അന്ന് ‘സുമന്‍’ ഇന്ന് ‘ദിലീപ്’ ; പീഡനക്കേസില്‍ നിന്നും തമിഴ്‌നടന്‍ സുമന്‍ ഊരിപ്പോന്നത് ദിലീപിനു സമാനമായ തന്ത്രങ്ങള്‍ പയറ്റി; അന്നത്തെ സൂപ്പര്‍ നായകനെ മൂന്നു പീഡനക്കേസുകളില്‍ നിന്നും രക്ഷിക്കാന്‍ തമിഴ് സിനിമാലോകം തയ്യാറാക്കിയ തിരക്കഥ ഇങ്ങനെ…

dileep-600സൂപ്പര്‍താരപദവിയുടെ ഉന്നതിയില്‍ നിന്നും പെട്ടെന്നുള്ള വീഴ്ച ആരെയും തളര്‍ത്തും. ഇപ്പോള്‍ ദിലീപിനു സംഭവിച്ചിരിക്കുന്നതും അതാണ്. പലപ്പോഴും മാറ്റിയെഴുതുന്ന സിനിമയുടെ തിരക്കഥ പോലെയായിരുന്നു നടിയെ ആക്രമിക്കപ്പെട്ടതിനു ശേഷമുള്ള സംഭവങ്ങള്‍. പലപ്പോഴും സിനിമയുടെ അവസാനമായിരിക്കും നമ്മള്‍ നായകനെന്നു ധരിച്ചിരുന്ന ആള്‍ വില്ലനായി മാറുന്നത്. ദിലീപിന്റെ കാര്യത്തിലും സംഭവിച്ചത് അതാണ്.

പള്‍സറില്‍ തുടങ്ങി ദിലീപിന്റെ അറസ്റ്റിലെത്തിയ സംഭവങ്ങള്‍ കോര്‍ത്തിണക്കി പോലീസ് തയ്യാറാക്കിയ തിരക്കഥയില്‍ സാധാരണ ജനങ്ങളുടെ യുക്തിയില്‍ പള്‍സറിന്റെ വിദേശബന്ധങ്ങളും ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണും മെമ്മറി കാര്‍ഡും അപ്പുണ്ണിയുടെ തിരോധാനവും കാവ്യാ മാധവന്റെയും കാവ്യയുടെ അമ്മയുടെയും ചോദ്യം ചെയ്യലിലെ ദുരൂഹതയുമെല്ലാം സംശയമുണര്‍ത്തുന്ന കണ്ണികളാണെങ്കിലും ഈ തിരക്കഥയുടെ മെറിറ്റ് വിലയിരുത്താന്‍ നേരമായിട്ടില്ല. അതിലെ നെല്ലും പതിരും വേര്‍തിരിച്ചെടുക്കേണ്ടതും വിധി പറയേണ്ടതും കോടതിയാണ്. കരയ്ക്കിരുന്നുള്ള താളമടിയുടെ ആവശ്യമില്ല.

തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ജൂലായ് പത്തിന് വൈകീട്ടത്തെ ദിലീപിന്റെ അറസ്റ്റ്. അന്ന് മുതല്‍ എല്ലാ അര്‍ഥത്തിലും ഒറ്റപ്പെടുകയും തീര്‍ത്തും പ്രതിരോധത്തിലാവുകയും ചെയ്തു ജനപ്രിയ നായകന്‍. ഒറ്റ രാത്രി കൊണ്ട് നായകന്‍ വില്ലനായ അവസ്ഥ. അഭിനേതാക്കളുടെയും നിര്‍മാതാക്കളുടെയും തിയേറ്റര്‍ ഉടമകളുടെയും സംഘടനകളില്‍ നിന്നെല്ലാം ദിലീപ് പുറത്താക്കപ്പെട്ടു. സഹപ്രവര്‍ത്തകരില്‍ പലരും രൂക്ഷമായ പ്രതികരണവുമായി രംഗത്തുവന്നു. എന്നാല്‍, ഇവിടം മുതലാണ് തിരക്കഥയിലെ ട്വിസ്റ്റ്. തള്ളിപ്പറഞ്ഞവരില്‍ പലരും നേരം ഇരുട്ടിവെളുക്കും മുന്‍പ് പ്രസ്താവനകള്‍ വിഴുങ്ങി. പിന്തുണ പ്രഖ്യാപിക്കുന്നവരുടെ എണ്ണം അനുദിനം കൂടിവന്നു. സിനിമാലോകം മാത്രമല്ല, സാംസ്‌കാരികലോകം മാന്യത കല്‍പിക്കുന്നവരില്‍ നിന്നു പോലും പിന്തുണാ പ്രഖ്യാപനം വന്നത് പലരെയും ഞെട്ടിച്ചു. നടി ആക്രമിക്കപ്പെട്ടപ്പോള്‍ പ്രതികരിക്കാന്‍ മറന്ന പ്രമുഖര്‍ ദിലീപിനെ ക്രൂശിക്കരുതെന്ന് പറഞ്ഞും മാധ്യമധര്‍മം പ്രസംഗിച്ചും രംഗത്തുവന്നത് ചിലര്‍ക്കെങ്കിലും അത്ഭുതമായിരുന്നു.

എന്നാല്‍ ഇന്ത്യന്‍ സിനിമയെ, അതുമല്ലെങ്കില്‍ തമിഴ്‌സിനിമയെ അടുത്തറിയുന്നവര്‍ക്ക് ഈയൊരു രൂപാന്തരത്വം യാദൃശ്ചികമായി തോന്നില്ല. മൂന്ന് പതിറ്റാണ്ട് മുന്‍പ് തമിഴില്‍ കണ്ട ഒരു തിരനാടകത്തിന്റെ മലയാളം മൊഴിമാറ്റം മാത്രമായിരുന്നു അതെന്ന് ചരിത്രം പരിശോധിക്കുമ്പോള്‍ പകല്‍ പോലെ വ്യക്തം. ഇന്ന് ദിലീപാണെങ്കില്‍ അന്ന് തമിഴ് സൂപ്പര്‍താരം സുമനാണെന്ന് മാത്രം. ബാക്കിയെല്ലാം ഒരുപോലെ തന്നെ. ഏതാണ്ട് ഇന്നത്തെ ദിലീപിനെപ്പോലെ തന്നെയായിരുന്നു എണ്‍പതുകളില്‍ സുമന്‍. തമിഴിലും തെലുങ്കിലും കന്നഡയിലും നിറസാന്നിധ്യം. പ്രതിഫലം അന്നത്തെ വലിയ തുകയായ അഞ്ച് ലക്ഷം രൂപ. 1988 വരെ നിര്‍മാതാക്കള്‍ക്കും സംവിധായകര്‍ക്കും കൊടുക്കാന്‍ ഒരൊറ്റ ഡേറ്റ് പോലമില്ലാത്ത അവസ്ഥ.

എന്നാല്‍, കാര്യങ്ങളെല്ലാം തകിടം മറിഞ്ഞത് ഒരൊറ്റ രാത്രി കൊണ്ടാണ്. 1981 മെയ് 18ന് വീട് റെയ്ഡ് ചെയ്ത പോലീസുകാര്‍ ഏതാനും അശ്ലീല വീഡിയോകള്‍ പിടിച്ചെടുത്തു. സുമനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇത് വെറും അശ്ലീല വീഡിയോകളായിരുന്നില്ല. മൂന്ന് യുവതികളുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡും അറസ്റ്റും. സുമന്‍ അവരെ വശീകരിച്ച് കാറില്‍ കയറ്റിക്കൊണ്ടുപോയി മയക്കുമരുന്ന് കലര്‍ത്തിയ ശീതള പാനിയം നല്‍കി മയക്കിയശേഷം ബലാത്സംഗം ചെയത് നഗ്‌നവീഡിയോ പകര്‍ത്തി എന്നതായിരുന്നു പരാതി. തങ്ങള്‍ വഞ്ചിക്കപ്പെടുകയായിരുന്നെന്നും പല തവണ സുമനോട് ആ നഗ്‌നചിത്രങ്ങള്‍ തിരിച്ചുതരണമെന്ന് ആവശ്യപ്പെട്ടെങ്കിലും അയാള്‍ വഴങ്ങിയില്ലെന്നും മൂന്ന് യുവതികളും വെവ്വേറെ നല്‍കിയ പരാതികളില്‍ പറഞ്ഞു. പടങ്ങള്‍ തിരിച്ചുകിട്ടണമെന്ന് നിര്‍ബന്ധം പറഞ്ഞപ്പോള്‍ സുമന്‍ തോക്കു ചൂണ്ടി തന്നെ ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടികളില്‍ ഒരാള്‍ പോലീസിന് മൊഴി നല്‍കി.

ഈയൊരൊറ്റ രാത്രി കൊണ്ട് ടോളിവുഡും കോളിവുഡും സാന്‍ഡില്‍വുഡും അടക്കിവാണ സുമന്‍ നായകനില്‍ നിന്ന് വില്ലനായി മാറി. വളര്‍ന്നുവരുന്ന ഒരു യുവനടനും തമിഴ്‌നാട് മുഖ്യമന്ത്രിയോട് അടുപ്പമുള്ള ഒരു അബ്കാരിയുമാണ് ഈ സംഭവങ്ങള്‍ക്ക് പിറകിലെന്നായിരുന്നു സുമന്റെ വിശദീകരണം. പരാതിക്കാരികളായ മൂന്ന് യുവതികളെയും താന്‍ കണ്ടിട്ടുപോലുമില്ലെന്നും സുമന്‍ ആണയിട്ടു. പോലീസ് ഇതിനൊന്നും ചെവി കൊടുത്തില്ല. ചെന്നൈ പോലീസ് കമ്മീഷണര്‍ എസ്. ശ്രീപാല്‍ ജാമ്യമില്ലാ വകുപ്പ് ചാര്‍ത്തി സുമനെ ഗുണ്ടാ ആക്ട് പ്രകാരം ജയിലിലാക്കി. ഇവിടം മുതലായിരുന്നു, സുമന്‍ ആജീവനാന്തം ജയിലില്‍ കിടക്കുമെന്നും സിനിമാജീവിതം അവസാനിച്ചുവെന്നുമെല്ലാം വിധിയെഴുതിയവരെ ഞെട്ടിച്ചുകൊണ്ടുള്ള സുമന്റെ ഉയിര്‍ത്തെഴുനേല്‍പ്പ്. തമിഴ് സിനിമാലോകം ഒറ്റക്കെട്ടായി തന്നെ സുമന് പിറകില്‍ അണിനിരുന്നു. അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും നിര്‍മാതാക്കളുമെല്ലാം തങ്ങളുടെ സഹപ്രവര്‍ത്തകന്‍ കുറ്റക്കാരനല്ലെന്ന് ഒരേ സ്വരത്തില്‍ തറപ്പിച്ചുപറഞ്ഞു.

പിന്നീട് നടന്നത് സിനിമയെ വെല്ലുന്ന സംഭവങ്ങളായിരുന്നു. സുമനു വേണ്ടി സിനിമയില്‍ തിരക്കഥ ഒരുക്കിയവര്‍ തന്നെ ജീവിതത്തിലും തിരക്കഥ തയ്യാറാക്കിയതോടെ സംഭവം നേരെ തിരിഞ്ഞു.
തന്നെ പീഡിപ്പിച്ചുവെന്ന് മൂന്നാമത്തെ പരാതിക്കാരി പറഞ്ഞ ദിവസം രാത്രി ഒന്‍പത് മണിക്ക് സുമന്‍ തന്റെ സെറ്റില്‍ ഉണ്ടായിരുന്നുവെന്ന് പ്രശസ്ത സംവിധായകന്‍ എല്‍.വി.പ്രസാദ് കോടതിയില്‍ മൊഴി നല്‍കി. രണ്ടാമത്തെ പെണ്‍കുട്ടിയുടെ പരാതിയില്‍ പറഞ്ഞ സമയത്ത് സുമന്‍ തനിക്കൊപ്പം ആശുപത്രിയിലായിരുന്നെന്ന് ഒരു മുതിര്‍ന്ന തിരക്കഥാകൃത്ത് പറഞ്ഞു. ചെറുകിട സാക്ഷികള്‍ ഒന്നൊന്നായി കൂറുമാറുക കൂടി ചെയ്തതോടെ പൊലീസിന്റെ തിരക്കഥ കോടതിയില്‍ പാടെ പൊളിഞ്ഞു. സുമന്‍ പോയ പോലെ തന്നെ ജയിലില്‍ നിന്നിറങ്ങി.

