സ്മിത്ത് പട നയിച്ചു; സൂപ്പർ ജയന്‍റിനു സൂപ്പർ ജയം

 smith-lപൂന: ഇന്ത്യൻ പ്രീമിയർ ലീഗ് രണ്ടാം മത്സരത്തിൽ പൂന സൂപ്പർ ജയന്‍റിനു വിജയം. മുംബൈ ഇന്ത്യൻസ് ഉയർത്തിയ 185 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന പൂനയെ നായകൻ സ്റ്റീവ് സ്മിത്ത് മുന്നിൽനിന്നു നയിച്ചപ്പോൾ ഒരു പന്ത് ബാക്കിനിൽക്കെ ടീം വിജയം പിടിച്ചെടുക്കുകയായിരുന്നു.

അവസാന രണ്ടു പന്തും സിക്സറിനു പായിച്ചായിരുന്നു സ്മിത്ത് വിജയമൊരുക്കിയത്. സ്മിത്ത് 54 പന്തിൽനിന്ന് 84 റണ്‍സ് നേടി. മുൻ നായകൻ എം.എസ്.ധോണി 12 റണ്‍സുമായി പുറത്താകാതെനിന്നു. ഓപ്പണർ അജിൻക്യ രഹാനെയും തകർപ്പൻ ബാറ്റിംഗും പൂന ജയത്തിൽ നിർണായകമായി. രഹാനെ 34 പന്തിൽനിന്ന് 60 റണ്‍സ് നേടി.

ആദ്യം ബാറ്റ് ചെയ്ത മുംബൈക്കു വേണ്ടി പാർഥിവ് പട്ടേലും ജോസ് ബട്ലറും ചേർന്നു മികച്ച തുടക്കമാണ് നൽകിയത്. 10 റണ്‍സ് ശരാശരിയിൽ മുന്നേറിയ മുംബൈയുടെ ആദ്യ വിക്കറ്റ് നഷ്ടപ്പെടുന്നത് അവർക്ക് 4.2 ഓവറിൽ 45 റണ്‍സെത്തിയപ്പോഴാണ്. 19 റണ്‍സെടുത്ത പാർഥിവ് പട്ടേലാണ് ആദ്യം പുറത്തായത്.

പിന്നാലെയെത്തിയ രോഹിത് ശർമയെയും (3) 38 റണ്‍സെടുത്ത ജോസ് ബട്ലറെയും താഹിർ പുറത്താക്കിയതോടെ മുംബൈ 6.3 ഓവറിൽ മൂന്നിന് 61 എന്ന നിലയിലേക്കു പതിച്ചു. മധ്യനിരയിൽ 34 റണ്‍സെടുത്ത നിധീഷ് റാണ തിളങ്ങി. അവസാന ഓവറിൽ തകർത്തടിച്ച ഇന്ത്യൻ താരം ഹർദിക് പാണ്ഡ്യയാണ് മുംബൈയെ മികച്ച സ്കോറിലെത്തിച്ചത്. അവസാന ഓവറിൽ 30 റണ്‍സാണ് പൂന വഴങ്ങിയത്. ഇതിൽ 29 റണ്‍സും പാണ്ഡ്യയുടെ വകയായിരുന്നു. പൂന സൂപ്പർ ജയന്‍റിനു വേണ്ടി ഇമ്രാൻ താഹിർ മൂന്നു വിക്കറ്റ് നേടി.

Related posts