കൈയില്‍ പണമില്ലെങ്കിലും ഇനി വിശന്നിരിക്കേണ്ടതില്ല, അഞ്ചപ്പമെന്ന ഈ ഭക്ഷണശാലയില്‍ നിന്ന് സൗജന്യമായി കഴിക്കാം, താലപര്യമുണ്ടെങ്കില്‍ പണംനല്കാം, ഫാ. ബോബി കട്ടിക്കാടന്‍ നേതൃത്വം നല്കുന്ന അഞ്ചപ്പം എന്ന നന്മയെക്കുറിച്ച് അറിയാം

പണമില്ലെങ്കിലും ഇനി ആരും വിശന്ന് നടക്കേണ്ട. ആരുടെയും മുന്നില്‍ കൈനീട്ടുകയും വേണ്ട. എഴുത്തുകാരനും പ്രഭാഷകനുമായ ഫാ. ബോബി കട്ടിക്കാടനും ഒരുകൂട്ടം മനുഷ്യസ്‌നേഹികളും നേതൃത്വം കൊടുക്കുന്ന അഞ്ചപ്പം എന്ന ഭക്ഷണശാല റാന്നിയിലും തുടങ്ങുകയാണ്. ഈ ഹോട്ടലില്‍ നിന്നു ഭക്ഷണം കഴിക്കണമെങ്കില്‍ കൈയില്‍ പണം കരുതേണ്ട. വിശക്കുന്നുണ്ടെങ്കില്‍ ആര്‍ക്കും ഇവിടേയ്ക്കു കയറി ചെല്ലാം. പണമുണ്ടോയെന്ന് ആരും അന്വേഷിക്കില്ല. പണം നല്‍കിയാല്‍ സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്യും. മറ്റുള്ളവരുടെ സൗജന്യം സ്വീകരിക്കാന്‍ ആത്മാഭിമാനം അനുവദിക്കാത്തവരെ ലക്ഷ്യമിട്ടാണ് ഈ നൂതന സംരംഭം. സമീപഭാവിയില്‍ കേരളത്തിലുടനീളം പദ്ധതി വ്യാപിപ്പിക്കാനാണ് ഇവരുടെ തീരുമാനം.

ഫാ.ബോബി കട്ടിക്കാടാണ് അഞ്ചപ്പം എന്ന ആശയത്തിന് പിന്നില്‍. കേരളത്തിലും വെളിയിലും ഏറെ ശ്രോതാക്കളുള്ള അച്ഛന്റെ സംരംഭത്തിന് മറ്റു പതിനഞ്ചുപേര്‍ കൂടി മുന്നിട്ടിറങ്ങിയതോടെ ഭക്ഷണശാല സജ്ജമായി. കഴിച്ചിട്ട് പണം ഒന്നും നല്കാതെ പോകാവുന്ന ഈ ഭക്ഷണശാല ആശയത്തിന്റെ പുതുമ കൊണ്ട് ശ്രദ്ധനേടി. സാമ്പത്തികശേഷിയുള്ളവര്‍ കഴിച്ചിട്ട് അധികം പണം നല്കുന്ന രീതിയുമുണ്ട്.

ഒരു ഊണിന് 25 രൂപയാണ് ഇവിടെ ഈടാക്കുന്നത്. 15 രൂപയ്ക്ക് വിഭവസമൃദ്ധമായ പ്രാതല്‍ ലഭിക്കും. ഭക്ഷണം കഴിച്ച് ഇറങ്ങുന്ന സ്ഥലത്താണ് കൗണ്ടര്‍. ഇഷ്ടമുണ്ടെങ്കില്‍ ഭക്ഷണത്തിന്റെ തുക ഇവിടെ നിക്ഷേപിക്കാം. സൗജന്യമായി ഭക്ഷണം കഴിച്ചുവെന്ന തോന്നല്‍ ഇല്ലാതിരിക്കാനാണ് ഇത്തരമൊരു സംവിധാനം. ഭക്ഷണം ഒരു വ്യക്തിയുടെ അവകാശമാണെന്ന് അംഗീകരിക്കുന്ന ഈ സ്ഥാപനം പുസ്തക വായനയ്ക്കും ഇടം നല്കുന്നു. മൂന്ന് മണി മുതല്‍ ചായ, നാരങ്ങാച്ചായ, ആവിയില്‍ പുഴുങ്ങിയ പലഹാരങ്ങള്‍ എന്നിവയും നല്കുന്നു. കുട്ടികള്‍ക്കുവേണ്ടി സൗജന്യ കൗണ്‍സലിംഗ്, ക്ലാസുകള്‍, വായിക്കാനുള്ള അവസരം എന്നിവയും ഇവിടെ ഒരുക്കിയിരിക്കുന്നു. അഞ്ചു മണിക്കു ശേഷം ഈ ഭക്ഷണശാല ഒരു ലൈബ്രറിയായി രൂപം കൊള്ളും.

അഞ്ചു മണിക്കു ശേഷം ആര്‍ക്കു വേണമെങ്കിലും ഇവിടെ വന്ന് പുസ്തകങ്ങള്‍ വായിക്കാം. അക്ഷരം അറിയാത്തവര്‍ക്കും കുട്ടികള്‍ക്കും വായിച്ചു കൊടുക്കാം. സംസ്‌കാരിക പരിപാടികളും അഞ്ചപ്പം ഭക്ഷണ ശാലയില്‍ സംഘടിപ്പിക്കാന്‍ പരിപാടിയുണ്ട്. 25 രൂപയുടെ ഈണിന് 100 രൂപ നല്‍കുന്നവരുണ്ട്. അങ്ങനെ നല്‍കുന്ന തുക പണമില്ലാത്ത ഒരാളുടെ വിശപ്പകറ്റും. ഇവിടെ ശമ്പളം പറ്റുന്നവരല്ല ജോലിക്കാര്‍ സേവനം ജീവിതമാക്കി എടുത്തവരാണ്. താത്പര്യമുണ്ടെങ്കില്‍ അടുക്കളയിലും സഹായിക്കാം. സസ്യാഹാരമാണ് ഇവിടെ വിളമ്പുന്നത്. വിളമ്പുന്ന ആഹാരം ബാക്കി വയ്ക്കാന്‍ പാടില്ലെന്ന നിര്‍ബന്ധവും ഇവര്‍ക്കുണ്ട്. നന്മയുടെ പച്ചപ്പ് ഇനിയും അസ്തമിച്ചിട്ടില്ലെന്ന സന്ദേശമാണ് അഞ്ചപ്പം നല്കുന്നത്.

Related posts