ആഭ്യന്തര വിമാനയാത്രയ്ക്കും ഇനി ആധാർ നിർബന്ധം

air_india_0603ന്യൂഡൽഹി: മൂന്നു മാസത്തിനുളളിൽ അഭ്യന്തര വിമാനയാത്രയ്ക്കും ആധാർ കാർഡ് നിർബന്ധമാക്കും. ഇതു സംബന്ധിച്ചു പുറത്തുവന്നിരുന്ന റിപ്പോർട്ടുകൾ വ്യോമയാന മന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ ആധാർ നന്പറോ പാസ്പോർട്ട് നന്പറോ സമർപ്പിക്കാതെ രാജ്യത്തിനുള്ളിലും സഞ്ചരിക്കാൻ സാധിക്കാത്ത അവസ്ഥ വരും. നിയമലംഘനങ്ങൾ തിരിച്ചറിയുന്നതിനു വേണ്ടിയാണ് ആധാർ/പാസ്പോർട്ട് നിർബന്ധമാക്കലെന്നാണ് വ്യോമയാന മന്ത്രാലയത്തിന്‍റെ വാദം.

വിമാനയാത്രകൾക്ക് ആധാർ അധിഷ്ഠിത ബയോമെട്രിക് സംവിധാനം തയാറാക്കാൻ കേന്ദ്ര സർക്കാർ ഐടി കന്പനിയായ വിപ്രോയ്ക്ക് നിർദേശം നൽകിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. നിർദേശമനുസരിച്ചുള്ള പദ്ധതിയുടെ റിപ്പോർട്ട് അടുത്ത മാസം വിപ്രോ സർക്കാരിനു സമർപ്പിക്കുമെന്നാണ് വിവരം. വിമാനത്താവളങ്ങളിൽ യാത്രക്കാരന്‍റെ വിരലടയാളം പതിപ്പിക്കണം. ഇതുവഴി വിമാനയാത്രയ്ക്ക് യോഗ്യതയുണ്ടോയെന്ന് കണ്ടെത്താനാകും.

വിമാന ടിക്കറ്റ് ബുക്കിംഗുകൾ ആധാർ നന്പരുമായി ബന്ധിപ്പിക്കാനുള്ള നീക്കം വ്യോമയാന മന്ത്രാലയം നടത്തുന്നുണ്ട്. ഇതുവഴി ബോർഡിംഗ് സമയത്ത് യാത്രക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ഒരു വിരലടയാളം വഴി മാത്രം വിമാനത്താവളങ്ങളിൽ ശേഖരിക്കാൻ കഴിയും. ഇറങ്ങുന്പോഴും ഇത്തരത്തിൽ വിരൽ പതിപ്പിച്ചാൽ മതി.

Related posts