Set us Home Page

ഒരു ലുക്കില്ലാന്നേ ഉള്ളൂ, ഭയങ്കര ബുദ്ധിയാ! തന്റേതന്നെ തമാശകള്‍ കൂട്ടിച്ചേര്‍ത്ത് സലിം കുമാര്‍ തയാറാക്കുന്ന പുസ്തകം; ചിരിയുടെ കാര്യത്തില്‍ കോടീശ്വരനായതിനെക്കുറിച്ച് സലിംകുമാര്‍ പറയുന്നതിങ്ങനെ…

സമീപകാലഘട്ടത്തില്‍ മലയാളികളെ ഏറ്റവുമധികം ചിരിപ്പിച്ച ഹാസ്യനടനാണ് സലിം കുമാര്‍ എന്ന് നിസ്സശംയം പറയാന്‍ സാധിക്കും. അദ്ദേഹം അഭിനയിച്ച് ഫലിപ്പിച്ച കോമഡി സീനുകള്‍ വര്‍ഷങ്ങള്‍ പലത് കഴിഞ്ഞിട്ടും ട്രോളന്മാരിലൂടെ പുനരവതരിപ്പിക്കപ്പെടുന്നത് കാണുമ്പോള്‍ നമുക്ക് മനസിലാവും സലിംകുമാര്‍ എന്ന നടന്റെ അഭിനയവും തമാശകളും എത്രമേല്‍ ആളുകളുടെ മനസില്‍ പതിഞ്ഞിരുന്നു എന്നത്. ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തില്‍ തന്നില്‍ നിന്നു തന്നെ പുറത്തുവന്ന അതിരസകരമായ തമാശകളുടെയും അതിലുപരിയായി തന്നെ താനാക്കിയ കഷ്ടപ്പാടുകളുടെയും ഒരു അനുഭവക്കുറിപ്പ് പുസ്തകരൂപത്തില്‍ തയാറാക്കാന്‍ സലിംകുമാര്‍ ഒരുങ്ങുന്നു. അതേക്കുറിച്ച്, ഒരു വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം തന്നെ വെളിപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്.

“ദൃശ്യമാധ്യമങ്ങളിലൂടെയും ജീവിതത്തിലൂടെയും ഞാന്‍ പലപ്പോഴായി പറഞ്ഞിട്ടുള്ള തമാശകള്‍ കൂട്ടിച്ചേര്‍ത്ത് രൂപാന്തരംപ്രാപിച്ചതാണ് ഒരു ലുക്കില്ലാന്നേ ഉള്ളൂ ഭയങ്കര ബുദ്ധിയാ… എന്ന ഈ പുസ്തകം. മധു ഇങ്ങനെയൊരു സംരംഭവുമായി വന്നപ്പോള്‍ എന്നെക്കുറിച്ചുള്ള ഒരു അടയാളപ്പെടുത്തലാകുമല്ലോയെന്നോര്‍ത്ത് ഞാന്‍ വളരെയധികം സന്തോഷിച്ചു. എന്റെ വായില്‍നിന്നു ചിതറിവീണ മുത്തുകളും പവിഴങ്ങളും പെറുക്കിയെടുത്ത് പുസ്തകരൂപത്തിലാക്കിയ മധുവിന് നന്ദി. (മുത്തിന്റെയും പവിഴത്തിന്റെയും കൂട്ടത്തില്‍ ധാരാളം കരിക്കട്ടകളും കാണും. അതു നിങ്ങള്‍തന്നെ സദയം പെറുക്കിക്കളയുമല്ലോ.) ഈ പുസ്തകത്തെക്കുറിച്ച് ഞാന്‍ പലരോടും പറഞ്ഞപ്പോള്‍ നിനക്കുതന്നെ എഴുതിയാല്‍ പോരേയെന്നവര്‍ ചോദിച്ചു. ഞാന്‍ അവരോട് പറഞ്ഞു, ‘കോടീശ്വരന്മാര്‍ ഇന്‍കം ടാക്സ് വെട്ടിക്കാന്‍ ബിനാമി പേരില്‍ സ്വത്തുക്കള്‍ സ്വന്തമാക്കുക പതിവാണ്. ചിരിയുടെ കാര്യത്തില്‍ ഞാനുമൊരു കോടീശ്വരനാണ്. അംബാനിയെക്കാള്‍ വലിയ കോടീശ്വരന്‍. അതുകൊണ്ട് മധു എന്റെ ബിനാമിയായെന്നുമാത്രം.

