അമേരിക്കയുടെ ചാരപ്പണി പൊളിച്ചടുക്കി ചൈന; കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ചൈനക്കാര്‍ കൊന്നൊടുക്കിയത് 18 സിഐഎക്കാരെ; അരനൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ തിരിച്ചടി…

china600വാഷിങ്ടന്‍: ലോകത്തിലെ ഏറ്റവും മികച്ച ചാര സംഘടനകളിലൊന്നായ സിഐഎയുടെ തന്ത്രങ്ങള്‍ പൊളിച്ചടുക്കി ചൈന. 2010നും 2012നും ഇടയില്‍ ചൈനീസ് രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ച യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയുടെ പതിനെട്ടോളം അംഗങ്ങളെ വധിച്ചെന്നാണ് ഇപ്പോള്‍ ചൈന വെളിപ്പെടുത്തിയിരിക്കുന്നത്. മറ്റു ചിലരെ ചൈന തടങ്കലിലാക്കിയതായും സൂചനയുണ്ട്. ചാരപ്രവര്‍ത്തനത്തില്‍ അഗ്രഗണ്യരായ യുഎസിന് പതിറ്റാണ്ടുകള്‍ക്കിടെ ഈ മേഖലയില്‍ ഏല്‍ക്കുന്ന ഏറ്റവും വലിയ തിരിച്ചടിയാണിതെന്നാണ് റിപ്പോര്‍ട്ട്. വിശ്വസനീയമായ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസാണ് സംഭവം പുറത്തുവിട്ടത്.

അമേരിക്കന്‍ ചാരന്മാര്‍ക്ക് അതേ നാണയത്തില്‍ തന്നെയാണ് ചൈന പണികൊടുത്തത് എന്നാണ് വിവരം. വിദേശത്തുള്ള ചാരന്‍മാരുമായി സിഐഎ അധികൃതര്‍ നടത്തിവന്ന സംഭാഷണങ്ങള്‍ ചോര്‍ത്തിയാണ് യുഎസിന്റെ ചാരപ്രവര്‍ത്തനം ചൈന പൊളിച്ചതെന്നാണ് സൂചന. അതേസമയം, സിഐഎയിലെ തന്നെ ഒരു വിഭാഗം ചതിച്ചതാണ് തിരിച്ചടിക്കു പിന്നിലെന്ന് കരുതുന്നവരും യുഎസ് ഔദ്യോഗിക വൃത്തങ്ങളില്‍ കുറവല്ല. ഇക്കാര്യത്തില്‍ ഇപ്പോഴും അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും, യുഎസിന്റെ ചാരപ്പണി ചൈന പൊളിച്ചെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല.

സുരക്ഷാ ക്രമീകരണങ്ങള്‍ ഏറെ വര്‍ധിച്ച ഇക്കാലത്ത് ചാരപ്പണി ദുഷ്കരമാണെന്ന് അമേരിക്ക തന്നെ തുറന്നു സമ്മതിക്കുന്നു. 2010 അവസാനം മുതല്‍ 2012 വരെയുള്ള കാലയളവി!ല്‍ മാത്രം ഒരു ഡസനോളം സിഐഎ ചാരന്മാരെ ചൈന വകവരുത്തി. ഇതിലൊരാള്‍ സഹപ്രവര്‍ത്തകന്റെ കണ്‍മുന്നിലാണ് കൊല്ലപ്പെട്ടതെന്നും യുഎസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ധാരാളം പേരെ ജയിലില്‍ അടച്ചിട്ടുമുണ്ട്. സിഐഎയുമായി സഹകരിക്കുന്ന ചിലയാളുകള്‍ ജയിലിലാണ്. അമേരിക്ക ചാരവൃത്തി നടത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍നിരയിലാണ് ചൈനയുടെ സ്ഥാനം. എന്നാല്‍, ചൈനയിലെ അതിശക്തമായ സുരക്ഷാ സംവിധാനങ്ങളെ ഭേദിക്കുന്നതു പ്രയാസമാണെന്നു അമേരിക്ക സമ്മതിക്കുന്നു. അത്യാധുനിക സംവിധാനങ്ങളോടു കൂടിയ അവരുടെ ചാരവൃത്തി ചൈനയില്‍ ഏല്‍ക്കാന്‍ ബുദ്ധിമുട്ടാണെന്ന് ചുരുക്കം.

എന്നാല്‍ തിരിച്ചടി നേരിട്ടെങ്കിലും ചൈനയിലെ ചാരസംഘത്തിന്റെ പ്രവര്‍ത്തനം സിഐഎ പുനരാരംഭിച്ചിട്ടുണ്ട്. ചാരവൃത്തിക്കേസില്‍ അമേരിക്കന്‍ വനിതയ്ക്കു ചൈനീസ് കോടതി ഇക്കഴിഞ്ഞ ഏപ്രിലില്‍ തടവുശിക്ഷ വിധിച്ചിരുന്നു. ടെക്‌സാസില്‍നിന്നു വാണിജ്യസംഘത്തിനൊപ്പം ചൈനയിലെത്തിയ സാന്‍ഡ് ഫാന്‍ ഗിലിസിനാണ് മൂന്നര വര്‍ഷത്തെ തടവുശിക്ഷ ലഭിച്ചത്. 2015ലാണ് ഇവര്‍ അറസ്റ്റിലായത്. എന്തായാലും അമേരിക്കയുടെ അഭിമാനമായ സിഐഎയെ നിഷ്പ്രഭരാക്കാന്‍ കഴിഞ്ഞതിലൂടെ അമേരിക്കയ്ക്ക് കനത്ത പ്രഹരമേല്‍പ്പിച്ചിരിക്കുകയാണ് ചൈന.

Related posts