ലൈക്കുകളും കമന്റുകളും ഇട്ടുകൊണ്ടിരുന്നവര്‍ അറിഞ്ഞില്ല, മധുവിന്റെ അവസാന സെല്‍ഫിയായിരുന്നു അതെന്ന്! സെല്‍ഫി ഭ്രമം ജീവനെടുക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി യുവാവിന്റെ മുങ്ങിമരണം

സെല്‍ഫികള്‍ ദുരന്തമാകുന്നതിന്റെ വാര്‍ത്തകള്‍ പലപ്പോഴും ലോകം കണ്ടിട്ടുണ്ട്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാവുകയാണ് കരുവാറ്റയില്‍ നിന്നുള്ള ഒരു യുവാവിന്റെ മുങ്ങി മരണം. കരുവാറ്റ കൈപ്പള്ളി തറയില്‍ മധുവാണ് വള്ളത്തിലിരുന്ന് സെല്‍ഫിയെടുക്കുന്നതിനിടെ വള്ളം മറിഞ്ഞ് മരിച്ചത്. ഒപ്പം സഞ്ചരിച്ചിരുന്ന മധുവിന്റെ സുഹൃത്തുക്കളായ ശരത്ത്, ശ്രീരാജ് എന്നിവര്‍ നീന്തി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നു മണിയോടെയായിരുന്നു സംഭവം.

ഫൈബര്‍ വള്ളത്തിലാണ് സുഹൃത്തുക്കള്‍ യാത്ര പുറപ്പെട്ടത്. മൂന്നു മണിയോടെ തിരികെ പോകുമ്പോഴായിരുന്നു അപകടം. ഫോട്ടോഗ്രാഫര്‍ കൂടിയായ മധു എഴുന്നേറ്റു നിന്നു സെല്‍ഫി എടുക്കാനുള്ള ശ്രമത്തിനിടെ വള്ളം മറിയുകയായിരുന്നു. വള്ളം മറിഞ്ഞു മൂന്നു പേരും വെള്ളത്തില്‍ വീണെങ്കിലും ശ്രീരാജും ശരത്തും വള്ളത്തില്‍ പിടിച്ചു കിടന്നു. പിന്നീട് ഇവര്‍ നീന്തി കരയ്‌ക്കെത്തി.

ഇവര്‍ വിവരമറിയിച്ചതനുസരിച്ച് നാട്ടുകാരും ഹരിപ്പാട്ടെ അഗ്‌നിരക്ഷാ സേനാ യൂണിറ്റും നടത്തിയ തിരച്ചിലില്‍ നാലു മണിയോടെ മധുവിന്റെ മൃതദേഹമാണു കണ്ടെത്താനായത്. ആദ്യമെടുത്ത സെല്‍ഫി മധു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. താലൂക്ക് ആശുപത്രിയില്‍ മരണം സ്ഥിരീകരിക്കുമ്പോള്‍ മധുവിന്റെ സെല്‍ഫിക്കു സമൂഹമാധ്യമങ്ങളില്‍ ലൈക്കും കമന്റും വന്നു കൊണ്ടിരിക്കുകയായിരുന്നു. പിന്നീട് കമന്റുകള്‍ ആദരാജ്ഞലികളാവുകയായിരുന്നു.

 

Related posts