ദുരൂഹതകളുടെ ബെയിന്‍സ് കോമ്പൗണ്ട്! പ്രേതാലയം പോലെയുള്ള വീട്ടില്‍ വളര്‍ത്തിയിരുന്നത് 200ലധികം കോഴികളെ, ഭക്ഷണ അവശിഷ്ടങ്ങള്‍ ഗോവണികളില്‍ തൂക്കിയിരുന്നു, നന്തന്‍കോട്ടെ പ്രേത ഭവനത്തില്‍ രാഷ്ട്രദീപിക സംഘം കണ്ട കാഴ്ച്ചകള്‍

Nപ്രത്യേക ലേഖകന്‍

ഒറ്റനോട്ടത്തില്‍ തന്നെ ദുരൂഹതകളുടെ വിളനിലമായിരുന്നു ആ ഭവനം. വലിയ ഗേറ്റ് തുറന്നു വീടിനകത്തേക്ക് കാലെടുത്തുവച്ചപ്പോള്‍ മനസില്‍ തോന്നിയത് ഡ്രാക്കുള ബംഗ്ലാവിലേക്ക് പ്രവേശിക്കുംപോലെയാണ്. മുറ്റത്താകമാനം ചപ്പുചവറുകളും മാലിന്യങ്ങളും. നിലതെറ്റി വളര്‍ന്ന പുല്ല് അകത്തെ കാഴ്ച്ചകളുടെ സൂചന നല്കാന്‍ പോന്നതായിരുന്നു. അകത്തേക്ക് കടക്കുന്നതിനു മുമ്പ് പുറത്തെ മറ്റൊരു വിശേഷം കൂടി പറയേണ്ടതുണ്ട്. കൂറ്റന്‍ കൊട്ടാരത്തോടു ചേര്‍ന്ന് വലിയൊരു വീട്. അതില്‍ നിറയെ കോഴികള്‍. അതും വിവിധ ഇനത്തില്‍പ്പെട്ടവ. ചില ഇനങ്ങള്‍ വിദേശത്തു മാത്രം കണ്ടുവരുന്നത്. ഭയപ്പെടുത്തുന്നൊരു നിശബ്ദത ആ ‘കോഴിക്കൂടിനെ’ പോലും പിടികൂടിയിരുന്നു. രാജതങ്കത്തിനും വീട്ടുകാര്‍ക്കും കഴിക്കാന്‍ വേണ്ടിയുള്ളതായിരുന്നുവത്രേ ഈ കോഴികള്‍. കേഡല്‍ ജീന്‍സണ്‍ രാജയെന്ന സൈക്കോ കില്ലറും കൊല്ലപ്പെട്ട മാതാപിതാക്കളും സഹോദരിയും താമസിച്ചിരുന്നത് ഇവിടെയാണ്.

 ഭയപ്പെടുത്തും വീടിനുള്ളിലെ കാഴ്ച്ചകള്‍

വലിയ വാതിലും തുറന്ന് ഹാളിലേക്ക് കയറുന്നതേ ആരുമൊന്നു ഭയക്കും. വെളിച്ചവിന്യാസങ്ങള്‍ പോലും ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചിരുന്നു. അലക്ഷ്യമായി കിടക്കുന്ന സോഫയും ഹാളും. സ്ത്രീകള്‍ അടക്കമുള്ളവരുടെ അടിവസ്ത്രങ്ങള്‍ വാരിവലിച്ചിട്ടിരിക്കുന്നു. താഴത്തെ നിലയിലുള്ള ഡൈനിംഗ് ടേബിളിലായിരുന്നു കുടുംബാംഗങ്ങള്‍ ഭക്ഷണം കഴിച്ചിരുന്നത്. അതും പലരും പലപ്പോഴായി. ആരും ഒരിക്കല്‍പ്പോലും ഭക്ഷണത്തിനായി ഒന്നിച്ചിരുന്നിട്ടില്ലെന്ന് മാര്‍ത്താണ്ഡം സ്വദേശിനിയായ വീട്ടുജോലിക്കാരി അടിവരയിടുന്നു.

