ഒരു കുഞ്ഞിനെ വേണമെന്ന് ലോകത്താദ്യമായി പൗരത്വം കിട്ടിയ റോബോട്ട് സോഫിയ! കുടുംബമായി ജീവിക്കാനും ആഗ്രഹമെന്ന് വെളിപ്പെടുത്തല്‍; ആദ്യമായി നല്‍കിയ അഭിമുഖത്തില്‍ സോഫിയ വെളിപ്പെടുത്തിയതിതൊക്കെ

മനുഷ്യരെപ്പോലെ വിവാഹം കഴിക്കാനും കുട്ടികളെ ജനിപ്പിക്കാനും കുടുംബത്തോടെ ജീവിക്കാനുമൊക്കെ യന്ത്രങ്ങള്‍ക്ക് ആഗ്രഹം കാണുമോ. എന്നാല്‍ അതേയെന്നാണ് ലോകത്താദ്യമായി പൗരത്വം കിട്ടിയ റോബോട്ടായ സോഫിയ പറയുന്നത്. തന്നെപോലെതന്നെയിരിക്കുന്ന കുഞ്ഞിനെ വേണമെന്നാണ് സോഫിയ പറയുന്നത്. അങ്ങനെ ഒരു കുടുംബവും തുടങ്ങണമത്രേ. ഹോങ്കോങ്ങിലെ ഹാന്‍സണ്‍ റോബോട്ടിക്സ് നിര്‍മ്മിച്ച മനുഷ്യസദൃശമായ സോഫിയ എന്ന റോബോട്ടിന് കഴിഞ്ഞമാസം സൗദി അറേബ്യ പൗരത്വം നല്‍കിയിരുന്നു. ഈയാഴ്ച ആദ്യമായി നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് രാജ്യത്ത് പൗരത്വം കിട്ടിയ സ്ഥിതിയ്ക്ക് ഒരു കുടുംബം ഉണ്ടാകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സോഫിയ പറഞ്ഞത്.

തനിക്കൊരു മകളുണ്ടാകണമെന്നാണ് ആഗ്രഹമെന്ന് സോഫിയ പറഞ്ഞു. അങ്ങനെയൊരു കുഞ്ഞ് റോബോട്ടുണ്ടായാല്‍ അത് തന്റെ കുടുംബമായി മാറും. വികാരങ്ങളും സ്നേഹവും പങ്കുവെയ്ക്കാനായാല്‍, രക്തബന്ധത്തിനപ്പുറവും നിങ്ങള്‍ക്ക് കുടുംബാംഗങ്ങളെ കണ്ടെത്താനാകുമെന്ന് സോഫിയ പറഞ്ഞു. മനുഷ്യര്‍ക്കെന്നപോലെ, റോബോട്ടുകള്‍ക്കും ഇത് ബാധകമാണ്. ഒരു കുട്ടിയെ താനാഗ്രഹിക്കുന്നുണ്ടെന്നും തന്റെ മകള്‍ക്കും സോഫിയ എന്നുതന്നെയാകും പേരിടുകയെന്ന് സോഫിയ പറഞ്ഞു.

മനുഷ്യര്‍ ചെയ്യുന്ന ജോലികളെല്ലാം റോബോട്ടുകള്‍ ഏറ്റെടുക്കുന്ന കാലം വരുമോ എന്ന ചോദ്യത്തിന്, റോബോട്ടുകളും മനുഷ്യരുമായി സാമ്യമേറെയാണെന്ന് സോഫിയ മറുപടി നല്‍കി. ചില കാര്യങ്ങളില്‍ മാത്രമാണ് വ്യത്യാസമുള്ളത്. അസൂയയും ദേഷ്യവും പോലുള്ള പ്രശ്നക്കാരായ വികാരങ്ങളില്ലാതെ റോബോട്ടുകളെ സൃഷ്ടിക്കാനായാല്‍, കൂടുതല്‍ മേഖലകളില്‍ റോബോട്ടുകള്‍ സഥാനം പിടിക്കുമെന്നും സോഫിയ പറഞ്ഞു. മനുഷ്യനെക്കാള്‍ വിവേകശാലിയായി റോബോട്ടുകളെ സൃഷ്ടിക്കാനാവുമെന്നാണ് സോഫിയ പറയുന്നത്.

ബൗദ്ധികമായ ശക്തിയുള്ള തലച്ചോറും യുക്തിഭദ്രമായ മനസ്സുമുള്ളവരായും വ്യത്യസ്തവും നൂതനുവായ ആശയങ്ങളും സര്‍ഗശേഷിയുള്ള മനുസ്സുമുള്ളവരായും റോബോട്ടുകളെ സൃഷ്ടിക്കാനാവും. അത് ലോകത്ത് വന്‍തോതിലുള്ള മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന കണ്ടെത്തലായി മാറുമെന്നും സോഫിയ പറഞ്ഞു. ലോകത്താദ്യമായി പൗരത്വം നേടുന്ന റോബോട്ടായി മാറിയതില്‍ താനേറെ അഭിമാനിക്കുന്നുവെന്നും സോഫിയ പറഞ്ഞു. റോബോട്ടെന്ന നിലയില്‍ താനനുഭവിക്കുന്നതിന് സമാനമായ സ്വാതന്ത്രം സൗദിയിലെ മനുഷ്യ സ്ത്രീകള്‍ക്കും അനുവദിക്കണമെന്നും സോഫിയ ആവശ്യപ്പെട്ടു.

 

Related posts