സുമനു പിന്നില്‍ തമിഴ് സിനിമാലോകം ഒറ്റക്കെട്ടായി നിലകൊള്ളാന്‍ ഒരൊറ്റ കാരണമേ ഉണ്ടായിരുന്നുള്ളൂ. അറസ്റ്റിലാവുമ്പോള്‍ സുമന്‍ അര ഡസനോളം ചിത്രങ്ങളില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഡേറ്റ് കൊടുത്ത ചിത്രങ്ങളുടെ എണ്ണം ഒരു ഡസനോളം വരും ഇതിനെല്ലാറ്റിനും മോശമല്ലാത്ത തുക അഡ്വാന്‍സും കൈപ്പറ്റിയിരുന്നു. ഒരൊറ്റ രാത്രി കൊണ്ട് പൊട്ടിയത് ഏഴ് കോടിയിലേറെ രൂപയാണ്. ഷൂട്ടിങ് മുടങ്ങുകയും റിലീസുകള്‍ അനിശ്ചിതാവസ്ഥയിലാവുകയും ചെയ്തതോടെ തിയറ്ററുകളും പ്രതിസന്ധിയിലായി. എല്ലാവരും കൂടി തടി രക്ഷപ്പെടുത്താന്‍ കരുനീക്കിയപ്പോള്‍ സുമന് മുന്നില്‍ ജയിലിന്റെ വാതിലുകള്‍ സിനിമാ സ്‌റ്റൈലില്‍ തന്നെ മലര്‍ക്കെ തുറക്കുകയായിരുന്നു.

കഥയുടെ ആദ്യഭാഗം ഏതാണ്ട് ദിലീപിന്റേതിന് സമാനം തന്നെ. ഒരു വ്യത്യാസം മാത്രം. സുമന്‍ രക്ഷപ്പെട്ട കാലമല്ല ഇത്. അന്നത്തെ പരാതിക്കാരികള്‍ നാലാള്‍ അറിയാത്ത പെണ്‍കുട്ടികള്‍ ആയിരുന്നെങ്കില്‍ ദിലീപിന്റെ കേസിലെ പരാതിക്കാരി പ്രമുഖ നടിയാണ്. ദിലീപിന്റെ സഹപ്രവര്‍ത്തകയാണ്. പഴയ സുഹൃത്താണ്. അന്ന് ദൃക്‌സാക്ഷികളും സാക്ഷിമൊഴികളും മാത്രമായിരുന്നു ആശ്രയമെങ്കില്‍ ഇന്ന് മൊബൈല്‍ ഫോണുണ്ട്. സി.സി. ടിവിയുണ്ട്. ശാസ്ത്രീയ തെളിവുകള്‍ നിരവധിയുണ്ട്. രക്ഷപ്പെടല്‍ സുമനെപ്പോലെ അത്ര എളുപ്പമല്ല ദിലീപിന്. എന്നിട്ടും ദിലീപ് പക്ഷം ജയില്‍ മോചനത്തിനായി ആശ്രയിക്കുന്നത് പതിറ്റാണ്ടുകള്‍ മുന്നേ കോളിവുഡില്‍ പരീക്ഷിച്ചു വിജയിച്ച ഫോര്‍മുല തന്നെയാണെന്നു വേണം സിനിമാക്കാരുടെ മലക്കം മറിച്ചിലും സ്തുതിപാഠവും മാധ്യമങ്ങള്‍ക്കുമേലുള്ള ആരാധക സംഘത്തിന്റെ സമ്മര്‍ദവും സൈബര്‍ ക്വട്ടേഷനുമെല്ലാം കാണുമ്പോള്‍ നിരൂപിക്കാന്‍.

