രണ്ടുമാസം കിടന്നകിടപ്പ് കിടക്കാമോ? പതിനൊന്ന് ലക്ഷം ശമ്പളം വാങ്ങിക്കാം! ഫ്രഞ്ച് ബഹിരാകാശ ഗവേഷകര്‍ ജോലിക്കാരെ തേടുന്നു; ട്വിറ്റര്‍ പോസ്റ്റ് കാണാം

men-sleep-properlyദിവസത്തിലെ മുഴുവന്‍ സമയവും അല്ലെങ്കില്‍ തോന്നുന്നയത്രയും ഉറങ്ങാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന ചിന്തിക്കുന്ന ധാരാളമാളുകളുണ്ട്. കിടക്കയില്‍ നിന്ന്  എഴുന്നേല്‍ക്കുക എന്നതാണ് ഇത്തരക്കാരെ സംബന്ധിച്ച് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം. ഇങ്ങനെ കിടക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ് താങ്കളെങ്കില്‍ ഇതാ ഒരു സന്തോഷവാര്‍ത്ത. കിടന്നുകൊണ്ട് ലക്ഷങ്ങള്‍ സമ്പാദിക്കാന്‍ ഒരു വഴിയുണ്ട്. രണ്ട് മാസം കിടന്ന കിടപ്പില്‍ കിടന്നാല്‍ പതിനൊന്ന് ലക്ഷം പോക്കറ്റിലാക്കാം. ഫ്രഞ്ച് സ്പേസ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റൂഷനിലെ ഗവേഷകര്‍ ഈ ജോലിയ്ക്ക് സന്നദ്ധരായ 24 പേരെ തേടുകയാണ്.

കിടക്കയില്‍ കിടക്കുന്നവരെ നിരീക്ഷിച്ച് മൈക്രോഗ്രാവിറ്റിയുടെ അനന്തരഫലങ്ങള്‍ പഠിക്കുകയാണ് ഗവേഷകരുടെ പ്രധാന ലക്ഷ്യം. 20 വയസ്സിനും 45 വയസ്സിനും ഇടയില്‍ പ്രായമുള്ള ആരോഗ്യമുള്ള പുരുഷന്‍മാര്‍ക്കാണ് തൊഴിലവസരം. 22-27 ഇടയിലായിരിക്കണം തൊഴില്‍ അപേക്ഷകരുടെ ബോഡി മാസ് ഇന്‍ഡക്സ്. അലര്‍ജി ഇല്ലാത്തവരും പുകവലിക്കാത്തവരുമായിരിക്കണം അപേക്ഷകര്‍. രണ്ട് മാസത്തില്‍ ഒരു നിമിഷം പോലും കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ കഴിയില്ല. എന്നാല്‍ കിടക്കയില്‍ കിടക്കുകയാണെന്ന കാരണത്താല്‍ ദിനചര്യകളില്‍ മുടക്കം വരുത്താനും പാടില്ല. കുളിക്കുന്നതും ഭക്ഷണം കഴിക്കുന്നതുമെല്ലാം കിടക്കയില്‍ കിടന്നുതന്നെ വേണം.

ഒരു തോളെങ്കിലും കിടക്കയില്‍ ഉണ്ടാകണമെന്നാണ് നിബന്ധനയെന്ന് പഠനത്തിന് നേതൃത്വം നല്‍കുന്ന ഡോ. അര്‍നൗദ് ബെക്ക് പറയുന്നു. ആദ്യ രണ്ടാഴ്ച വോളണ്ടിയേഴ്‌സിനെ വിവിധ പരിശോധനകള്‍ക്ക് വിധേയരാക്കും. പിന്നീടുള്ള രണ്ടുമാസമാണ് ഇവര്‍ കിടന്ന കിടപ്പില്‍ കിടക്കേണ്ടത്. ആറ് ഡിഗ്രി തലതാഴ്ത്തിയായിരിക്കണം കിടക്കേണ്ടത്. എപ്പോഴും കിടക്കുക എന്നത് ഒട്ടുമിക്കയാളുകളുടെയും സ്വപ്‌നമാണെങ്കിലും ഇത് കരുതുന്നതുപോലെ എളുപ്പമുള്ളതായിരിക്കില്ല എന്നാണ് ഡോ. ബെക്ക് പറയുന്നത്. ബഹിരാകാശത്ത് ദീര്‍ഘകാലം കഴിയുന്ന ബഹിരാകാശ യാത്രികരുടെ പേശികള്‍ ക്ഷയിക്കുകയും എല്ലുകളുടെ ബലം കുറയുകയും ചെയ്യാറുണ്ട്. ഭാരമില്ലാത്ത അവസ്ഥയില്‍ മനുഷ്യശരീരത്തില്‍ ഉണ്ടാകുന്ന പ്രതികൂല ഫലങ്ങള്‍ പഠിക്കുകയാണ് ഫ്രഞ്ച് ഗവേഷകര്‍ പഠനത്തിലൂടെ ലക്ഷ്യമിടുന്നത്.

Related posts