ഈ അമ്മൂമ്മയാണ് ഇപ്പോള്‍ താരം! മകളുടെയും കൊച്ചുമക്കളുടെയും നിത്യചിലവിനായി 87-മത്തെ വയസിലും പപ്പടം വില്ക്കാനെത്തുന്ന വസുമതിയമ്മ ഒരു ഓര്‍മപ്പെടുത്തലാണ്, അറിയാം ഈ നന്മയെ

അധ്വാനിക്കാതെ സമ്പത്തു നേടാന്‍ മനുഷ്യന്‍ ശ്രമിക്കുന്ന കാലമാണിത്. മറ്റുള്ളവന്റെ സ്വത്തിലും പണത്തിലും കണ്ണുവയ്ക്കുന്നവര്‍ വസുമതിയമ്മ എന്ന ഈ അമ്മൂമ്മയെ അറിയണം. തിരുവനന്തപുരം ചാല മാര്‍ക്കറ്റില്‍ പപ്പടം വില്ക്കുന്ന വസുമതിയമ്മയെ ഫേസ്ബുക്കിലൂടെയാണ് കേരളം ആദ്യമായി അറിയുന്നത്. 25 പപ്പടം ഇരുപത് രൂപ’… ചാല മാര്‍ക്കറ്റില്‍ കൊടും വെയിലത്തിരുന്ന് ഇങ്ങനെ വിളിച്ചു പറയുന്ന ഒരമ്മൂമ്മയുടെ വീഡിയോ വൈറലായിരുന്നു.

തൊട്ടുപിന്നാലെ ഒരു ഹോട്ടല്‍ ഉടമയും സഹപ്രവര്‍ത്തകരും ഈ അമ്മൂമ്മയെ തേടി അവരുടെ വീട്ടിലെത്തി. അത് സോഷ്യല്‍മീഡിയയിലൂടെ ഷെയര്‍ ചെയ്തു. മാത്രമല്ല, തന്റെ ഹോട്ടലിലേക്ക് ഇനിയുള്ള കാലം പപ്പടം വാങ്ങാനുള്ള അഡ്വാന്‍സും നല്കുകയും ചെയ്തു. കഴിഞ്ഞ 40 വര്‍ഷമായി ചാല മാര്‍ക്കറ്റില്‍ പപ്പടം വില്ക്കുന്നു. മകളുടെയും കൊച്ചുമകളുടെയും നിത്യചെലവിനാണ് വസുമതിയമ്മ എണ്‍പത്തിയേഴാം വയസിലും പപ്പടവുമായെത്തുന്നത്.

ആറ്റിങ്ങല്‍ ക്ഷേത്രത്തിനടുത്താണ് താമസം. കഴിഞ്ഞ 40 വര്‍ഷമായി തിരുവനന്തപുരം ചാല മാര്‍ക്കറ്റിലും പരിസരത്തുമായാണ് പപ്പടം വില്‍ക്കുന്നത്. ഭര്‍ത്താവ് മരിച്ചു പോയ ഒരു മകള്‍ക്കും പേരക്കുട്ടികള്‍ക്കുമൊപ്പമാണ് വസുമതിയമ്മയുടെ താമസം. 45 വയസ്സുള്ളപ്പോള്‍ ഭര്‍ത്താവ് മരിച്ചു. എട്ടു മക്കളെ വളര്‍ത്തുന്നതിനായി വേറെ മാര്‍ഗം ഒന്നും ഉണ്ടായിരുന്നില്ല. അങ്ങനെയാണ് പപ്പട കച്ചവടം തുടങ്ങുന്നത്. അന്ന് ഉഴുന്ന് വാങ്ങി മാവാക്കുന്നതും പരത്തി ഉണക്കി പപ്പടങ്ങള്‍ ഉണ്ടാക്കുന്നതും ഒറ്റയ്ക്ക്.

ചില ദിവസങ്ങളില്‍ നല്ല വില്‍പ്പനയുണ്ടാകും. എന്നാല്‍ ചില ദിവസങ്ങളില്‍ ഒന്നും വിറ്റു പോകില്ല. അതുകൊണ്ടൊന്നും ഞാന്‍ തളരില്ല. അടുത്ത ദിവസം നല്ലപോലെ കച്ചവടം തരണമെന്നു മഹാദേവനോട് പ്രാര്‍ത്ഥിച്ചുകൊണ്ട് വീട്ടിലേക്കു മടങ്ങും. ഇടയ്ക്കു രോഗം വന്നതോടെ പപ്പടം പരത്തല്‍ മതിയാക്കി. പിന്നീട് കലര്‍പ്പില്ലാതെ പപ്പടം നിര്‍മ്മിക്കുന്നവരെ കണ്ടെത്തി അവരില്‍ നിന്നും പപ്പടം വാങ്ങി ചില്ലറ വില്‍പന തുടങ്ങി. സോഷ്യല്‍മീഡിയയിലൂടെ അമ്മൂമ്മയെ അറിഞ്ഞവര്‍ ഇപ്പോള്‍ സ്ഥിരമായി ഇവരുടെ അടുത്തു നിന്നാണ് പപ്പടം വാങ്ങുന്നത്.

Related posts