ഭക്ഷണത്തിനുമുണ്ട് പ്രത്യേകതകള്‍. വീട്ടിലെ രണ്ടാമത്തെ നിലയിലെ വിവിധ റൂമുകളിലാണ് ഡോക്ടറുടെയും പ്രൊഫസറുടെയും മക്കളായ കരോള്‍, കേഡല്‍ ജിന്‍സണ്‍ എന്നിവരുടെയും താമസം. ഓരോരുത്തര്‍ക്കും വേണ്ട വിഭവങ്ങള്‍ ജോലിക്കാരിയോട് പറയും. ഭക്ഷണം തയ്യാറായാല്‍ പിന്നെ ഓരോരുത്തരായി വന്ന് കഴിച്ച് മുറിയിലേക്കു മടങ്ങും. ശേഷം അടുത്ത ഭക്ഷണസമയത്താണ് വീണ്ടും താഴേക്കു വരുന്നത്. അതാണ് രീതി. ജീന്‍ പത്മയുടെ സഹോദരി കാഴ്ചയില്ലാത്ത ലളിതയും ജോലിക്കാരിയും താഴത്തെ നിലയിലാണ്. ഇവര്‍ക്ക് മുകളിലേക്ക് പ്രവശനം ഉണ്ടായിരുന്നില്ല. വീട്ടുകാര്‍ തമ്മിലുള്ള ആശയവിനിമയവും നാമമാത്രമായിരുന്നു. ഒന്നോ രണ്ടോ വാക്കുകളില്‍ കൂടുതല്‍ ആരും ഉരിയാടി കണ്ടിട്ടില്ലത്രേ.

 ഭക്ഷണാവശിഷ്ടങ്ങള്‍ ഗോവണിയില്‍

ആറും ഏഴും മാസവും പഴക്കമുള്ള ഭക്ഷണ അവശിഷ്ടങ്ങള്‍ ഗോവണിയില്‍ തൂക്കുകയെന്നത് രാജതങ്കത്തിന്റെയും മക്കളുടെയും ശീലമായിരുന്നുവത്രേ. ഇത് എടുത്തുമാറ്റാന്‍ വേലക്കാരികള്‍ക്കും അനുവാദമുണ്ടായിരുന്നില്ല. പലപ്പോഴും രാജതങ്കം തനിച്ചിരുന്ന് ചിരിക്കുന്നത് കാണാമായിരുന്നുവെന്ന് വേലക്കാരി പറയുന്നു. വീട്ടിലേക്ക് വിരുന്നുകാരോ ബന്ധുക്കളോ വരുന്നത് ആര്‍ക്കും ഇഷ്ടമായിരുന്നില്ല. അനിഷ്ടം അറിയാവുന്നതുകൊണ്ട് തന്നെ അകല്‍ച്ച പാലിക്കാന്‍ ബന്ധുക്കളും ശ്രദ്ധിച്ചിരുന്നു. യൂറോപ്പില്‍ മാത്രം കാണുന്ന തരത്തിലുള്ള ചിലയിനം അപൂര്‍വവസ്തുക്കള്‍ മുകള്‍നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.

 കൊല്ലപ്പെട്ടവര്‍ക്കും സാത്താന്‍സേവയുമായി ബന്ധം?

കേഡലിന് സ്കിസോഫ്രിനിയ എന്ന കടുത്ത മാനസികരോഗം ഉണ്ടായിരുന്നുവെന്നാണ് വിദഗ്ധര്‍ നല്കുന്ന വിവരം. മാനസികരോഗം പുറത്തറിയാതിരിക്കാന്‍ മാതാപിതാക്കള്‍ ഇതു മറച്ചുവച്ചിരിക്കാമത്രേ. അതേസമയം, മകനെ ഡോക്ടറാക്കാന്‍ ജീന്‍ പത്മ കിണഞ്ഞു പരിശ്രമിച്ചു. എന്നാല്‍ മുറിയില്‍ ഏകാന്തമായിരിക്കാനാണ് കേഡല്‍ താല്പര്യപ്പെട്ടിരുന്നത്. പേരിനുമാത്രം പരസ്പരം സംസാരിക്കാറുള്ള മാതാപിതാക്കള്‍ മകന്റെ ഈ രീതിക്ക് പൂര്‍ണപിന്തുണയും നല്കി. മകന്റെ മനോവൈകല്യം കാര്‍ഡിയോളിസ്റ്റ് കൂടിയായ ജീന്‍ പത്മ മറച്ചുവച്ചു. സാത്തന്‍സേവ നടത്തിയതിന്റെ പല തെളിവുകളും വീടിനകത്തു നിന്നും ലഭിച്ചിട്ടുണ്ട്. മാതാപിതാക്കള്‍ക്കും സഹോദരിക്കും സാത്താന്‍സേവയുമായി ബന്ധമുണ്ടെന്നതിലേക്കാണ് ഈ തെളിവുകള്‍ വിരല്‍ ചൂണ്ടുന്നത്. വീടിനകത്തുനിന്ന് വലിയ പ്രകാശം പലപ്പോഴും കണ്ടിരുന്നതായി അയല്‍ക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു.

Related posts