കോഴിയിറച്ചി കഴിക്കൂ അത് നിങ്ങളുടെ ആരോഗ്യത്തിന് നല്ലതാണ്! തെറ്റിദ്ധാരണയും ദ്വയാര്‍ത്ഥവും കലര്‍ന്ന പരസ്യത്തില്‍ അഭിനയിച്ചു; ഇറച്ചിക്കോഴിയുടെ പരസ്യത്തില്‍ പുലിവാല് പിടിച്ച് സാനിയ മിര്‍സ

സിനിമാ താരങ്ങളും കായിക താരങ്ങളുമൊക്കെ നിരവധി ബ്രാന്‍ഡഡ് ഉത്പന്നങ്ങളുടെ പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കുകയും കോടികള്‍ സമ്പാദിക്കുകയുമൊക്കെ ചെയ്യുന്നത് പതിവാണ്. എന്നാല്‍ ഇറച്ചിക്കോഴിയുടെ പരസ്യത്തില്‍ അഭിനയിച്ച ടെന്നീസ് താരം സാനിയ മിര്‍സയാണ് ഇപ്പോള്‍ വിവാദത്തില്‍ പെട്ടിരിക്കുന്നത്.

സാനിയയ്‌ക്കെതിരേ നിലപാടുമായി എത്തിയിരിക്കുന്നത്, സി.എസ്.ഇ (സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയേണ്‍മെന്റ്) യാണ്.

വസ്തുതകള്‍ക്ക് നിരക്കാത്തതാണ് പരസ്യമെന്നും അതില്‍ ദ്വയാര്‍ത്ഥം കലര്‍ന്നിട്ടുണ്ടെന്നുമാണ് സിഎസ്എ പറയുന്നത്. ‘ഇറച്ചിക്കോഴികളില്‍ ആന്റിബയോട്ടിക്സ് കുത്തിവെയ്ക്കുന്ന പ്രവണത ചൂണ്ടിക്കാട്ടി സാനിയ മിര്‍സക്ക് കത്തയച്ചിരുന്നു.

പരസ്യം അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയിലെ മാതൃകാ വ്യക്തികളില്‍ ഒരാളായ സാനിയ ഇത്തരമൊരു പരസ്യത്തില്‍ നിന്ന് പിന്മാറണമെന്നും ആവശ്യപ്പെട്ടിരുന്നു.’ സി.എസ്.ഇ.യിലെ സീനിയര്‍ പ്രോഗാം മാനേജരായ അമിത് ഖുറാന വ്യക്തമാക്കുന്നു.

കോഴിയിറച്ചി കഴിക്കൂ, അത് നിങ്ങളുടെ ആരോഗ്യത്തിന് നല്ലതാണെന്നായിരുന്നു പരസ്യത്തിലെ വാചകം. ഇറച്ചിക്കോഴികളില്‍ ആന്റിബയോട്ടിക്സ് ഉപയോഗിക്കുന്നില്ലെന്നുള്ള തെറ്റായ ധാരണ ഈ പരസ്യമുണ്ടാക്കുന്നുണ്ട്.

ഇത് 2014ല്‍ സി.എസ്.ഇ നടത്തിയ പഠനത്തിന് വിരുദ്ധമാണ്. മേയ് 23-നകം പരസ്യം പിന്‍വലിക്കുകയോ അതല്ലെങ്കില്‍ പരസ്യത്തില്‍ മാറ്റം വരുത്തുകയോ ചെയ്യണമെന്നാണ് കമ്പനിയ്ക്ക് ഇതു സംബന്ധിച്ച് നല്‍കിയിരിക്കുന്ന നിര്‍ദേശം.

Related posts