ഭിന്നലിംഗക്കാര്‍ കൊച്ചി മെട്രോയിലെ ജോലി ഉപേക്ഷിക്കുന്നു! ലൈംഗിക തൊഴിലിലേയ്ക്ക് തിരിഞ്ഞവരും ഉണ്ടെന്ന് റിപ്പോര്‍ട്ട്; കാരണങ്ങള്‍ ഇവയൊക്കെ

KOCHITRANS2KB1മെട്രോയില്‍നിന്ന് ഭിന്നലിംഗക്കാരുടെ കൊഴിഞ്ഞു പോക്ക് വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. കൊച്ചി മെട്രോ റെയിലില്‍ ജോലി ലഭിച്ച 21 ഭിന്നലിംഗക്കാരില്‍ 12 പേര്‍ മാത്രമാണ് ഇപ്പോള്‍ തുടരുന്നത്. നഗരത്തില്‍ താമസത്തിനാവശ്യമായ സൗകര്യം ലഭിക്കാത്തതിനാലാണ് ഇവരില്‍ ഏറെപ്പേരെയും ജോലി ഉപേക്ഷിക്കാന്‍ കാരണം. ഉയര്‍ന്ന വാടക നല്‍കി ജോലിയില്‍ തുടരാനാവാതെ വന്നതോടെ ചിലര്‍ ലൈംഗികവൃത്തിയിലേക്ക് മടങ്ങിപ്പോയെന്നും ഭിന്നലിംഗക്കാരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. മെട്രോയില്‍ നിന്ന് തങ്ങള്‍ക്ക് ലഭിക്കുന്ന ശമ്പളത്തിന് നഗരത്തില്‍ വീടുകളോ മുറിയോ കിട്ടുന്നില്ല എന്നുള്ളതാണ് ഇവരുടെ പ്രധാന പ്രശ്‌നം. ഭിന്നലിംഗ വിഭാഗത്തില്‍ പെട്ടവരായതിനാല്‍ മുറികള്‍ നല്‍കാന്‍ പലരും വിസമ്മതിക്കുകയാണ്. നിലവില്‍ പ്രതിദിനം 600 രൂപ വാടക നല്‍കി ലോഡ്ജ് മുറിയിലാണ് ഇവര്‍ കഴിയുന്നത്. ഇത്തരത്തില്‍ ഭീമമായ തുക വാടക നല്‍കി ഏറെനാള്‍ ജോലിയില്‍ തുടരാനാകില്ലെന്നും അവര്‍ പറയുന്നു. താമസിക്കാനുള്ള സ്ഥലമില്ലായ്മ മാത്രമല്ല ഇവരുടെ പ്രശ്നം. തൊഴിലിടത്തിലെ ഒറ്റപ്പെടുത്തലുകളും പലരെയും ബുദ്ധിമുട്ടിക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ മനം മടുത്ത് മെട്രോയിലെ ജോലി ഉപേക്ഷിച്ച് ലൈംഗികതൊഴിലിലേയ്ക്ക് തിരിഞ്ഞവര്‍ പോലുമുണ്ടെന്ന് ഭിന്നലിംഗ സമൂഹവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. വിപ്ലവകരം എന്ന് രാജ്യാന്തരതലത്തില്‍ തന്നെ വിലയിരുത്തപ്പെട്ട ഒരു നടപടിയാണ് തുടക്കത്തില്‍ തന്നെ ഇല്ലാതാകുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

Related posts