1985 ജനുവരി 6. അന്നാണ് എന്റെ ജീവിതത്തിലെ ചിരി നിലച്ചുപോയത്. എന്റെ അച്ഛന്‍ മരണപ്പെട്ടുപോയത് അന്നായിരുന്നു. പ്രീഡിഗ്രി പഠനം എന്ന ഒരു വരുമാനവുമില്ലാത്ത ജോലിയായിരുന്നു അന്ന് ഞാന്‍ ചെയ്തിരുന്നത്. ഞാന്‍ നല്ല നിലയിലെത്തണം എന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചിരുന്ന ഒരേയൊരാള്‍ വൃദ്ധയായ എന്റെ അമ്മ മാത്രമായിരുന്നു. കഷ്ടപ്പാടുകള്‍കൊണ്ട് ഹൗസ്ഫുള്ളായിരുന്ന സലിംകുമാര്‍ എന്ന തിയേറ്ററില്‍നിന്ന് ചിരി, ടിക്കറ്റ് കിട്ടാതെ മടങ്ങുന്നത് അന്നു പതിവായിരുന്നു. ദുരിതത്തിലകപ്പെടുമ്പോള്‍ മേല്‍പോട്ടു നോക്കി നിത്യേന സങ്കടം പറഞ്ഞാല്‍ ഉത്തരം ലഭിക്കില്ല എന്നു ബോധ്യമായപ്പോള്‍ സത്യത്തില്‍ ചിരിയാണ് മനസ്സില്‍ വന്നത്. എന്നെത്തന്നെയോര്‍ത്തുള്ള ചിരി. ഒരുമാതിരി പുച്ഛിച്ചുകൊണ്ടുള്ള ചിരി. പിന്നീട് ഞാന്‍ ചിരിക്കാന്‍ ശീലിക്കുകയായിരുന്നു. ക്രമേണ ചിരി എന്ന ആ ശീലം എന്റെ സ്വഭാവമായി മാറി. ഒരു യാത്രപോലും പറയാതെ എന്റെ അമ്മ എന്നെ പിരിഞ്ഞുപോയി. പോകുമ്പോള്‍ നമുക്ക് ഒരുമിച്ച് പോകാം എന്ന് വാക്കും നല്‍കി ചിരി പക്ഷേ, എന്നോടൊപ്പം ഇപ്പോഴും തുടരുകയാണ്.

‘ചിരിച്ചാലും മരിക്കും ചിരിച്ചില്ലേലും മരിക്കും.’ അപ്പോള്‍പ്പിന്നെ ചിരിച്ചു മരിക്കുന്നതല്ലേ നല്ലത്. മുടങ്ങിപ്പോയ എന്റെ പഠനവും കലാപ്രവര്‍ത്തനങ്ങളും തിരിച്ചുതന്നത് ചിരിയായിരുന്നു. ഞാന്‍ സ്വപ്നം കണ്ടതിനപ്പുറത്തേക്ക് എന്റെ ജീവിതത്തെ കൊണ്ടെത്തിച്ചതും ഈ ചിരിതന്നെയായിരുന്നു. എന്റെ ജീവിതത്തില്‍ എനിക്ക് നന്ദി പറയാനുള്ളത് രണ്ടുപേരോടാണ്. ഒന്നെന്റെ അമ്മയോടും മറ്റൊന്ന് ചിരിയോടും. ഞാന്‍ മണ്‍മറഞ്ഞാലും എന്റെ അമ്മയുടെ ഓര്‍മകള്‍ നിലനില്‍ക്കണം എന്ന ആഗ്രഹത്തോടെയായിരുന്നു, എന്റെ നാടായ വടക്കന്‍ പറവൂരിലെ കളരിക്കല്‍ ഭഗവതിക്ഷേത്രത്തില്‍ എനിക്കു പിന്നാലെ വരാന്‍പോകുന്ന കലാപ്രതിഭകള്‍ക്ക് ചുവടുവെക്കാന്‍ എന്റെ അമ്മയുടെ പേരില്‍ ഒന്നാന്തരം സ്റ്റേജ് പണിതത്. കൂവപ്പറമ്പില്‍ കൗസല്യാഗംഗാധരന്‍ മെമ്മോറിയല്‍ സ്റ്റേജ്. മലയാളസിനിമയിലെ ചിരിവസന്തങ്ങളായ ശ്രീനിവാസനും ഇന്നസെന്റും ചേര്‍ന്ന് അതു നാട്ടുകാര്‍ക്ക് തുറന്നുകൊടുക്കുകയും ചെയ്തു. പിന്നെ ചിരിയോടുള്ള നന്ദി. ഞാന്‍ താമസിക്കുന്ന വീടിനുതന്നെ ചിരിയുടെ പേരിട്ടു, ‘ലാഫിങ് വില്ല’ (ചിരിക്കുന്ന വീട്).

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS