നസീറയ്ക്ക് കൊടുക്കാം നല്ലൊരു കൈയ്യടി, പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയ ഞരമ്പുരോഗിയെ വനിതാ പോലീസുകാരി ഓടിച്ചിട്ടു പിടിച്ചു

policeപെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയ മധ്യവയസ്‌കനെ വനിതാ ട്രാഫിക് പോലീസുകാരി ഓടിച്ചിട്ടു പിടിച്ചു. തിങ്കളാഴ്ച്ച വൈകുന്നേരം കലൂര്‍ സെന്റ് ആന്റണീസ് പള്ളിക്കു സമീപമായിരുന്നു സംഭവം. ആലുവ മുട്ടം സ്വദേശിയായ 53കാരനാണ് പിടിയിലായത്. സ്വകാര്യ കോളജിലെ വിദ്യാര്‍ഥിനിയോടാണ് ഇയാള്‍ അപമര്യാദയായി പെരുമാറിയത് പ്രതിയെ കോടതിയില്‍ ഹാജരാക്കി.

മദ്യലഹരിയിലായിരുന്നു മധ്യവയസ്‌കന്‍. പെണ്‍കുട്ടികള്‍ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് ബസില്‍ മടങ്ങുകയായിരുന്നു. ഇയാള്‍ ബസില്‍വച്ച് പെണ്‍കുട്ടികളുടെ കൈയില്‍ കയറിപ്പിടിക്കുകയും പരിധിവിട്ട രീതിയില്‍ പെരുമാറുകയുമായിരുന്നു. ശല്യം സഹിക്കവയ്യാതെ പെണ്‍കുട്ടി പ്രതികരിച്ചെങ്കിലും ഇയാള്‍ പിന്മാറാന്‍ കൂസാക്കിയില്ല. മദ്യപാനി ശല്യം തുടര്‍ന്നതോടെ പെണ്‍കുട്ടി ഒപ്പമുണ്ടായിരുന്ന കൂട്ടുകാരിയെ വിളിച്ച് ദേശാഭിമാനി ജംഗ്ഷനില്‍ ഇറങ്ങി. അവിടെ ഗതാഗതം നിയന്ത്രിച്ചിരുന്ന വനിതാ ട്രാഫിക് പോലീസിനോട് പരാതിപ്പെടുകയുമായിരുന്നു. ഇടപ്പള്ളി ട്രാഫിക് സ്‌റ്റേഷനിലെ നസീറയാണ് അപ്പോള്‍ ഡ്യൂട്ടിക്കുണ്ടായിരുന്നത്.

നസീറ ബസ് തടഞ്ഞുനിര്‍ത്തി പ്രതിയെ പിടിച്ചിറക്കി. ഇയാള്‍ കുതറിയോടിയെങ്കിലും പോലീസുകാരി ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. പാതി കുടിച്ച മദ്യക്കുപ്പിയും മയക്കുമരുന്നും പ്രതിയില്‍നിന്ന് കണ്ടെത്തി. വനിതാ ട്രാഫിക് പോലീസ് പ്രതിയെ പിടികൂടിയതോടെ നാട്ടുകാരും സംഭവസ്ഥലത്ത് തടിച്ചു കൂടി. ഇതോടെ പ്രതി എങ്ങനെയെങ്കിലും തടിതപ്പാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരു പോലീസുകാരിയെ സഹായിക്കാന്‍ ഒപ്പംചേര്‍ന്നു. ട്രാഫിക് പോലീസ് വിവരമറിയിച്ചതോടെ പാലാരിവട്ടം സ്‌റ്റേഷനില്‍നിന്ന് പോലീസുകാരെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. ഉചിതമായ രീതിയില്‍ പ്രവര്‍ത്തിച്ച് പ്രതിയെ പിടികൂടിയ നസീറയെ പ്രശംസിച്ചാണ് നാട്ടുകാര്‍ പിരിഞ്ഞുപോയത്.

Related posts