‘താന്‍ മുസ്ലീമല്ലേ? ബാഗിലെന്താണ് ബോംബാണോ?’? ഒരു മുസ്ലീം എന്ന നിലയില്‍ ബംഗളൂരുവില്‍ തനിക്ക് നേരിട്ട ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി മലയാളി ജവാന്‍

shiqഈദ് ആഘോഷിക്കാനായി കേരളത്തിലേക്കു വരുന്നവഴിയ്ക്ക് ബാംഗ്ലൂരില്‍ നേരിട്ട അനുഭവത്തിന്റെ ഞെട്ടലിലാണ് കണ്ണൂര്‍ ശ്രീകണ്ഠാപുരം സ്വദേശിയായ ആഷിഖ് എന്ന ജവാന്‍. ‘മുസ്ലീമല്ലേ, ബാഗിലെന്താ ബോംബാണോ?’ഗുവാഹത്തില്‍ നിന്നും ബാംഗ്ലൂര്‍ ഇന്‍ഡിഗോ വിമാനത്തില്‍ ബംഗളുരുവിലെത്തിയ ആഷിഖ് നേരിട്ട ചോദ്യമിതായിരുന്നു. ഈ സംഭവത്തിനുശേഷം നമ്മുടെ നാടിനെയോര്‍ത്ത് തനിക്ക് ഭയം തോന്നുന്നു എന്നാണ് ആഷിഖ് പറയുന്നത്. ഫേസ്ബുക്കിലാണ് ആഷിഖ് താന്‍ നേരിട്ട ഈ ചോദ്യം ചെയ്യലിനെക്കുറിച്ചു വിവരിച്ചത്.

കഴിഞ്ഞ അഞ്ചുവര്‍ഷത്തിലധികമായി ഇന്ത്യന്‍ കരസേനയിലെ അംഗമാണ് ആഷിഖ്. 24 ദിവസത്തെ അവധിയ്ക്ക് ഈദ് ആഘോഷത്തനായി നാട്ടിലേക്കു തിരിച്ചതായിരുന്നു, അസമില്‍ ജോലി ചെയ്യുന്ന ആഷിഖ്. ബംഗളുരു എയര്‍പോര്‍ട്ടില്‍ നിന്നും ബി.എം.ടി.സി. ബസില്‍ മജസ്റ്റിക്കിലെത്തി അവിടെ നിന്നുള്ള ഒരു ലോക്കല്‍ ബസില്‍ സാറ്റലെറ്റ് സ്റ്റാന്‍ഡിലേക്ക് വരുമ്പോഴാണ് ഒരു മുസ്ലീം എന്ന നിലയില്‍ തനിക്ക് ഈ ദുരനുഭവമുണ്ടായതെന്ന് ആഷിഖ് പറയുന്നു.

ആഷിഖിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…

സമയം ഏകദേശം രാത്രി ഒരു 9 നും 10 നും ഇടയില്‍, ഇന്ത്യയുടെ രാജ്യസേവനം എന്ന മഹത്തായ ജോലിയുടെ നീണ്ട 5 മാസത്തെ ഇടവേളയ്ക്കു ശേഷം ഞാന്‍ ഈദ് ആഘോഷിക്കുവാന്‍ 24 ദിവസത്തേക്ക് നാട്ടിലേക്ക് വരുന്ന സമയം. ഗുവാഹത്തിയില്‍ നിന്നും ബാംഗ്ലൂര്‍ ഇന്‍ഡിഗോ ഫ്ലൈറ്റിലാണ് ഞാന്‍ വന്നിറങ്ങിയത്. സമയം 7:40 ആയി, അവിടെനിന്നും ഞാന്‍ നേരെ നാട്ടിലേക്ക് പോകുവാനായി BMTC യുടെ ബസ്സില്‍ മജിസ്റ്റിക്കിലേക്. പിന്നെ അവിടെ നിന്നും ഒരു ലോക്കല്‍ ബസ്സില്‍ സാറ്റലൈറ്റ് ബസ് സ്റ്റാന്‍ഡിലേക്ക് ഒരു യാത്ര. ജീവിതത്തില്‍ എനിക്ക് ഉണ്ടായ ഏറ്റവും കൈപ്പേറിയ ഒരു അനുഭവമായിരുന്നു അത്. എന്റെ ഈ അനുഭവം ഇന്ന് ഇന്ത്യയുടെ ഏകദേശം എല്ലാ ഭാഗത്തും ഒരു വിഭാഗത്തിന്റെ മേല്‍ ചില പ്രത്യേക വിഭാഗക്കാര്‍ ചെയ്യുന്ന അതേ സംഭവം. എനിക്ക് വന്ന സംഭവം ഞാന്‍ ഇവിടെ അറിയിക്കേണമെന്നു എനിക്ക് തോന്നി…….

