ഇങ്ങനെയുമുണ്ട് പത്രം! 90 വര്‍ഷം പഴക്കമുള്ള ‘ദി മുസല്‍മാന്റെ ‘ വില 75 പൈസ; കൈയെഴുത്തിലൂടെ തയാറാക്കുന്ന പത്രത്തെക്കുറിച്ചറിയാം

indexഅച്ചടി മാധ്യമങ്ങളുടെയും ടെലിവിഷന്‍ വാര്‍ത്തകളുടെയും ഓണ്‍ലൈന്‍ ന്യൂസുകളുടെയും കാലത്ത് ബ്ലാക്ക് ആന്‍ഡ്  വൈറ്റ് പേപ്പറില്‍ കൈകൊണ്ട് എഴുതി പ്രസിദ്ധീകരിക്കുന്ന ഒരു പത്രമുണ്ടെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ. ചെന്നൈ നഗരത്തില്‍ നിന്നാണ് ദി മുസല്‍മാന്‍ എന്ന പേരില്‍ ഉറുദു പത്രം പുറത്തിറങ്ങുന്നത്. ലോകത്തിലെ അവസാനത്തെ കൈയെഴുത്ത് പത്രമായിരിക്കുമിതെന്നാണ് കരുതപ്പെടുന്നത്.

ചെന്നൈ ട്രിപ്ലിക്കേനിലെ പത്രം ഓഫീസില്‍ നിന്ന് വെറും കൈയ്യക്ഷരങ്ങളിലൂടെ കഴിഞ്ഞ 90വര്‍ഷമായി ‘ദി മുസല്‍മാന്‍’ എന്ന പത്രം വായനക്കാരന് മുന്നിലെത്തുന്നു. ഇവിടെ പഴയ രീതിയിലുള്ള ഹാന്‍ഡ് കമ്പോസിംഗോ മെഷീന്‍ ഉപയോഗിച്ചുള്ള ടൈപ്പിംഗോ ഡി.ടി.പിയോ ഒന്നുമില്ല. ഈ ഡിജിറ്റല്‍ യുഗത്തിലും കൈയെഴുത്ത് പ്രതിയായി തയാറാക്കി അച്ചടിച്ചാണ് പത്രം പ്രസിദ്ധീകരിക്കുന്നത്. ഇന്നുവരെ ഒരു ദിവസം പോലും പത്രം മുടങ്ങിയിട്ടില്ല എന്നതാണ് മറ്റൊരു അത്ഭുതകരമായ വസ്തുത.

എഡിറ്ററുടെ മുറിയിലെ ഏറ്റവും മുന്തിയ യന്ത്ര സംവിധാനം പഴയൊരു ഫാക്സ് മെഷീനാണ്. സയ്യിദ് ആരിഫുള്ള ആണ് ദി മുസല്‍മാന്റെ എഡിറ്റര്‍. അദ്ദേഹത്തിന്റെ മുത്തച്ഛന്‍ സയ്യിദ് അസമത്തുള്ളയുടെ നേതൃത്വത്തില്‍ 1927 ല്‍ ഈ പത്രം ആരംഭിച്ചത്. നാല് പേജുകളാണ് ഈ പത്രത്തിനുള്ളത്. ആദ്യ പേജില്‍ ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളാണ് ഉള്‍പ്പെടുത്തുന്നത്. രണ്ടും മൂന്നും പേജുകളില്‍ ലോക്കല്‍ ന്യൂസുകളും നാലാമത്തെ പേജില്‍ സ്‌പോട്‌സ് വാര്‍ത്തകളാണ് ചേര്‍ക്കുന്നത്. മനോഹരമായ കൈപ്പടയില്‍ വടിവാര്‍ന്ന ഉറുദു അക്ഷരങ്ങള്‍ ഇരുണ്ട തലക്കട്ടുകളായും നേര്‍ത്ത വാര്‍ത്തകളായും പുനര്‍ ജനിക്കുന്നു. മറ്റ് പത്രങ്ങളിലെ പോലെ രാജ്യത്തിന്റെ എല്ലാ ഭാഗത്തും മുസല്‍മാന് റിപ്പോര്‍ട്ടര്‍മാരുണ്ട്.

പത്രം സ്ഥാപിക്കുന്ന സമയത്ത് പ്രധാനമായും മുസ്ലീം സമൂഹത്തിന്റെ പ്രശ്നങ്ങള്‍ പുറത്തുകൊണ്ടുവരുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഇപ്പോള്‍ മറ്റ് പത്രങ്ങളിലെ പോലെ എല്ലാ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്നുണ്ട്. ചെന്നൈയിലെ ഓഫീസില്‍ മൂന്ന് കാലിഗ്രാഫി കലാകാരന്മാര്‍ ശരാശരി മൂന്ന് മണിക്കൂര്‍ എടുത്താണ് നാല് പേജുള്ള സയാഹ്ന പത്രത്തിന്റെ ഒരു പേജ് എഴുതി പൂര്‍ത്തിയാക്കുന്നത്. ഓഫീസിലെ ആറ് ജീവനക്കാരില്‍ നാല് പേര് കാത്തിബുകള്‍ അഥവാ പ്രാചീന ഉറുദു ലിപി രചനാ വിദഗ്ദ്ധറാണ്.

1927ല്‍ പത്രം ആരംഭിച്ചപ്പോള്‍ മുതല്‍ ഇതുവരെ ചെന്നൈയിലെ ട്രിപ്ലികെയ്ന്‍ റോഡിലുള്ള ഇടുങ്ങിയ മുറിയിലാണ് പത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. യാതൊരു വിധത്തിലുള്ള മാറ്റവും ഈ മുറിക്ക് വന്നിട്ടില്ല. കമ്പ്യൂട്ടറോ, ടൈപ്പ് റൈറ്ററോ ഇല്ല. എങ്കിലും നാലുപേജുകളുള്ള എഴുപത്തിയഞ്ചു പൈസ വിലയുള്ള ഈ കയ്യെഴുത്തുപത്രം എന്നും മുടങ്ങാതെ പുറത്തിറങ്ങുന്നു. മുസല്‍മാനിലെ കാലിഗ്രഫിയ പ്രിന്റിംഗ് ടെക്നോളജി നിലവില്‍ വന്നപ്പോള്‍ ഏതാണ്ട് എല്ലാ പത്രങ്ങളും അത് സ്വീകരിച്ചു, പക്ഷേ, മുസല്‍മാന്‍ പാരമ്പര്യം തുടര്‍ന്നു. തങ്ങളുടെ കാലിഗ്രഫിയുടെ പ്രത്യേകതയാണ് ഇപ്പോഴും ഈ പത്രം നിലനില്‍ക്കാന്‍ കാരണമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.

Related posts