ചാണ്ടി ഉമ്മനുമായി ചേര്‍ന്ന് സൊസൈറ്റി രൂപീകരിക്കാന്‍ സരിത ശ്രമിച്ചു, തനിക്കെതിരേ മൊഴി നല്കരുതെന്ന് മുന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു, സി.എല്‍. ആന്റോയുടെ മൊഴി ഇങ്ങനെ

sarithaകൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനെയും മറ്റു ബന്ധുക്കളെയും ചേര്‍ത്തു സരിത എസ്. നായര്‍ കേരള റിന്യൂവബിള്‍ എനര്‍ജി കോ–ഓപറേറ്റീവ് സൊസൈറ്റി എന്നപേരില്‍ സ്ഥാപനം രൂപീകരിക്കാന്‍ ശ്രമിച്ചിരുന്നതായി തനിക്കറിയാമായിരുന്നുവെന്നു കെ. കരുണാകരന്റെ വിശ്വസ്തനായിരുന്ന സി.എല്‍. ആന്റോ. സോളാര്‍ ആരോപണങ്ങളെക്കുറിച്ചന്വേഷിക്കുന്ന ജസ്റ്റീസ് ശിവരാജന്‍ കമ്മീഷനില്‍ ഇന്നലെ മൊഴി നല്‍കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സൊസൈറ്റി രൂപീകരിക്കുന്നതിനു ചാണ്ടി ഉമ്മന്‍ അമേരിക്കയിലുള്ള സ്റ്റാര്‍ ഫ്‌ളേക്ക് ഇന്‍കോര്‍പറേറ്റ് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ടതായും തനിക്കറിയാമെന്നു ക്രോസ് വിസ്താരത്തിനു മറുപടിയായി ആന്റോ പറഞ്ഞു. മുന്‍ മുഖ്യമന്ത്രി കെ. കരുണാകരനുമായി തനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ സ്വഭാവത്തെക്കുറിച്ചും നല്ലതു പോലെ അറിയാം. അദ്ദേഹത്തിന്റെ സ്വകാര്യ താത്പര്യങ്ങളെക്കുറിച്ചുമറിയാം.

ഇതെല്ലാമറിയാമെങ്കിലും കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന നിലയിലാണു താന്‍ സൗരോര്‍ജ മാലിന്യ സംസ്കരണ പദ്ധതിയുമായി അദ്ദേഹത്തെ സമീപിച്ചത്. എന്നാല്‍, ധനസമ്പാദനത്തിനായി ഏതറ്റം വരെയും പോകുകയെന്ന മുന്‍കാല സ്വഭാവത്തോടെയാണു തന്റെ പദ്ധതിയെടുത്തു സരിത വഴി നടപ്പാക്കാന്‍ ഉമ്മന്‍ ചാണ്ടി ശ്രമിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ അത്യാഗ്രഹം മൂലമാണു സൗരോര്‍ജമേഖലയില്‍ കേരളത്തിനു തിരിച്ചടിയുണ്ടായതെന്നും ആന്റോ പറഞ്ഞു. സോളാര്‍ കമ്മീഷനില്‍ തനിക്ക് എതിരായി മൊഴി നല്‍കരുതെന്ന് ഉമ്മന്‍ ചാണ്ടി നേരിട്ടും അടുത്ത സുഹൃത്തുക്കള്‍ വഴിയും തന്നോടാവശ്യപ്പെട്ടിരുന്നുവെന്നു കമ്മീഷന്‍ അഭിഭാഷകന്റെ ചോദ്യത്തിനു മറുപടിയായി ആന്റോ പറഞ്ഞു. സരിത തെന്മല ഡാമിലേക്കടക്കം സമര്‍പ്പിച്ച സൗരോര്‍ജ പദ്ധതി തന്റെ പദ്ധതിയില്‍നിന്നു ചോര്‍ത്തിയെടുത്തുണ്ടാക്കിയതാണെന്നും ആന്റോ ആരോപിച്ചു.

Related posts