ഭൂമിയില്‍ നിന്ന് രക്ഷപ്പെടാന്‍ സമയമായി! വരാനിരിക്കുന്ന പ്രതിസന്ധികളെ തരണം ചെയ്യാന്‍ ചന്ദ്രനിലും ചൊവ്വയിലും കോളനികള്‍ സ്ഥാപിക്കണം; മനുഷ്യര്‍ ഭൂമിയില്‍ നിന്ന് രക്ഷപെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സ്റ്റീഫന്‍ ഹോക്കിംഗ്

29906170001_5441483696001_5441482981001-vsഭൂമിയിലെ എല്ലാം തകര്‍ന്നു വീഴും മുമ്പെ മറ്റു ഗ്രഹങ്ങളിലേയ്‌ക്കോ ഉപഗ്രഹങ്ങളിലേക്കോ മനുഷ്യര്‍ക്ക് രക്ഷപ്പെടാനുള്ള സമയം അതിക്രമിച്ചെന്ന് പ്രമുഖ ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ്. അടുത്ത 30 വര്‍ഷത്തിനുള്ളില്‍ ചന്ദ്രനിലോ ചൊവ്വയിലോ കോളനികള്‍ സ്ഥാപിക്കാന്‍ മനുഷ്യന്‍ മുന്നിട്ടിറങ്ങേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വര്‍ധിച്ചുവരുന്ന ജനസംഖ്യയും കാലാവസ്ഥാ മാറ്റങ്ങളും ഭൂമിയിലെ മനുഷ്യരുടെ നിലനില്‍പ് വലിയ പ്രതിസന്ധിയിലാക്കുമെന്നും നോര്‍വെയില്‍ നടന്ന സയന്‍സ് ഫെസ്റ്റിവലില്‍ ഹോക്കിംഗ് പറഞ്ഞു.

വരാനിരിക്കുന്ന പ്രതിസന്ധികളെ തരണം ചെയ്യാന്‍ ചന്ദ്രനിലും ചൊവ്വയിലും കോളനികള്‍ സ്ഥാപിക്കുകയാണ് നല്ലത്. ഭൂമിയില്‍ ഇനി കണ്ടെത്താന്‍ സ്ഥലങ്ങളില്ല. ഇക്കാരണത്താലാണ് ഭൂമിക്ക് പുറത്തു തന്നെ മറ്റൊരു താവളം തേടേണ്ടതാണെന്ന് അദ്ദേഹം പറയുന്നത്. അവിടെ പുതിയ ലോകം സൃഷ്ടിക്കണം. സസ്യങ്ങള്‍, മൃഗങ്ങള്‍, ഷഡ്പദങ്ങള്‍ എല്ലാം ഉള്‍പ്പെടുന്ന ഒരു ലോകം ഉടനെ സ്ഥാപിക്കണം. കേവലം ഒരു ഛിന്നഗ്രഹം വന്നിടിച്ചാല്‍ തകരുന്നതാണ് ഭൂമി. ഇതിനു പുറമെ കാലാവസ്ഥാ മാറ്റങ്ങളും ഭൂമിയെ ഇല്ലാതാക്കിയേക്കാം.

മനുഷ്യര്‍ ഭൂമി വിട്ടുപോകേണ്ട ആവശ്യമുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ഭൂമി വളരെ ചെറുതായിരിക്കുന്നു, ഭൗതിക വിഭവങ്ങള്‍ ഭീതിജനകമായ തോതില്‍ വറ്റിപ്പോകുന്നുവെന്നും ഹോക്കിംഗ് പറഞ്ഞു. ഇതിനുമുമ്പും പലതവണ ഭൂമി തകര്‍ച്ചയുടെ വക്കിലാണെന്നും ലോകാവസാനം ഉടനുണ്ടാവുമെന്നും അതിനുമുമ്പായി ആളുകള്‍ എത്രയും വേഗം മറ്റ് ഗ്രഹങ്ങളിലേയ്ക്ക് മാറണമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇതിനുവേണ്ടി ലോകരാഷ്ട്രങ്ങള്‍ ഒന്നിച്ചുനില്‍ക്കണം. എങ്കില്‍മാത്രമേ രക്ഷപ്പെടാന്‍ സാധിക്കുകയുള്ളു. എനിക്കുറപ്പാണ്, മനുഷ്യര്‍ എത്രയും പെട്ടെന്ന് ഭൂമി ഉപേക്ഷിച്ച് പോവുന്നതാണ് നല്ലത്. ഹോക്കിംഗ് വ്യക്തമാക്കി.

Related posts