കാരുണ്യ ഹസ്തവുമായി ടേക്ക് ഓഫ് ടീം! സൈബയുടെ പഠനം ഫഹദ് ഫാസില്‍ ഏറ്റെടുത്തു; ഏതാവശ്യത്തിനും വിളിക്കാന്‍ നമ്പര്‍ നല്‍കി കുഞ്ചാക്കോബോബന്‍

ururuനേഴ്‌സുമാരുടെ ദുരിത കഥ പറയുന്ന ടേക്ക് ഓഫ് സിനിമയുടെ ആദ്യ ഷോയ്ക്ക് ശേഷം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തങ്ങളുടെ സന്തോഷം പങ്കുവയ്ക്കാനെത്തിയത് കോടതിയുത്തരവ് പ്രകാരം പോലീസ് ബലമായി വീട്ടില്‍ നിന്നിറക്കി വിട്ട കാഞ്ഞിരപ്പള്ളി സ്വദേശികളായ ബബിതയുടെയും മകള്‍ സൈബയുടെയും അടുത്തേക്കാണ്. വെറുതെ അവരെ കണ്ടുമടങ്ങുകയായിരുന്നില്ല അവര്‍ ചെയ്തത്. പകരം ഇവര്‍ക്ക് ജീവിതം കരുപ്പിടപ്പിക്കാന്‍ ആവശ്യമായ എല്ലാ സഹായങ്ങളും തങ്ങളുടെ ഭാഗത്തുനിന്നും ലഭ്യമാക്കുമെന്ന ഉറപ്പും നല്‍കി.

വീട് നിര്‍മ്മിക്കാന്‍ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കുഞ്ചാക്കോ ബോബനും പാര്‍വ്വതിയും ചേര്‍ന്ന് ബബിതക്ക് കൈമാറി. സൈബയുടെ പ്ലസ് ടുവരെയുള്ള പഠന ചെലവ് ഏറ്റെടുക്കുമെന്ന് ഫഹദ് ഫാസില്‍ അറിയിച്ചെന്ന പ്രഖ്യാപനവും ഉണ്ടായി. ചടങ്ങില്‍ സിനിമയുടെ നിര്‍മ്മാതാവ് ആന്റോ ജോസഫാണ് ഇക്കാര്യം അറിയിച്ചത്. ഇപ്പോള്‍ ഒന്‍പതാം ക്ലാസിലാണ് സൈബ പഠിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുത്. അതിനായുള്ള തുടക്കമായി ഇതിനെ കണ്ടാല്‍ മതി. നടന്‍ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. ഏതാവശ്യത്തിനും വിളിക്കാനായി തന്റെ പേഴ്‌സണല്‍ നമ്പറും ബബിതക്ക് കൈമാറിയശേഷമാണ് കുഞ്ചാക്കോ ബോബന്‍ മടങ്ങിയത്.

കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് നിര്‍ധനകുടുംബത്തെ കുടിയൊഴിപ്പിക്കാന്‍ കോടതി ഉത്തരവിട്ടത്. ഈ കുടുംബത്തിന് ടേക്ക് ഓഫ് ടീമിന്റെ വകയായി അഞ്ച് ലക്ഷം രൂപ നല്‍കുമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് ആന്റോ ആന്റണി പ്രഖ്യാപിച്ചിരുന്നു. ഇതാണ് കഴിഞ്ഞ ദിവസം കൈമാറിയത്. കാഞ്ഞിരപ്പള്ളിയിലെ തിയേറ്ററില്‍ നിന്ന് സിനിമയ്ക്ക് കിട്ടുന്ന ഷെയര്‍ ഈ കുടുംബത്തിന് നല്‍കാമെന്നായിരുന്നു ആദ്യം ആലോചിച്ചിരുന്നത്. എന്നാല്‍, സിനിമ ഇറങ്ങിയശേഷം മാത്രമെ ഇത് സാധിക്കുകയുള്ളു. ഇന്ന് തന്നെ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തെ തുടര്‍ന്നാണ് ഈ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നല്‍കാമെന്ന് തീരുമാനിച്ചത്. ജമാ അത്തിന്റെ നേതൃത്വത്തില്‍ നാട്ടുകാരുടെ സഹകരണത്തോടെ സ്ഥലം വാങ്ങി വീടുനിര്‍മ്മിച്ചു നല്‍കുമെന്നും ജമാ അത്ത് പ്രസിഡന്റ് അബ്ദുല്‍ സലാം പാറയ്ക്കല്‍ ആശുപത്രിയിലെത്തി ബബിതയെ അറിയിച്ചിട്ടുണ്ട്. ഭാരവാഹികള്‍ അറിയിച്ചു.

Related posts