സുരക്ഷിതമല്ലാത്ത ലൈംഗികശീലങ്ങള്‍ ഒഴിവാക്കുക

SEXഎച്ച്‌ഐവി (ഹ്യൂമന്‍ ഇമ്യൂണോ ഡെഫിഷ്യന്‍സി വൈറസ്) വൈറസ് ബാധയുടെ അവസാനഘട്ടമാണ് എയ്ഡ്‌സ് അഥവാ അക്വേഡ് ഇമ്യൂണ്‍ ഡെഫിഷ്യന്‍സി സിന്‍ഡ്രോം. ഇതു രോഗപ്രതിരോധസംവിധാനം തകരാറിലാക്കുന്നു. ജീവനുതന്നെ ഭീഷണിയാകുന്ന അസുഖങ്ങള്‍, അണുബാധ, കാന്‍സറുകള്‍ എന്നിവയ്ക്കിടയാക്കുന്നു. എയ്ഡ്‌സ് ബാധിച്ച വ്യക്തിയുടെ ഉമിനീര്‍, കണ്ണുനീര്‍, നാഡീകോശങ്ങള്‍, സ്‌പൈനല്‍ ദ്രവം, രക്തം, ശുക്ലം, യോനീസ്രവം, മുലപ്പാല്‍ തുടങ്ങിയവയില്‍ എച്ച്‌ഐവി വൈറസ് അടങ്ങിയിരിക്കുന്നു. പക്ഷേ, ഉമിനീര്‍, കണ്ണുനീര്‍, വിയര്‍പ്പ് എന്നിവയിലൂടെ എച്ച്‌ഐവി പകരില്ല. എച്ചഐവി പോസീറ്റീവ് ആയ വ്യക്തിയുടെ ശരീരസ്രവങ്ങളുമായി(രക്തം, ശുക്ലം, യോനീസ്രവങ്ങള്‍, മുലപ്പാല്‍)ബന്ധം ഉണ്ടാകുന്നതു വഴിയാണ് എയ്ഡ്‌സ് പകരുന്നത്.

വൈറസ് പകരുന്ന വഴി

1. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെ.
2. സുരക്ഷിതമല്ലാത്ത രക്തം സ്വീകരിക്കുന്നതു വഴി, സിറിഞ്ച്, സൂചി എന്നിവ പങ്കുവയ്ക്കുന്നതിലൂടെ
3. എച്ച്‌ഐവി ബാധിതയായ ഗര്‍ഭിണിയില്‍ നിന്നു ഗര്‍ഭസ്ഥശിശുവിലേക്ക്, എച്ച്‌ഐവി ബാധിതയായ അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് (രക്തം, മുലപ്പാല്‍ എന്നിവയിലൂടെ)
4. എയ്ഡ്‌സ്ബാധിതന്റെ സ്രവങ്ങള്‍ പുരണ്ട വസ്തുക്കള്‍ ഉപയോഗിക്കുന്നതിലൂടെ
5. എച്ച്‌ഐവി ബാധിതനില്‍ നിന്നു സ്വീകരിച്ച ബീജം ഉപയോഗിച്ചു നടത്തുന്ന കൃത്രിമ ബീജസങ്കലനത്തിലൂടെ
6. എച്ച്‌ഐവി ബാധിതന്റെ അവയവം സ്വീകരിക്കുന്നതിലൂടെ

ഈ മാര്‍ഗങ്ങളിലൂടെ എച്ച്‌ഐവി പകരില്ല

1. ആലിംഗനം, ഹസ്തദാനം, പൊതു ടോയ്‌ലറ്റ് ഉപയോഗം
2. കൊതുകുകടി
3. കായികമത്സരങ്ങളില്‍
ഒന്നിച്ചിടപഴകുന്നതിലൂടെ
4. എച്ച്‌ഐവി ബാധിതനെ സ്പര്‍ശിക്കുന്നതിലൂടെ(എന്നാല്‍ നിങ്ങളുടെ ശറീരത്തിലെ മുറിവുകളില്‍ എച്ച്‌ഐവി ബാധിതന്റെ ശരീരസ്രവങ്ങള്‍ പുരണ്ടാല്‍ എയ്ഡ്‌സ് പകരാനുളള സാധ്യതയുണ്ട്)
5. അവയവങ്ങളോ രക്തമോ
എയ്ഡ്‌സ് ബാധിതനു ദാനം ചെയ്യുന്നതിലൂടെ
(അവയവം ദാനം ചെയ്യുമ്പോള്‍
സ്വീകര്‍ത്താവുമായി നേരിട്ടു ബന്ധത്തില്‍ വരുന്നില്ല) ദാനം ചെയ്യുന്നയാള്‍ക്ക് എയ്ഡസ് പിടിപെടില്ല. (എന്നാല്‍ എച്ച്‌ഐവി ബാധിതനില്‍ നിന്നു രക്തമോ അവയവമോ സ്വീകരിക്കുന്നതു വഴി എയ്ഡ്‌സ് പകരാം.)

