സിനിമയുടെ പരാജയം മുഴുവന്‍ എന്റെ തലയില്‍ കെട്ടിവച്ചു, ഇല്ലാത്ത കാര്യങ്ങള്‍ക്ക് വേട്ടയാടി, 88 ശതമാനം മാര്‍ക്ക് ലഭിച്ചിട്ടും തെരഞ്ഞെടുത്തത് സിനിമ, തപ്‌സി എല്ലാം തുറന്നുപറയുന്നു

tapsy 2വല്ലാത്തൊരു ലോകമാണ് സിനിമയുടേത്. സ്വാധീനവും ഗോഡ്ഫാദര്‍മാരും ഉള്ളവരെ തേടി വലിയ അവസരങ്ങളെത്തും. ഇതൊന്നുമില്ലാത്തവരാകട്ടെ തഴയപ്പെട്ടു കിടക്കുകയും ചെയ്യും. സിനിമലോകത്ത് തനിക്ക് നേരിടേണ്ടിവന്ന അവഗണനയെ കുറിച്ച് ഇപ്പോള്‍ തുറന്നുപറച്ചില്‍ നടത്തുകയാണ് തപ്‌സി. ഹ്യൂമണ്‍സ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിലാണ് തപ്‌സി അനുഭവങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇക്കാര്യം തപ്‌സി തന്റെ പേജിലും ഷെയര്‍ ചെയ്തിട്ടുണ്ട്. കോളജില്‍ പഠിക്കുന്ന കാലത്ത് തന്നെ മോഡലിങ് ചെയ്ത് ഞാന്‍ വരുമാനം ഉണ്ടാക്കിയിരുന്നു. ക്യാറ്റ് പരീക്ഷയ്ക്ക് 88 ശതമാനം മാര്‍ക്കുണ്ടായിരുന്ന ഞാന്‍ സ്വാഭാവികമായും എംബിഎ ചെയ്യേണ്ടതായിരുന്നു. ആ സമയത്താണ് എനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുന്നത്. ആദ്യത്തെ മൂന്ന് സിനിമകള്‍ നന്നായി പോയെങ്കിലും ഇടയ്ക്ക് ചില പരാജയങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നു. ഞാന്‍ ഭാഗ്യമില്ലാത്തവളും രാശിയില്ലാത്തവളുമാണെന്ന കഥകളാണ് പിന്നെ പ്രചരിച്ചത്.

സിനിമയുടെ പരാജയം മുഴുവന്‍ സഹപ്രവര്‍ത്തകര്‍ എന്റെ തലയിലാണ് കെട്ടിവച്ചത്. തുടര്‍ന്ന് ഞാന്‍ പ്രതിഫലം കുറയ്ക്കാന്‍ തുടങ്ങി. എന്നിട്ടും തീര്‍ന്നില്ല, പല സിനിമകളില്‍ നിന്നും എന്നെ ഒഴിവാക്കി. പിങ്കില്‍ അഭിനയിക്കുന്നതുവരെ എനിക്ക് ആരോപണങ്ങളില്‍ നിന്ന് മോചനം ഉണ്ടായിട്ടില്ല. ബോളിവുഡിലെ പല നടന്മാരും എനിക്കൊപ്പം ജോലി ചെയ്യാന്‍ മടി കാണിച്ചു. എല്ലാം പറഞ്ഞുറപ്പിച്ചതിനുശേഷം അവസാന നിമിഷം നിര്‍മാതാക്കള്‍ വാക്കു മാറ്റിപ്പറഞ്ഞ അനുഭവങ്ങളും കുറവല്ല. തുല്യവേതനത്തിനല്ല, അടിസ്ഥാന ശമ്പളം കിട്ടാന്‍ പോലും എനിക്ക് പലരുമായി തര്‍ക്കിക്കേണ്ടി വന്നിട്ടുണ്ട്.

പരാതി പറയുകയല്ല. അഭിനയം ഇഷ്ടമായതുകൊണ്ട് മാത്രമാണ് ഇന്ന് ഞാന്‍ ഇവിടെ നില്‍ക്കുന്നത്. എനിക്ക് വലിയ സൗന്ദര്യമോ വശ്യതയോ ഇല്ല. എന്നാല്‍ എന്റെ കഴിവില്‍ വിശ്വാസമുണ്ട്. സ്വയം സഹതപിക്കാന്‍ താല്‍പര്യമില്ല. കുറച്ച് ആഴ്ചകള്‍ക്ക് മുന്‍പ് ദില്ലിയില്‍ വച്ച് ജനക്കൂട്ടത്തിനില്‍ നിന്നൊരാള്‍ എന്നെ തോണ്ടി. ഞാന്‍ തിരിഞ്ഞുനോക്കിയില്ല. എന്നാല്‍, അയാളുടെ കൈയില്‍ കയറിപ്പിടിച്ച് തിരിച്ചു. വേദനകൊണ്ട് പുളയുകയായിരുന്നു അയാള്‍. മറ്റുള്ളവര്‍ക്ക് ഞാന്‍ വലിയ സംഭവമല്ലെങ്കിലും എന്റെ കഥയില്‍ ഞാന്‍ നായികയാണ്.

Related posts