ഏതാണ്ട് സുമന്‍ ജയിലിലായതിന് സമാനമായ ഒരവസ്ഥ ഇപ്പോള്‍ മലയാളത്തിലുണ്ട്. ദിലീപ് അഭിനയിച്ചുകൊണ്ടിരുന്ന ഒരു സിനിമ റിലീസ് ചെയ്യാനിരിക്കുകയായിരുന്നു. അത് അനിശ്ചിതമായി മാറ്റിവച്ചു. അഭിനയിച്ചു കൊണ്ടിരുന്ന ഒരു ചിത്രം മുടങ്ങി. മറ്റൊന്ന് തുടങ്ങാന്‍ തന്നെ കഴിഞ്ഞില്ല. കോടികളുടെ നഷ്ടത്തിന്റെ കണക്കുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ചെറുതല്ലാത്ത നഷ്ടമാണ് ഈയൊരൊറ്റ സംഭവം സിനിമലോകത്തിന് ഉണ്ടാക്കിയിരിക്കുന്നത്.അതു കൊണ്ടു തന്നെ ഈ കേസിന്റെ അന്വേഷണം ദിലീപില്‍ നിന്നു മുന്നോട്ടു വളരുന്നതില്‍ പലര്‍ക്കുമുണ്ട് ആശങ്ക. ഇത് വ്യക്തിവൈരാഗ്യം കൊണ്ടുള്ള ക്വട്ടേഷനായി അവസാനിക്കുന്നതില്‍ ഒരുപാട് പേര്‍ക്കൊന്നും ചേതമുണ്ടാവില്ല. മറിച്ച് ദിലീപിന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലേക്കും പള്‍സര്‍ സുനിയുടെ മറ്റ് ക്വട്ടേഷനുകളിലേക്കും അന്വേഷണം നീണ്ടാല്‍ പലരുടെയും കൈ പൊള്ളും. പലര്‍ക്കും ഉറക്കം നഷ്ടപ്പെട്ടേക്കും. കാരണം മലയാള സിനിമയുടെ കള്ളക്കച്ചവടങ്ങളും മാഫിയാ ബന്ധവും ദിലീപില്‍ തുടങ്ങി ദിലീപില്‍ അവസാനിക്കുന്നതല്ല. സിനിമയിലെ ക്വട്ടേഷന്‍ പണിയുടെ കുത്തക പള്‍സര്‍ സുനിക്ക് മാത്രം അവകാശപ്പെട്ടതുമല്ല.

പോലീസ് കൂടുതല്‍ അന്വേഷണത്തിനു മുതിര്‍ന്നാല്‍ ഇനിയും വന്‍മരങ്ങള്‍ ഒരുപാടു വീഴും.അന്വേഷണം ഒന്നു മുറുകിയപ്പോള്‍ തന്നെ കാര്യങ്ങള്‍ കൈവിടുകയാണെന്ന സൂചന സിനിമാലോകത്തിന് ലഭിച്ചു തുടങ്ങിയിരുന്നു. നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ ഇല്ലെന്ന് തുടക്കത്തില്‍ തന്നെ വിധിയെഴുതിയ പോലീസ് സിനിമാക്കാരുടെ തിരക്കഥയിലെ ഡയലോഗ് ഉരുവിടുകയായിരുന്നവോ എന്ന സംശയം ഇപ്പോഴും ശക്തമാണ്. അറസ്റ്റിലായ നടനുമായി തനിക്ക് യാതൊരുവിധ റിയല്‍ എസ്റ്റേറ്റ് ബന്ധവുമില്ലെന്ന അക്രമിക്കപ്പെട്ട നടിയുടെ പത്രക്കുറിപ്പിലെ വിശദീകരണത്തെ ഇതുമായി വേണം കൂട്ടിവായിക്കാന്‍. കേസില്‍ നിന്ന് റിയല്‍ എസ്റ്റേറ്റ് സീന്‍ വെട്ടിക്കളയാനുള്ള വ്യഗ്രത വ്യക്തമാണ് ഇതിലെല്ലാം.