മജിസ്റ്റിക്കില്‍ നിന്നും ഞാന്‍ ഒരു ലോക്കല്‍ ബസ്സില്‍ സാറ്റലിറ്റിലേക് പോവുമ്പോഴാണ് എന്നെ ഒരാള്‍ വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായി എനിക്ക് കാണാന്‍ സാധിച്ചത്. പിന്നെ അയാളുടെ നോട്ടം എന്റെ താടിയിലേക്കും പിന്നെ എന്റെ ബാഗിലേക്കും ആയി. അവിടെ നിന്നും അയാള്‍ എന്റെ അടുത്തേക്ക് വന്നു, എന്നിട്ട് എന്നോട് ചോദിച്ചു നിങ്ങളുടെ ബാഗില്‍ എന്താണ് എന്ന്. പിന്നെ പറഞ്ഞു നിങ്ങള്‍ മുസ്ലിം അല്ലേ, ബാഗില്‍ ബോംബ് ആണോ എന്നും. അപ്പോള്‍ ബാഗില്‍ ബോംബൊന്നുമില്ല എന്ന് ഞാന്‍ അയാളോട് പറഞ്ഞു. കൂടാതെ മുസ്ലിംസ് എല്ലാവരും തീവ്രവാദികള്‍ അല്ല എന്നും.

ഇത്രയും പറഞ്ഞിട്ടും അയാള്‍ക്ക് ഒരു മാറ്റവും ഇല്ല. പിന്നീട് ഞാന്‍ ഇന്ത്യന്‍ മിലിറ്ററിയിലെ ഒരു ജവാനാണ് എന്നും അയാളോട് പറഞ്ഞു. അതിന് തെളിവായി ഞാന്‍ എന്റെ ID കാര്‍ഡും അയാള്‍ക്ക് കാണിച്ചു കൊടുത്തു. അപ്പോള്‍ അയാള്‍ പറഞ്ഞു ഇത് ആര്‍ക്കും കിട്ടും എന്ന്. അതിന് ശേഷം ഞാന്‍ എന്റെ മൊബൈലില്‍ ഉള്ള എന്റെ യൂണിഫോമിട്ട ഒരു ഫോട്ടോയും കാണിച്ചു….. അപ്പോഴും അയാള്‍ക്ക് പറയാനുള്ളത് ഇങ്ങനെയാണ് ഇതേപോലെ ഫോട്ടോ ആര്‍ക്കും എടുക്കാന്‍ പറ്റും പോലും.

പിന്നീട് ഞാന്‍ അയാളോട് ഒന്നും ബോധിപ്പിക്കാന്‍ നിന്നില്ല. നിങ്ങള്‍ നിങ്ങളുടെ പണി നോക്ക് എന്നും പറഞ് ഞാന്‍ അയാളെ മൈന്‍ഡ് ചെയ്യാതെ നിന്നു. ആ സംഭവം നടക്കുന്ന സമയത്ത് എനിക്ക് വളരെയധികം ദേഷ്യവും ഉണ്ടായിരുന്നു. പക്ഷെ ഞാന്‍ ഒന്നും കാര്യമായിട്ട് പ്രതികരിക്കാതെ മാറിനിന്നു. എന്റെ പ്രതികരണശേഷി ഇല്ലാത്തത് കൊണ്ടല്ല. മറിച്ച് നമ്മുടെ രാജ്യത്തു ഇന്ന് സംഭവിക്കുന്ന കാര്യങ്ങളെ ഒന്നുമാത്രം ഓര്‍ത്തുകൊണ്ട് മാത്രമാണ്. ഇനി ഞാനും പ്രതികരിച്ചാല്‍ പിന്നീട് അവര്‍ എന്നെയും ഒരു രാജ്യദ്രോഹിയുടെയോ തീവ്രവാദിയുടെയോ മുദ്ര നല്‍കാന്‍ ചാന്‍സ് ഉണ്ട്. അത് കൊണ്ട് ആ സാഹചര്യം മനസിലാക്കി ഞാന്‍ പ്രതികരിച്ചില്ല.

നമ്മുടെ നാട് ഏറ്റവും വലിയ ഒരു അപകടത്തിലാണ് എന്നാണ് ഇതില്‍ നിന്നും എനിക്ക് മനസിലാക്കാന്‍ സാധിച്ചത്. ഇത് നമ്മുടെ നാടിനെ നശിപ്പിക്കുകയല്ലാതെ മറ്റൊരു നേട്ടവും ഒരിക്കലും ഉണ്ടാകില്ല. ഇവിടെ താടി അല്ല പ്രശ്നം അത് ആര് വെച്ചു എന്ന് ആവുമ്പോഴാണ് പ്രശ്നം വരുന്നത്. ബാബാരാംദേവ് താടി വെക്കുമ്പോള്‍ ഇവിടെ മറ്റൊരു ചിന്താഗതിയും എം എം അക്ബര്‍ താടിവെയ്ക്കുമ്പോള്‍ വേറെ ഒരു ചിന്താഗതിയും. 100% രാജ്യസ്നേഹി എന്ന് ഉറപ്പിച്ചു പറയുവാന്‍ അവകാശമുള്ള ഒരു ജവാന്റെ അവസ്ഥ ഇതാണെങ്കില്‍ ബാക്കി സാധാരണക്കാരനായ ആള്‍ക്കാര്‍ അവരെ രാജ്യസ്നേഹം തെളിയിക്കാന്‍ ഇനി എന്തൊക്കെ ചെയ്യേണ്ടി വരും…..

Related posts