ശ്രീലയയുടെ മരണത്തിന് പിന്നില്‍ കാമുകന്റെ മാനസിക സമ്മര്‍ദം തന്നെ, അന്വേഷണത്തില്‍ നിര്‍ണായകമായത് കൂട്ടുകാരികള്‍ തമ്മിലുള്ള പന്തായം, പരിയാരത്തെ നേഴ്‌സിംഗ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ പത്തൊമ്പതുകാരന്‍ പിടിയിലായത് ഇങ്ങനെ

പരിയാരം മെഡിക്കല്‍ കോളജില്‍ നഴ്‌സിംഗ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ച സംഭവത്തില്‍ തിരുവനന്തപുരം സ്വദേശിയായ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം വെള്ളറട പൊന്നമ്പി ഹരിതഹൗസില്‍ കിരണ്‍ ബെന്നി കോശിനെ (19) ആത്മഹത്യാപ്രേരണകുറ്റത്തിന് ഐപിസി 306 അനുസരിച്ചു ജാമ്യമില്ലാ വകുപ്പ് പ്രകാരം പരിയാരം പ്രിന്‍സിപ്പല്‍ എസ്ഐ വി.ആര്‍. വിനീഷ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂണ്‍ രണ്ടിനാണു പരിയാരം നഴ്സിംഗ് കോളജിലെ ഒന്നാംവര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ഥിനി കോഴിക്കോട് കണ്ണംകര ചേളന്നൂരിലെ രജനി നിവാസില്‍ ജയരാജ്-ലീന ദമ്പതികളുടെ മകള്‍ പി.ശ്രീലയ (19) ഹോസ്റ്റലിലെ ഫാനില്‍ ചുരിദാര്‍ ഷാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

രാവിലെ സുഖമില്ലെന്നു പറഞ്ഞു ക്ലാസില്‍ പോകാതിരുന്ന ശ്രീലയ ഉച്ചയ്ക്കു കൂടെ താമസിക്കുന്ന കൂട്ടുകാരി വന്നപ്പോള്‍ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്നു ജനല്‍ വഴി നോക്കിയപ്പോഴാണു തൂങ്ങിയനിലയില്‍ കണ്ടത്. പഠിക്കാന്‍ വലിയ ബുദ്ധിമുട്ടാണെന്നും അച്ഛനും അമ്മയും ക്ഷമിക്കണമെന്നും റൂമില്‍ കത്തെഴുതിവച്ചതായി പോലീസ് പറഞ്ഞു. എന്നാല്‍ ഈ കത്ത് തന്റെ മകളുടെ കൈയക്ഷരമല്ലെന്നും മരണത്തിനു പിറകിലെ ദുരൂഹത അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു പിതാവ് കോഴിക്കോട് ഗവ.നഴ്‌സിംഗ് സ്‌കൂളിലെ ഡ്രൈവര്‍ ജയരാജന്‍ ജില്ലാ പോലീസ് മേധാവിക്കും കളക്ടര്‍ക്കും പരാതികള്‍ നല്‍കിയിരുന്നു.

മരണത്തിനു പിന്നില്‍ തങ്ങള്‍ക്കു നിരവധി സംശയങ്ങളുണ്ടെന്നും മകള്‍ക്ക് ആത്മഹത്യചെയ്യേണ്ട യാതൊരു കാര്യവുമില്ലെന്നും പരാതിയിലുണ്ട്. ശ്രീലയ സ്വന്തം താല്‍പര്യപ്രകാരമാണു നഴ്‌സിംഗ് തെരഞ്ഞെടുത്തതെന്നും പഠനത്തേക്കുറിച്ചു ഒരുതരത്തിലുള്ള വിഷമവുമുണ്ടായിരുന്നില്ലെന്നും വീട്ടില്‍ വരുമ്പോഴെല്ലാം വളരെ സന്തോഷത്തിലായിരുന്നുവെന്നും പരാതിയില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ കൂടെ താമസിക്കുന്ന മൂന്നു കൂട്ടുകാരികളെ ചോദ്യംചെയ്തപ്പോള്‍ ശ്രീലയ രാത്രി ദീര്‍ഘനേരം ഒരാളുമായി ഫോണില്‍ സംസാരിക്കാറുണ്ടെന്നും അവള്‍ക്ക് ഏതോ ഒരാളുമായി പ്രണയം ഉണ്ടായിരുന്നുവെന്നു വ്യക്തമായതായി പരിയാരം പോലീസ് പറഞ്ഞിരുന്നു.

ശ്രീലയയെ പ്രണയക്കുരുക്കിലാക്കി ആത്മഹത്യയിലേക്ക് എത്തിക്കുകയായിരുന്നുവെന്നാണു പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്. ഹോസ്റ്റല്‍ മുറിയില്‍ കൂടെ താമസിക്കുന്ന ബേപ്പൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി നിന്നെ ഞങ്ങള്‍ പോകുന്നതിനിടക്ക് ആരെയെങ്കിലും കൊണ്ടു പ്രേമിപ്പിക്കുമെന്നു പന്തയം വച്ചിരുന്നതായി മകള്‍ അമ്മയോട് നേരത്തെ പറഞ്ഞിരുന്നുവെന്നു ജയരാജന്‍ പരാതിയില്‍ ബോധിപ്പിച്ചിരുന്നു. മകള്‍ എഴുതിവച്ചുവെന്നു പറഞ്ഞു തങ്ങളെ പോലീസ് കാണിച്ച കത്തിലെ കൈയക്ഷരങ്ങള്‍ പരിശോധനയ്ക്കു വിധേയമാക്കണമെന്നും മകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പരിയാരം പോലീസ് അറിയിച്ചു.

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാത്ത ശ്രീലയ പിതാവ് ജയരാജന്റെ പേരിലെടുത്ത രണ്ടു മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ചിരുന്നുവെന്നും ഈ രണ്ടു ഫോണുകളിലും വന്ന കോളുകള്‍ ആരുടേയെല്ലാമാണെന്നു പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു. ഈ ഫോണുകള്‍ മുറിയില്‍ താമസിക്കുന്ന മൂന്നു കൂട്ടുകാരികള്‍ കൂടി ഉപയോഗിക്കാറുണ്ടെന്നു മകള്‍ പറഞ്ഞതായി പിതാവ് പോലീസിനു മൊഴി നല്‍കിയിരുന്നു.

Related posts