ആരാണ് അയാള്‍? കൂട്ടുപ്രതികളെ ഒഴിവാക്കി പൾസർ സുനി കൊച്ചിയിൽ കണ്ടത് ആരെ? കൂട്ടുപ്രതികളെ ഒഴിവാക്കിയത് എന്തിന്?

pulsar_suni_210217
കൊച്ചി: നടിയെ ആക്രമിച്ച ശേഷം കൊച്ചിയിൽ പൾസർ സുനി ആരെയാണ് രഹസ്യമായി കണ്ടെതെന്ന അന്വേഷണത്തിലാണ് പോലീസ്. കൂട്ടുപ്രതികളായ മണികണ്ഠനെയും ബിജീഷിനെയും ഒഴിവാക്കിയാണ് സുനി രഹസ്യമായി ആരെയോ കണ്ടത്. ഇതിന് ശേഷമാണ് ഇയാൾ കൊച്ചി വിട്ടതും.

സുനി രഹസ്യമായി ആരെയൊ കണ്ടുവെന്ന കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന്‍റെ ദൃശ്യങ്ങൾ ഇന്ന് പുറത്തുവരികയും ചെയ്തു. സംഭവ ശേഷം കൊച്ചിയിലെ ഒരു റസിഡൻഷ്യൽ കോളനിയിലേക്ക് പെട്ടിഓട്ടോറിക്ഷയിലാണ് സുനി എത്തിയത്. ഓട്ടോയിൽ നിന്ന് ഇറങ്ങിയ സുനി ചെരുപ്പ് കൈയിൽ പിടിച്ച് മതിൽചാടി ഒരുകെട്ടിടത്തിന് ഉള്ളിലേക്ക് പോയി. 20 മിനിറ്റിന് ശേഷം പുറത്തുവന്ന സുനി അതേ പെട്ടിഓട്ടോയിൽ കയറി പോകുന്നതും ദൃശ്യത്തിൽ വ്യക്തമാണ്. മതിൽ ചാടി പോയത് സുനിയാണെന്ന് പോലീസ് സ്ഥിരീകരിച്ചെങ്കിലും ആരെയാണ് കണ്ടത് എന്ന് കാര്യം വ്യക്തമായിട്ടില്ല.

സംഭവ ശേഷം സുനി തങ്ങളെ ഒഴിവാക്കി ആരുമായോ കൂടിക്കാഴ്ച നടത്തിയെന്ന് കഴിഞ്ഞ ദിവസം പാലക്കാട്ടു നിന്നും പിടിയിലായ മണികണ്ഠനും പോലീസിന് മൊഴി നൽകിയിരുന്നു. കൊച്ചിയിൽ നിന്നും രക്ഷപെടാൻ ആരുടെയെങ്കിലും സഹായം തേടിയതാണോ അതോ നടിയെ ആക്രമിച്ച സംഭവത്തിന്‍റെ ആസുത്രകനെയാണോ സുനി കണ്ടതെന്ന ചോദ്യമാണ് അവശേഷിക്കുന്നത്.

കൊച്ചിയിൽ നിന്നും രക്ഷപെട്ട സുനിക്ക് അന്പലപ്പുഴയിലേക്കും പിന്നീട് കോയന്പത്തൂരിലേക്കും രക്ഷപെടാൻ സഹായം ചെയ്തത് ആരാണെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കോയന്പത്തൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് കടന്ന് കീഴടങ്ങാൻ സുനിയും ബിജീഷും ശ്രമിച്ചെങ്കിലും പോലീസ് സാന്നിധ്യം മനസിലാക്കി കൊച്ചിയിലേക്ക് കടക്കുകയായിരുന്നു. കൊച്ചിയിലും പരിസരത്തും വീണ്ടും ഇവർക്ക് അഭയം ലഭിച്ചത് ആര് വഴിയാണെന്നാണ് പോലീസിനെ കുഴയ്ക്കുന്നത്.

Related posts