എച്ച്‌ഐവി ബാധയ്ക്കു സാധ്യത ഏറെയുളളവര്‍

1. മരുന്നു കുത്തിവയ്ക്കാന്‍ പലരുപയോഗിച്ച
സൂചി വീണ്ടും ഉപയോഗിക്കുന്നവര്‍
2. എച്ച്‌ഐവി ബാധിതയായ
അമ്മയ്ക്കു ജനിക്കുന്ന കുഞ്ഞ്
3. സുരക്ഷിതമല്ലാത്ത ലൈംഗികജീവിതം നയിക്കുന്നവര്‍.

ലക്ഷണങ്ങള്‍

എച്ച്‌ഐവി ബാധിതരില്‍ പത്തു വര്‍ഷത്തോളം ലക്ഷണങ്ങളൊന്നും പ്രകടമാവില്ല. ഈ ഘട്ടത്തിലും ഇവരില്‍ നിന്നു മറ്റുളളവരിലേക്കു രോഗം പകരാം. രോഗം കണ്ടെത്തുകയോ ചികിത്സയ്ക്കു വിധേയമാവുകയോ ചെയ്യാത്ത പക്ഷം രോഗപ്രതിരോധസംവിധാനം തകരാറിലാകുന്നു. വിറയല്‍, പനി, രാത്രിയില്‍ അമിതമായി വിയര്‍ക്കല്‍, ക്ഷീണം, ഭാരക്കുറവ് തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നു. ചൊറിഞ്ഞു തടിക്കല്‍, തൊണ്ടയ്ക്ക് അണുബാധ, ലിംഫ് നോഡുകളില്‍ വീക്കം തുടങ്ങിയ ലക്ഷണങ്ങളും പ്രകടിപ്പിക്കുന്നു. അവയൊക്കെ മറ്റുപല രോഗങ്ങളുടെയും കൂടി ലക്ഷണങ്ങളാണ്. അതിനാല്‍ സന്ദേഹമുളളവര്‍ കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ ജ്യോതിസ് കേന്ദ്രങ്ങളിലെത്തി എച്ച്‌ഐവി പരിശോധനയ്ക്കു വിധേയമാവുക. പരിശോധനയും ചികിത്സയും സൗജന്യം.

ജ്യോതിസ് കേന്ദ്രങ്ങള്‍

കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ ജ്യോതിസ് കേന്ദ്രങ്ങളില്‍ എച്ച്‌ഐവി പരിശോധനയും ചിക ിത്സയും സ ൗജന്യമായി ലഭ്യമാണ്. സംസ്ഥാനത്ത് ഒട്ടാകെ 163 ജ്യോതിസ് കേന്ദ്രങ്ങളുണ്ട്. മെഡിക്കല്‍ കോളജുകള്‍, ജില്ലാ ആശുപത്രികള്‍, ജനറല്‍ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍, ചില ഇഎസ്‌ഐ ആശുപത്രികള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ജ്യോതിസ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ ചില റെയില്‍വേ സ്‌റ്റേഷനുകള്‍, പ്രധാന ജയിലുകള്‍ എന്നിവിടങ്ങളിലും ജ്യോതിസ് – ഇന്റഗ്രേറ്റഡ് കൗണ്‍സലിംഗ് ആന്‍ഡ് ടെസ്റ്റിംഗ് – കേന്ദ്രങ്ങളുണ്ട്.

