അന്ന് ബസിറങ്ങി, അരിസ്റ്റോ ജംഗ്ഷനില്‍ നിന്ന് ഏറെ നേരം കരഞ്ഞു! എനിക്കൊരു റോള്‍ വേണം, അതുമാത്രമായിരുന്നു മനസില്‍; ജീവിതത്തിലെ ചില കറുത്ത അധ്യായങ്ങളെക്കുറിച്ച് നടന്‍ സുരാജ് വെഞ്ഞാറമ്മൂട്

മിമിക്രിയിലൂടെ സിനിമയിലെത്തിയവരും കോമഡി പരിപാടികളിലൂടെ സിനിമയിലെത്തിയവരുമൊക്കെയുണ്ട്. എന്നാല്‍ ഇത്തരക്കാരെ രണ്ടാംകിടക്കാരായി കണക്കാക്കി ഒതുക്കുന്ന പ്രവണത മലയാള സിനിമയില്‍ ഉണ്ടായിരുന്നു. എന്നാല്‍ അടുത്തകാലത്ത് ഇത്തരത്തില്‍ മിമിക്രിയില്‍ നിന്ന് ഉയര്‍ന്നുവന്നവര്‍ ദേശീയ അവാര്‍ഡ് വേദിയില്‍ വരെ എത്തിനില്‍ക്കുമ്പോള്‍ ഒരു മാറ്റത്തിന് വേദിയാവുകയാണ് മലയാള സിനിമ. ഇതിന് നിമിത്തമായവരില്‍ പ്രധാനിയാണ് നടന്‍ സുരാജ് വെഞ്ഞാറമ്മൂട്. അദ്ദേഹത്തിന്റെ ദേശീയ അവാര്‍ഡ് നേട്ടം സിനിമാമേഖലയിലുള്ള പലര്‍ക്കും പ്രചോദനവും പ്രോത്സാഹനവും ആത്മവിശ്വാസം പകരുന്നതുമായി മാറി. എന്നാല്‍ സിനിമയില്‍ എത്തിപ്പെടാന്‍ താന്‍ പെട്ട പെടാപ്പാടുകളെക്കുറിച്ച് ഓര്‍മ്മിച്ചെടുക്കുകയാണ് നടന്‍ സുരാജ് ഇപ്പോള്‍. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഓര്‍ക്കുമ്പോഴെല്ലാം തന്നെ കണ്ണീരണിയിക്കുന്ന ഒരു സംഭവത്തെക്കുറിച്ച് സുരാജ് വിശദീകരിച്ചത്.

‘ആ സമയത്ത് ഒരു പതിനഞ്ച് ദിവസം നീളുന്ന റോളിന്റെ ഓഫര്‍ വന്നു. ഞാന്‍ ട്രൂപ്പിന്റെ പരിപാടികളൊക്കെ കാന്‍സല്‍ ചെയ്ത് റെഡിയായി ബസ്സില്‍ കയറിയപ്പോള്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിളിക്കുന്നു. സുരാജേ.. ആ റോളില്ല. ഞാന്‍ ബസ്സില്‍ നിന്നിറങ്ങി. തിരുവനന്തപുരത്തെ അരിസ്റ്റോ ജങ്ഷന്‍. അവിടെ നിന്ന് ഞാന്‍ കരഞ്ഞു. എത്രയോ നേരം. തിരികെ വീട്ടിലേക്ക് പോകാന്‍ മടി. എനിക്കൊരു റോള്‍ വേണം. അതു മാത്രമാണ് മനസ്സില്‍. അവിടെ നിന്ന് പലരെയും വിളിച്ചു. ഒടുവില്‍ ഒരു സിനിമയില്‍ വേഷം കിട്ടി. ഒരു മുഴുനീള വേഷം. അത് സൂപ്പര്‍ ഹിറ്റായി. ആ സിനിമയാണ് മായാവി. മികച്ച നടനുള്ള ദേശീയ അവാര്‍ഡ് കിട്ടിയപ്പോള്‍ ഞെട്ടിപ്പോയെന്നും സുരാജ് അഭിമുഖത്തില്‍ പറഞ്ഞു. എന്നാണ് അവാര്‍ഡ്. ഇതിനൊക്കെ കൊടുത്തിട്ടുണ്ടോ, എന്നാണ് അനൗണ്‍സ് ചെയ്യുന്നത്. ഒന്നുമറിയില്ല. ടി.വി.യില്‍ എന്റെ പേരും വേറൊരാളുടെ പേരു വൈകുന്നേരം അഞ്ചു മണിവരെ ഇങ്ങനെ സ്‌ക്രോള്‍ ചെയ്തുകൊണ്ടിരുന്നു. അതു കണ്ടപ്പോള്‍ സന്തോഷമായി. ഇതുവരെയെങ്കിലും എത്താനായല്ലോ. ഇനി കിട്ടിയില്ലെങ്കിലും കുഴപ്പമില്ല. അവസാന ദൈവം ഉറപ്പിച്ചു പറഞ്ഞു. നിനക്കാണ് നാഷണല്‍ അവാര്‍ഡ്.-സുരാജ് പറയുന്നു.

 

 

Related posts