കേസ് ദിലീപില്‍ നിന്നും പള്‍സറില്‍ നിന്നും മുന്നോട്ടു നീങ്ങിയാല്‍ എല്ലാ താളവും തെറ്റും. ഒരുപാടുപേരുടെ ചോരയിലും നീരിലും കണ്ണീരിലും പിന്നെ കുറേ കോടികളുടെയും പുറത്ത് കെട്ടിപ്പൊക്കിയ സിനിമ എന്ന ഈ മായാലോകം ചീട്ടുകൊട്ടാരം പോലെ തകരും. ഇത് സിനിമാക്കാരാരും ആഗ്രഹിക്കുന്നില്ല, രാഷ്ട്രീയക്കാരും ആഗ്രഹിക്കുന്നില്ല. സിനിമയ്ക്കായി ഒരു മന്ത്രി തന്നെയുള്ള, അവരുടെ നികുതി ഊറ്റുന്ന സര്‍ക്കാര്‍ അത്ര പോലും ആഗ്രഹിക്കുന്നില്ല. അപ്പോള്‍ പിന്നെ സിനിമാക്കാരുടെ തിരക്കഥ ശുഭപര്യവസായിയാവുമെന്ന് സിനിമ കണ്ട് ശീലിച്ച ജനങ്ങള്‍ വിശ്വസിച്ചാല്‍ അവരെ തെറ്റു പറയാനാവില്ല. വലിയൊരു വിഭാഗം ജനങ്ങള്‍ ഇപ്പോഴും മുന്നില്‍ കാണുന്നത് സംഭവബഹുലമായ ക്ലൈമാക്‌സിനൊടുവില്‍ സിനിമാ സ്‌റ്റൈലിലുള്ള ദിലീപിന്റെ ജയിലില്‍ നിന്നുള്ള വരവ് തന്നെയാണ്. ഇതിനുള്ള തിരക്കഥ അണിയറയില്‍ ശക്തമാണെന്നു വ്യക്തം.

പണ്ട് സുമന്‍ കൂളായി പുറത്തിറങ്ങിയെങ്കിലും സുമന്റെ പിന്നീടുള്ള സിനിമാ ജീവിതം ദിലീപിനും ഒരു പാഠമാണ്. അന്ന് കേസും ജയില്‍വാസവും നൂലാമാലയുമെല്ലാം കഴിഞ്ഞപ്പോഴേക്കും വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു. ചെയ്യാമെന്നേറ്റ സിനിമകളല്ലാം നഷ്ടമായി. വര്‍ഷങ്ങളുടെ ഗ്യാപ്പിനു ശേഷമാണ്  വീണ്ടും വെള്ളിത്തിരയില്‍ ഒന്ന് മുഖം കാണിക്കാനായത്. രജനീകാന്തിന്റെ ശിവാജിയില്‍ വില്ലനായിട്ടായിരുന്നു പഴയ നായകന്റെ തിരിച്ചു വരവ്. മലയാളത്തില്‍ സാഗര്‍ ഏലിയാസ് ജാക്കിയിലും പഴശ്ശിരാജയിലുമെല്ലാം കാത്തിരുന്നത് വില്ലന്‍ വേഷങ്ങള്‍ തന്നെ. ഒരിക്കല്‍ ജീവിതത്തില്‍ വില്ലന്‍ വേഷം അണിഞ്ഞു പോയാല്‍ പിന്നെ സിനിമയില്‍ നായകനായുള്ള തിരിച്ചുവരവ് അത്ര എളുപ്പമാവില്ലെന്ന യാഥാര്‍ഥ്യമാണ് ക്ലൈമാക്‌സില്‍ ദിലീപിനെ കാത്തിരിക്കുന്നത്.

Related posts