രോഗനിര്‍ണയം

1. എലൈസ ടെസ്റ്റ്– എന്‍സൈം ലിങ്ക്ഡ് ഇമ്യൂണോസോര്‍ബന്റ് അസെയ് അഥവാ എലൈസാടെസ്റ്റ് എച്ച്‌ഐവി അണുബാധ സ്ഥിരീകരിക്കാന്‍ സഹായകം. പരിശോധനാഫലം പോസിറ്റീവാണെങ്കില്‍ ഫലം ശരിയാണെന്ന് ഉറപ്പുവരുത്തുന്നതിന് രണ്ടാമതൊരു ടെസ്റ്റിനു വിധേയനാകാന്‍ നിര്‍ദ്ദേശിക്കും. പരിശോധനാഫലം നെഗറ്റീവ് ആണെങ്കില്‍ വ്യക്തി എച്ച്‌ഐവി ബാധിതനല്ലെന്ന് ഉറപ്പുവരുത്താം.
2. വെസ്‌റ്റേണ്‍ ബ്ലോട്ട്– എലൈസ ടെസ്റ്റിന്റെ ഫലം ഉറപ്പു വരുത്തുന്നതിനാണ് ഇതു നടത്തുന്നത്. എച്ച്‌ഐവി ബാധിതരുടെ ശരീരത്തിലെ പ്രോട്ടീന്‍ കണ്ടെത്തുന്നതിന് ഇതുപയോഗിക്കുന്നു.
3. പിസിആര്‍– എച്ച്‌ഐവി ബാധിതരിലെ ജനിതകഘടനയിലെ ഡിഎന്‍എ, ആര്‍എന്‍എ ക്രമങ്ങള്‍ നിര്‍ണയിക്കുന്നതിന് പോളിമേഴ്‌സ് ചെയ്ന്‍ റിസേര്‍ച്ച് ടെസ്റ്റ് സഹായകം. ജനിതഘടനയിലെ എച്ച്‌ഐവി സാന്നിധ്യം കണ്ടെത്തുന്നതിനാണിത്. രോഗപ്രതിരോധശക്തിയുമായി ബന്ധപ്പെട്ട കോശങ്ങളാണ് സിഡി 4 കോശങ്ങള്‍. എയ്ഡ്‌സ് രോഗികളില്‍ ഇത്തരം കോശങ്ങളുടെ എണ്ണം കുറയുന്നതായി കാണുന്നു. സിഡി 4 കൗണ്ട് ടെസ്റ്റാണ് എയ്ഡ്‌സ് പരിശോധനകളിലൊന്ന്. എച്ച്‌ഐവി ആര്‍എന്‍എ ലെവല്‍ ടെസ്റ്റാണ് മറ്റൊന്ന്. രക്തപരിശോധനകള്‍, സെര്‍വിക്കല്‍ പാപ് സ്മിയര്‍ പരിശോധന എന്നിവയും രോഗാവസ്ഥ നിര്‍ണയിക്കുന്നതിനു സഹായകം.

ചികിത്സ

നിലവില്‍ എയ്ഡ്‌സിനു ചികിത്സയില്ല. എന്നാല്‍ ആരോഗ്യനില മെച്ചപ്പെടുത്തുന്നതിനും അണുബാധ കുറയ്ക്കുന്നതിനും സഹായകമായ മരുന്നുകള്‍ ലഭ്യമാണ്. ഇത്തരം മരുന്നുകള്‍ എയ്ഡ്‌സ് വൈറസ് പെരുകുന്നതു തടയുന്നു. എയ്ഡസിനു ഫലപ്രദമായ മരുന്നു കണ്ടുപിടിക്കാനുളള ഗവേഷണങ്ങള്‍ നടന്നുവരുന്നു.

പ്രതിരോധിക്കാം

1. ഒന്നിലധികം പങ്കാളികളുമായുളള ലൈംഗികജീവിതം ഒഴിവാക്കുക. സുരക്ഷിതമല്ലാത്ത ലൈംഗികശീലങ്ങള്‍ ഒഴിവാക്കുക.
2. രക്തം സ്വീകരിക്കേണ്ടി വരുമ്പോള്‍ എച്ച്‌ഐവി
വിമുക്തമെന്ന് ഉറപ്പുവരുത്തുക
3. ഒരിക്കല്‍ ഉപയോഗിച്ച സിറിഞ്ചും സൂചിയും വീണ്ടും ഉപയോഗിക്കരുത്. അവ നശിപ്പിച്ചു കളയുക. ഡിസ്‌പോസിബിള്‍ സിറിഞ്ചുകള്‍ ഉപയോഗിക്കുക.
4. ഒരാള്‍ക്കു പച്ച കുത്താന്‍ ഉപയോഗിച്ച സൂചി മറ്റൊരാള്‍ക്ക് ഉപയോഗിക്കരുത്.
5. ബാര്‍ബര്‍ ഷോപ്പുകളില്‍ ഒരോരുത്തര്‍ക്കും പ്രത്യേകം ഷേവിംഗ് ബ്ലേഡ് ഉപയോഗിക്കുക.
6. മയക്കുമരുന്നുകള്‍ ഉപയോഗിക്കരുത്. (മയക്കുമരുന്നുകള്‍ കുത്തിവയ്ക്കാന്‍ പലരുപയോഗിച്ച സൂചി ഉപയോഗിക്കുന്നതു വഴി എച്ച്‌ഐവി പകരാം)
7. രക്തം ദാനം ചെയ്യുമ്പോഴും സ്വീകരിക്കുമ്പോഴും അത് അണുവിമുക്തമെന്ന് ഉറപ്പുവരുത്തുക.
8 ലൈംഗിക പങ്കാളിയുടെ ആരോഗ്യനില, ജീവിതരീതി, ബന്ധങ്ങള്‍ എന്നിവയില്‍ സജീവശ്രദ്ധ പുലര്‍ത്തുക.

Related posts