മക്കളെ ഹെല്‍മറ്റ് ധരിക്കാതെ വണ്ടിയോടിക്കരുത്! സച്ചിന്റെ ഉപദേശം വൈറലായി! ട്വിറ്റര്‍ പേജില്‍ തമാശയുടെ പൊടിപൂരവും; വീഡിയോ കാണാം

rdtrdytപോലീസുകാരും സാമൂഹ്യപ്രവര്‍ത്തകരും നാഴികയ്ക്ക് നാല്‍പ്പതുവട്ടം പറയുന്ന ഒരു കാര്യമുണ്ട്. ഇരുചക്ര വാഹനയാത്രക്കാര്‍ ഹെല്‍മറ്റ് ധരിക്കണമെന്ന്. ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്ക് പിഴവരെ ഈടാക്കുന്നുണ്ടെങ്കിലും യുവാക്കളടക്കം പല ആളുകളും ഹെല്‍മറ്റ് ധരിക്കാന്‍ പലപ്പോഴും തയാറാകാറില്ല. ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്ന അവസരങ്ങളില്‍ തീര്‍ച്ചയായും ഹെല്‍മറ്റ് ധരിക്കണമെന്ന ഉപദേശവുമായി ഇതാ സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രംഗത്തെത്തിയിരിക്കുന്നു. വഴിയില്‍ വച്ച് തന്നോടൊപ്പം സെല്‍ഫിയെടുക്കാനെത്തിയ യുവാക്കളോട് ഹെല്‍മറ്റ് ധരിക്കണമെന്ന് സച്ചിന്‍ ഉപദേശിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വഴികരികില്‍ നിര്‍ത്തിയിട്ട കാറിലിരുന്ന് ആരാധകര്‍ക്ക് സെല്‍ഫിയെടുക്കാന്‍ പോസുചെയ്യുന്നതിനിടയിലാണ് യുവാക്കള്‍ക്ക് ഇത്തരത്തിലൊരു ഉപദേശം നല്‍കിയത്. ബൈക്കില്‍ വന്നിറങ്ങിയ യുവാക്കളാണ് സച്ചിനൊപ്പം സെല്‍ഫിയെടുക്കാന്‍ ആഗ്രഹിച്ചത്. ഹെല്‍മെറ്റ് വേണം കേട്ടോ എന്ന സച്ചിന്‍ സ്നേഹത്തോടെ നിര്‍ദ്ദേശിക്കുമ്പോള്‍ ശരി എന്നും യുവാക്കള്‍ പറഞ്ഞു. സച്ചിന്റെ കാര്‍ മുന്നോട്ട് നീങ്ങുന്നതിനിടയില്‍ സച്ചിനെ കയ്യുയര്‍ത്തിക്കാട്ടുന്ന ബൈക്ക് യാത്രികരോടും സച്ചിന്‍ ഹെല്‍മെറ്റ് വയ്ക്കൂ സഹോദരാ എന്ന് വിളിച്ചുപറയുന്നുണ്ട്. സച്ചിന്റെ ഒപ്പം കാറിലിരുന്നയാളാണ് മൊബൈലില്‍ വീഡിയോ പകര്‍ത്തിയിരിക്കുന്നത്.

പിന്നീട് ഹെല്‍മെറ്റ് ധരിക്കൂ എന്നുപറഞ്ഞ് സച്ചിന്‍ തന്നെയാണ് വീഡിയോ ട്വീറ്റ് ചെയ്തത്. റോഡ് സുരക്ഷ ഉറപ്പു വരുത്തുക എന്നത് എല്ലാവരും തങ്ങളുടെ പ്രധാന ദൗത്യമായി കണക്കാക്കണം. ദയവായി ഹെല്‍മെറ്റ് ഇല്ലാതെ നിരത്തിലിറങ്ങാതിരിക്കൂ എന്നും അദ്ദേഹം കുറിച്ചു. സച്ചിന്റെ ഉപദേശമെങ്കിലും ആളുകള്‍ കണക്കിലെടുക്കുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. എന്നാല്‍ സച്ചിന്റെ പോസ്റ്റ് വൈറലായതോടെ അദ്ദേഹത്തിന്റ സോഷ്യല്‍ മീഡിയ പേജില്‍ തമാശയുടെ പൊടിപൂരമാണ്. സച്ചിന്‍ പറഞ്ഞതുമായി ബന്ധപ്പെട്ട് ക്രിക്കറ്റിലെ ചില സംഭവ വികാസങ്ങളെ ചിലര്‍ ട്വിറ്റര്‍ പേജിലേക്ക് കൊണ്ടുവന്നു.

അദ്ദേഹത്തിന്റെ ട്വീറ്റിന് താഴെ ഒരാള്‍ സച്ചിന്റെ തലയില്‍ അക്തര്‍ ബോള്‍ എറിഞ്ഞുകൊള്ളിക്കുന്ന പടം ഇട്ടുകൊണ്ട് ഹെല്‍മെറ്റിന്റെ ആവശ്യകത ഓര്‍മിപ്പിച്ചു. ഹെല്‍മെറ്റ് വേണം പ്രത്യേകിച്ച് അക്തറിന്റെ പന്തില്‍ എന്നായിരുന്നു തലവാചകം. കമന്റിന് മറുപടിയായി മറ്റൊരാള്‍ സച്ചിന്‍ അക്തറിനെ അപ്പര്‍കട്ടിലൂടെ സിക്സറിന് പറത്തുന്ന വീഡിയോയും ഇട്ടു. താഴെ വന്ന ഹര്‍ഭജന്‍ സിംഗിന്റെ വീഡിയോയാണ് വീണ്ടും ചിരിപടര്‍ത്തിയത്. ഹര്‍ഭജന്‍ അക്തറുമായി ഉടക്കുന്നതും പിന്നീട് അവസാന ഓവറില്‍ സിക്സടിച്ച് ടീമിനെ ജയിപ്പിക്കുന്നതുമായിരുന്നു വീഡിയോ. ഇങ്ങനെ ആകെമൊത്തം സച്ചിന്റെ പേജ് രസകരമായി മാറുകയായിരുന്നു.

Related posts