ഹയ്യട ഹയ്യാ! മധ്യപ്രദേശ് മുഖ്യമന്ത്രിയെ പോലീസുകാര്‍ എടുത്തുകൊണ്ടുപോയി, ബിജെപി മുഖ്യമന്ത്രിക്കെതിരേ രൂക്ഷവിമര്‍ശനമുയരുന്നു

cm 2ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കെല്ലാം കഷ്ടകാലമാണെന്നു തോന്നുന്നു. എല്ലാവരും എന്തെങ്കിലും വിവാദത്തില്‍പ്പെടുന്നു. ഹരിയാന, ജാര്‍ഖണ്ഡ് മുഖ്യമന്ത്രിമാര്‍ക്ക് പിന്നാലെ പുലിവാല് പിടിച്ചിരിക്കുന്നത് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹനാണ്. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനെത്തിയ മുഖ്യമന്ത്രിയെ പോലീസുകാര്‍ എടുത്തുകൊണ്ടു പോകുന്ന സംഭവമാണ് വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരിക്കുന്നത്.

പന്നാ ജില്ലയിലെ അമംഗാംഗ് തെഹ്‌സില്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് സംഭവം. ചൗഹാനെ എടുത്തു കൊണ്ടുപോകുന്ന ചിത്രങ്ങള്‍ ആരോ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. സംഭവം മാധ്യമങ്ങളും ഏറ്റെടുത്തതോടെ മുഖ്യമന്ത്രിക്കെതിരേ പ്രതിപക്ഷവും രംഗത്തെത്തി.

ചെളി നിറഞ്ഞ വഴിയിലൂടെ നടക്കുന്ന ചൗഹാന്റെ ചെരുപ്പുകള്‍ കൂടെയുള്ള ഉദ്യോഗസ്ഥന്‍ പിടിച്ചിരിക്കുന്ന മറ്റൊരു ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ വിശദീകരണവുമായി അധികൃതര്‍ രംഗത്തെത്തി. മന്ത്രിക്ക് പാമ്പു കടിയേല്‍ക്കാതിരിക്കാനും മറ്റു അപകടങ്ങള്‍ സംഭവിക്കാതിരിക്കാനുമാണ് എടുത്തുകൊണ്ടു പോകാന്‍ ജില്ലാ കളക്ടറും പോലീസുകാരും തീരുമാനിക്കുകയായിരുന്നുവെന്നാണ് വിശദീകരണം. വെള്ളപ്പൊക്കത്തില്‍ ഇതുവരെ 17 പേരാണ് മരിച്ചത്. പ്രദേശത്ത് നിന്ന് 4500 പേരെ മാറ്റിപ്പാര്‍പ്പിച്ചു.

Related posts