സുപ്രീംകോടതി ഭരണം കുത്തഴിഞ്ഞുവെന്ന് ജഡ്ജിമാർ; ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്കെതിരായ അതൃപ്തി പരസ്യമാക്കി സുപ്രീംകോടതിയിലെ നാല് ജഡ്ജിമാരുടെ വാർത്താസമ്മേളനം

ന്യൂഡൽഹി: ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്കെതിരായ അതൃപ്തി പരസ്യമാക്കി സുപ്രീംകോടതിയിലെ നാല് ജഡ്ജിമാർ വാർത്താസമ്മേളനം നടത്തി. നീതിന്യായ വ്യവസ്ഥതിയിലെ അത്യപൂർവ സംഭവമാണ് ഇന്ന് രാജ്യതലസ്ഥാനത്ത് കണ്ടത്. മുതിർന്ന ജഡ്ജിമാരായ ജെ.ചലമേശ്വർ, രഞ്ജൻ ഗോഗോയ്, മദൻ ബി. ലോകൂർ, കുര്യൻ ജോസഫ് എന്നിവർ സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ചീഫ് ജസ്റ്റീസിനെതിരേ പരസ്യ നിലപാട് പ്രഖ്യാപിച്ചത്.

സുപ്രീംകോടതിയുടെ ഭരണം കുത്തഴിഞ്ഞുവെന്ന ഗുരുതര ആരോപണമാണ് നാല് ജഡ്ജിമാർ ഉന്നയിച്ചത്. കോടതിയുടെ പ്രവർത്തനം സുതാര്യമല്ലെങ്കിൽ ജനാധിപത്യം തകരും. ഈ സാഹചര്യമാണ് സുപ്രീംകോടതിയിൽ നിലനിൽക്കുന്നത്. അതിനാലാണ് ജനങ്ങൾക്ക് മുന്നിൽ കാര്യങ്ങൾ വിശദീകരിക്കാൻ തീരുമാനിച്ചതെന്ന ആമുഖത്തോടെയാണ് ജഡ്ജിമാർ തുടങ്ങിയത്.

വിവിധ വിഷയങ്ങളിലുള്ള എതിർപ്പ് ചീഫ് ജസ്റ്റീസിനെ പലഘട്ടങ്ങളിലായി അറിയിച്ചിരുന്നുവെന്ന് ജഡ്ജിമാർ വ്യക്തമാക്കി. എന്നാൽ എതിർപ്പുകൾ അറിയിച്ചെങ്കിലും കാര്യങ്ങൾക്കൊന്നും ഒരു മാറ്റവും സംഭവിച്ചില്ല. അതിനാലാണ് പൊതുസമൂഹത്തോടെ ഇക്കാര്യങ്ങൾ തുറന്നുപറയുന്നത്.

15-20 വർഷം കഴിയുന്പോൾ തങ്ങൾ ഒന്നും മിണ്ടാതെയും ചെയ്യാതെയും കടന്നുപോയവരാണെന്ന പഴി കേൾക്കേണ്ടതില്ലല്ലോ എന്നോർത്താണ് കാര്യങ്ങൾ പരസ്യമാക്കുന്നതെന്നും ജഡ്ജിമാർ വിശദീകരിച്ചു. ചീഫ് ജസ്റ്റീസിനെ ഇംപീച്ച് ചെയ്യണോ എന്ന കാര്യം രാജ്യം തീരുമാനിക്കട്ടെ എന്നും ജസ്റ്റീസ് ചലമേശ്വർ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

2014-ൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ജസ്റ്റീസ് ബി.എച്ച്.ലോയുടെ മരണവുമായി ബന്ധപ്പെട്ട കേസാണ് ചീഫ് ജസ്റ്റീസുമായി പുതിയ തർക്കത്തിന് കാരണമായിരിക്കുന്നത്. ചീഫ് ജസ്റ്റീസ് ഇടപെട്ട് കേസ് മുതിർന്ന ജഡ്ജിമാരുടെ ബെഞ്ചിൽ നിന്നും മാറ്റിയിരുന്നു. ഇതിനെതിരേ രാവിലെ മുതിർന്ന ജഡ്ജിമാർ ചീഫ് ജസ്റ്റീസിനെ കണ്ട് പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

Related posts