ ജീവിതവും തമ്മില്‍ ബന്ധമുണ്ടെന്ന പ്രചാരണങ്ങള്‍ തുടങ്ങിയത്. ദിലീപ് പോലീസ് കാവലില്‍ ബലിയിടുന്ന ചിത്രമുളള പുതിയ പോസ്റ്റര്‍ കൂടി പുറത്തിറങ്ങിയതോടെ രാമലീല ദിലീപിന്റെ ഇപ്പോഴത്തെ ജീവിതം പറയുന്ന സിനിമയാണെന്ന് ഏറെക്കുറെ എല്ലാവരും ഉറപ്പിച്ചു.

എന്നാല്‍ ഇതിനു പിന്നിലെ യാഥാര്‍ഥ്യങ്ങളെക്കുറിച്ച് വെളിപ്പെടുത്തുകയാണ് രാമലീലയുടെ തിരക്കഥാകൃത്ത് സച്ചി. ദിലീപിന്റെ ജീവിതത്തില്‍ ഇപ്പോള്‍ നടക്കുന്ന ചില സാഹചര്യങ്ങളുമായി രാമലീലയുടെ കഥയില്‍ സാമ്യമുണ്ടെന്ന് പറയാം. എന്നാല്‍ ഇപ്പോഴത്തെ ദിലീപിന്റെ ജീവിതവുമായി പൂര്‍ണമായിട്ടും സാമ്യമില്ല. അങ്ങനെയുളള പ്രചാരണങ്ങള്‍ തെറ്റാണ്. കാരണം 10 മാസം മുമ്പാണ് ചിത്രത്തിന്റെ തിരക്കഥ എഴുതി പൂര്‍ത്തിയാക്കിയത്. ഇപ്പോഴത്തെ സംഭവങ്ങള്‍ ഉണ്ടായിട്ട് ഏതാനും മാസങ്ങള്‍ അല്ലേ ആയിട്ടുളൂ. സാഹചര്യ തെളിവുകള്‍ എതിരാവുക, ജനങ്ങളാല്‍ വെറുക്കപ്പെടുക ഇതൊക്കെ രാമലീലയില്‍ ദിലീപിന്റെ കഥാപാത്രമായ രാമനുണ്ണി അനുഭവിക്കുന്നുണ്ട്.

പക്ഷേ ഇപ്പോഴത്തെ സംഭവവുമായി അതിന് എന്തെങ്കിലും സാമ്യമുണ്ടായിട്ടുണ്ടെങ്കില്‍ അത് ആകസ്മികമാണ്. അറംപറ്റിയ സ്‌ക്രിപ്റ്റ് ആണല്ലോ ഭായിയെന്ന് ഡബ്ബിംഗിനിടെ ദിലീപ് ചോദിച്ചിരുന്നെന്നും സച്ചി പറയുന്നു. ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രത്തില്‍ രാമനുണ്ണിയെന്ന ശക്തനായ രാഷ്ട്രീയ നേതാവായാണ് ദിലീപ് പ്രത്യക്ഷപ്പെടുന്നത്. രാമനുണ്ണിയുടെ രാഷ്ട്രീയ പ്രവര്‍ത്തനവും കുടുംബജീവിതവുമാണ് ചിത്രത്തിന്റെ പ്രമേയം. ഈ മാസം 28 ന് തിയറ്ററിലെത്തുന്ന് സിനിമയെച്ചൊല്ലി വന്‍ വിവാദങ്ങളും വാക്കുതര്‍ക്കങ്ങളുമാണ് നടന്നുകൊണ്ടിരിക്കുന്നത്.

 

 

Related posts