“എന്‍റെ മക്കളെ വെറുതേവിടൂ…’; അപേക്ഷയുമായി സച്ചിൻ

ന്യൂഡൽഹി: ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിനു ശേഷവും മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെൻഡുൽക്കർ നവമാധ്യമങ്ങളിൽ സജീവമാണ്. ഒരുപക്ഷേ വിരമിക്കൽ പ്രഖ്യാപനത്തിനു ശേഷവും ഇത്രയേറെ ആരാധകർ പിന്തുടരുന്ന മറ്റൊരു താരവും ഉണ്ടായിട്ടില്ലെന്ന് തന്നെ പറ‍യാം. എന്നാൽ നവമാധ്യമങ്ങളിലെ ചിലരുടെ ഇടപെടലുകൾ തനിക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന് വ്യക്തമാക്കി സച്ചിൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ.

തന്‍റെ മക്കളുടേതെന്ന പേരിൽ നവമാധ്യമങ്ങളിൽ, പ്രത്യേകിച്ചും ട്വിറ്ററിൽ ചില അക്കൗണ്ടുകൾ ശ്രദ്ധയിൽ പെട്ടെന്നും അതൊക്ക വ്യാജ അക്കൗണ്ടുകളാണെന്നും ക്രിക്കറ്റ് ഇതിഹാസം വ്യക്തമാക്കി. സാറയ്ക്കും അർജുനും ട്വിറ്റർ ആക്കൗണ്ടുകളില്ലെന്ന് ആവർത്തിച്ചു വ്യക്തമായ സച്ചിൻ തന്‍റെ മക്കളെ വെറുതേവിടണമെന്നും അഭ്യർഥിച്ചു.

മക്കളുടെ പേരിലുള്ള വ്യാജ അക്കൗണ്ടുകൾ എത്രയും വേഗത്തിൽ ഇല്ലാതാക്കണമെന്ന് സച്ചിൻ ട്വിറ്റർ അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തു. ഇത്തരത്തിൽ ചില വ്യക്തികൾ നവമാധ്യമങ്ങളിലൂടെ നടത്തുന്ന ചെയ്തികൾ തങ്ങൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. മകൾ സാറ ബോളീവുഡിലേക്ക് ചുവടുവയ്ക്കുന്നുവെന്നതടക്കമുള്ള വാർത്തകൾ വീണ്ടും വന്നതിനു പിന്നാലെയാണ് വിശദീകരണവുമായീ സചിൻ വീണ്ടും രംഗത്തെത്തിയത്.

സാറയുടെയും അർജുന്‍റെയും ചിത്രങ്ങളും ഇത്തരം വ്യാജ അക്കൗണ്ടുകളിൽ നിരന്തരം പ്രത്യക്ഷപ്പെടുന്നുണ്ട്. യുവ ക്രിക്കറ്ററായ മകൻ അർജുൻ തെൻഡുൽക്കർ ഈ അടുത്ത് മുംബൈ അണ്ടർ-19 ടീമിൽ ഇടം നേടുകയും ചെയ്തിരുന്നു.

Related posts