ദിലീപിനെ പിന്തുണച്ചുള്ള നടന്‍ സലിംകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായി! ആക്രമിക്കപ്പെട്ട നടിക്ക് നുണപരിശോധന വേണമെന്ന പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് സലിംകുമാര്‍

iyuiയുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളിലെ പരാമര്‍ശങ്ങളില്‍ മാപ്പു പറഞ്ഞ് നടന്‍ സലിംകുമാര്‍. ഞായറാഴ്ച സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലെ പരാമര്‍ശം തികഞ്ഞ അപരാധവും സ്ത്രീ വിരുദ്ധവുമാണെന്നു സലിംകുമാര്‍ പറഞ്ഞു. വിഷയത്തില്‍ നടിയോടും കുടുംബാംഗങ്ങളോടും പൊതുജനങ്ങളോടും മാപ്പു ചോദിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ‘ഞായറാഴ്ച ഇട്ടിരുന്ന ഒരു പോസ്റ്റില്‍, ഇരയായ നടിയെ നുണ പരിശോധനയ്ക്കു വിധേയമാക്കണമെന്നുള്ള എന്റെ പരാമര്‍ശം പിന്നീട് ആലോചിച്ചപ്പോള്‍ തികഞ്ഞ അപരാധവും സ്ത്രീ വിരുദ്ധവുമാണെന്നു മനസ്സിലാക്കി. ഇതുകൊണ്ടു ഈ നടിയോടും കുടുംബാംഗങ്ങളോടും അതോടൊപ്പം തന്നെ പൊതുജനങ്ങളോടും മാപ്പു ചോദിക്കുന്നു. ഈ പരാമര്‍ശം ആ പോസ്റ്റില്‍ നിന്നും ഞാന്‍ മാറ്റുന്നതായിരിക്കും’. പുതിയ കുറിപ്പില്‍ സലിംകുമാര്‍ പറഞ്ഞു.

യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടു നടക്കുന്ന വിവാദങ്ങളില്‍ നടന്‍ ദിലീപിനു പിന്തുണയുമായാണ് സലിംകുമാര്‍ കഴിഞ്ഞദിവസം രംഗത്തെത്തിയത്. ദിലീപിന്റെ സ്വകാര്യ ജീവിതത്തെ തകര്‍ക്കാന്‍ ഏഴുവര്‍ഷം മുന്‍പു രചിക്കപ്പെട്ട തിരക്കഥയുടെ ക്ലൈമാക്‌സ് റീലുകളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ ഓടിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സലിംകുമാറിന്റെ മുന്‍ കുറിപ്പില്‍നിന്ന്:

‘ദിലീപിന്റെ സ്വകാര്യ ജീവിതത്തെ തകര്‍ക്കാന്‍ ഏഴു വര്‍ഷം മുന്‍പ് സിനിമാരംഗത്തുള്ള ഒരു പറ്റം സഹോദരീസഹോദരന്മാരാല്‍ രചിക്കപ്പെട്ട തിരക്കഥയുടെ ക്ലൈമാക്‌സ് റീലുകളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ ഓടിക്കൊണ്ടിരിക്കുന്നത്. അതിന്റെ ആദ്യ ട്വിസ്റ്റ് നമ്മള്‍ 2013ല്‍ കണ്ടതാണ്. ദിലീപ് മഞ്ജു വാരിയര്‍ ഡിവോഴ്‌സ്. പിന്നീട് പലരാല്‍ പലവിധത്തില്‍ കഥയ്ക്ക് മാറ്റം വരുത്തി. പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ വരെ ദിലീപിന്റെ പേരു വലിച്ചിഴച്ചു. ഈ കേസുമായി ബന്ധപ്പെട്ടു പോലീസ് ദിലീപിനെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല എന്നതും അദ്ദേഹത്തിന്റെ നിരപരാധിത്വം തന്നെയാണു വെളിവാക്കുന്നത്’

ഇത് ഒരു സ്‌നേഹിതനുവേണ്ടിയുള്ള വക്കാലത്തല്ല. വേട്ടയാടപ്പെടുന്ന നിരപരാധിയോടുള്ള സഹതാപമാണ് ഈ പ്രതികരണം എന്നോര്‍ക്കണം. ദിലീപും നാദിര്‍ഷായും എന്റെ സ്‌നേഹിതന്മാരാണ്. അതില്‍ ഞാന്‍ അഹങ്കരിക്കുന്നു. ആ അഹങ്കാരം ഉള്ളില്‍ വെച്ചുകൊണ്ടുതന്നെ ഞാന്‍ പറയുന്നു. ഇവരെ രണ്ടുപേരെയും ശാസ്ത്രീയ നുണപരിശോധനക്കായി ഞാന്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവരാം. ഇവരെ ക്രൂശിലേറ്റാന്‍ ശ്രമിക്കുന്നവര്‍ ചെയ്യേണ്ടത് ഒരു കാര്യം മാത്രം. പള്‍സര്‍ സുനിയേയും ഇരയായ പ്രമുഖ നടിയെയും ഇതേ നിയമത്തിന്റെ മുന്നില്‍ നുണപരിശോധനക്കായി കൊണ്ടുവരിക. അവിടെ തീരും എല്ലാം.

സിനിമാക്കാര്‍ക്ക് ഒരായിരം സംഘടനകള്‍ ഉണ്ട്. അതില്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്‍പതു സംഘടനകളിലും ദിലീപ് അംഗവുമാണ്. എന്തോ അവരാരും വേണ്ട രീതിയില്‍ പ്രതികരിച്ചു കണ്ടില്ല. എന്റെ അറിവില്‍ അദ്ദേഹം ഇല്ലാത്തതു ഈയടുത്തകാലത്തു തങ്ങളുടെ സുരക്ഷയ്ക്കായി സിനിമാരംഗത്തെ സ്ത്രീകള്‍ രൂപീകരിച്ച സംഘടനയിലാണ്. അവരെങ്കിലും ഇതില്‍ പ്രതികരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. നീണ്ട കുറിപ്പില്‍ സലിംകുമാര്‍ പറഞ്ഞു.

Related posts