ഞാന്‍ വെറുതെ പറഞ്ഞതേയുള്ളു, ചോറും മീന്‍കറിയും കഴിക്കാന്‍ തോന്നുന്നു, പ്രോഗ്രാം കഴിഞ്ഞ് റൂമിലെത്തിയപ്പോള്‍ കണ്ട കാഴ്ച്ച ഞെട്ടിക്കുന്നതായിരുന്നു, ലാലേട്ടനെക്കുറിച്ച് സിദ്ധിഖ്

രാഷ്ട്രദീപിക വെബ്‌ഡെസ്ക്

sidiqueപ്രേക്ഷകരെയും ആരാധകരെയും കൈയിലെടുക്കുന്നതില്‍ മോഹന്‍ലാലിനുള്ള കഴിവ് അവര്‍ണനീയമാണ്. മറ്റുള്ളവരുടെ മനസ് വായിക്കാനുള്ള ഒരുതരം പ്രത്യേക കഴിവ് ലാലിനുണ്ട്. തന്റെ ചുറ്റുമുള്ളവരുടെ ഇഷ്ടങ്ങള്‍ സാധിച്ച് കൊടുക്കുന്നതില്‍ ഏറെ സന്തോഷം കണ്ടെത്തുന്ന ആളാണ് മോഹന്‍ലാല്‍ എന്ന അതുല്യ കലാകാരന്‍.

ലാലിന്റെ സഹപ്രവര്‍ത്തകരില്‍ പലരും ആ സ്‌നേഹ വാത്സല്യങ്ങള്‍ ആവോളം അനുഭവിച്ചവരുമാണ്. ഇത്തരത്തില്‍ മോഹന്‍ലാല്‍ എന്ന താരം വെള്ളിത്തിരയില്‍ ഉദിച്ച്, വളരെ നാളുകള്‍ക്ക് ശേഷം അവിടേക്ക് കടന്നു വരികയും, അഭിനയ മികവിലൂടെ പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കുകയും ചെയ്ത നടനാണ് സിദ്ദിഖ്. ആരെയും അതിശയിപ്പിക്കുന്ന പെരുമാറ്റത്തിനുടമയായ മോഹന്‍ലാല്‍ എന്ന വ്യക്തിത്വം പരിചയപ്പെട്ട നാള്‍ മുതല്‍ തന്നെ എങ്ങനെ ഞെട്ടിച്ചുകൊണ്ടിരിക്കുന്നു എന്നതിനെക്കുറിച്ച് സിദ്ദിഖ് വാചാലനാകുന്നു.

“ഛോട്ടാ മുംബൈ എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയം. ഉച്ചയ്‌ക്കൊരു ഫോണ്‍ വന്നു. ലാലായിരുന്നു മറുവശത്ത്. ഞാന്‍ വീട്ടില്‍ വന്നാല്‍ ഊണ് തരാമോ എന്ന് ചോദിച്ചു. പിന്നെന്താ എന്ന് ഞാന്‍. എങ്കില്‍ ഗേറ്റ് തുറക്കൂ ഞാന്‍ നിങ്ങളുടെ വീടിന്റെ മുന്നിലുണ്ട്. ഇതാണ് ലാല്‍. ഓരോ നിമിഷവും എന്തെങ്കിലുമൊക്കെ സര്‍പ്രൈസുകള്‍ അദ്ദേഹം നല്‍കിക്കൊണ്ടിരിക്കും.

മറ്റൊരിക്കല്‍ ഒരു ഗള്‍ഫ് ഷോയുടെ ഭാഗമായി ഞങ്ങള്‍ ഒന്നിച്ച് ദുബായില്‍ ഉണ്ടായിരുന്നു. പ്രോഗ്രാമുള്ള ദിവസം ഞാന്‍ ഒന്നും കഴിക്കാറില്ല. പക്ഷേ ലാല്‍ നിര്‍ബന്ധിച്ചുകൊണ്ടിരിക്കും. ആ സമയത്ത് ഞാന്‍ പറഞ്ഞു. എത്ര ദിവസമായി ഇത് തന്നെ കഴിക്കാന്‍ തുടങ്ങിയിട്ട്?  ചോറും മീന്‍ കറിയും കഴിക്കാന്‍ തോന്നുന്നു എന്ന്. പിന്നീട് പ്രോഗ്രാമൊക്കെ കഴിഞ്ഞപ്പോള്‍ ലാല്‍ എന്നെ റൂമിലേക്ക് വിളിച്ചു. അവിടെ കണ്ട കാഴ്ച എന്നെ ഞെട്ടിച്ചു. രണ്ട് പാത്രത്തിലായി ചോറും മീന്‍കറിയും ഇരിക്കുന്നു. എന്റെ ആഗ്രഹം കേട്ട് ദുബായിലുള്ള ലാലിന്റെ തന്നെ ഹോട്ടലില്‍ നിന്ന് വരുത്തിച്ചതായിരുന്നു അത്. അന്ന് ലാല്‍ എന്റെ കൈയില്‍ നിന്ന് ഒരുള ചോറ് വാങ്ങി കഴിക്കുക കൂടി ചെയ്തു. ഇതിനുമൊക്കെ പുറമേ എത്രയെത്ര സംഭവങ്ങള്‍, അനുഭവങ്ങള്‍.

ഒരിക്കല്‍ ലാലിന്റെ വീട്ടില്‍ ചെന്നപ്പോഴാണ് മനസിലായത് ലാലിന് എന്തുകൊണ്ടാണ് ഇത്ര സ്‌നേഹസമ്പന്നനാകാന്‍ കഴിയുന്നത് എന്ന്. ലാലിന്റെ അമ്മ തന്നെയാണ് അതിന് കാരണം. എല്ലാവരേയും സ്‌നേഹിക്കാന്‍ മാത്രം അറിയാവുന്ന ഒരമ്മ. ആ അമ്മയില്‍ നിന്ന് കിട്ടിയ സ്‌നേഹത്തിന്റെ മാധുര്യമാണ് അദ്ദേഹം എല്ലാവര്‍ക്കും പകര്‍ന്ന് കൊടുത്തുകൊണ്ടിരിക്കുന്നതും- സിദ്ദിഖ് പറഞ്ഞു നിര്‍ത്തുന്നു.

Related posts