ട്രംപിന്റെ നയങ്ങള്‍: വാണിജ്യമേഖല ആശങ്കയില്‍

trump-lഡോണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റാകുമ്പോള്‍ ആവേശത്തേക്കാള്‍ ആശങ്കകളാണു ലോകമെങ്ങും. പൊതുഭരണരംഗത്തു നവാഗതന്‍, അസാധാരണമായ നിലപാടുകള്‍ ഉള്ളയാള്‍, ചട്ടക്കൂടുകളില്‍ ഒതുങ്ങാത്ത സ്വഭാവം ട്രംപിനെ ഭയപ്പെടാന്‍ കാരണങ്ങള്‍ പലതുണ്ട്.ഇന്ത്യയുടെ ആശങ്കയിലാണ് മോദി ഭരണകൂടം. ട്രംപിന്റെ ഭരണമാറ്റ ടീമുമായി നല്ല ബന്ധം സ്ഥാപിച്ചെങ്കിലും വ്യാപാരരംഗത്ത് പല തിരിച്ചടികള്‍ ഇന്ത്യക്കുണ്ടാകും. എച്ച് വണ്‍ ബി വീസ നിയന്ത്രണവും 35 ശതമാനം ഇറക്കുമതിച്ചുങ്കവും ആണു ഭീതിപ്പെടുത്തുന്ന ഘടകങ്ങള്‍.

ഐടി മേഖല: ട്രംപ് പുറംജോലി കരാറിനും കുടിയേറ്റത്തിനും എതിരാണ്. എച്ച് വണ്‍ ബി വീസ വ്യവസ്ഥ കര്‍ക്കശമാക്കും. അത് ഇന്ത്യന്‍ ഐടി കമ്പനികളെയും ഇന്ത്യന്‍ തൊഴിലാര്‍ഥികളെയും ബാധിക്കും. കൂടുതല്‍ പേരെ അമേരിക്കയില്‍നിന്നു റിക്രൂട്ട് ചെയ്യാന്‍ കമ്പനികള്‍ നിര്‍ബന്ധിതമാകും. ഇന്ത്യക്കാര്‍ക്ക് അവസരം കുറയും. കമ്പനികള്‍ കൂടുതല്‍ വേതനം നല്‍കേണ്ടിവരും. അതു കമ്പനികളുടെ ലാഭം കുറയ്ക്കും. ടിസിഎസിനു 16ഉം ഇന്‍ഫോസിസിന് 11ഉം വിപ്രോ, ടെക് മഹീന്ദ്ര എന്നിവയ്ക്ക് 15 വീതവും കോഗ്‌നിസന്റിന് 25 ശതമാനവും ലാഭം കുറയും. അമേരിക്കയാണ് ഇന്ത്യന്‍ ഐടി കമ്പനികള്‍ക്കു 48 മുതല്‍ 78 വരെ ശതമാനം ബിസിനസ് നല്‍കുന്നത്.

ഔഷധങ്ങള്‍: ഇന്ത്യന്‍ ഔഷധകമ്പനികളുടെ ഏറ്റവും വലിയ കയറ്റുമതി വിപണിയാണ് അമേരിക്ക. ട്രംപ് ഇറക്കുമതിക്ക് 35 ശതമാനം ചുങ്കം ചുമത്തുമെന്നാണു ഭീതി. ഗ്ലെന്‍മാര്‍ക്ക്, ടോറന്റ്, ലൂപിന്‍, അരബിന്ദോ ഫാര്‍മ, ഡോ. റെഡ്ഡീസ്, കാഡില, സണ്‍ ഫാര്‍മ തുടങ്ങിയ ഫാര്‍മ കമ്പനികളുടെ അമേരിക്കന്‍ വില്പനയ്ക്കു തിരിച്ചടി പ്രതീക്ഷിക്കാം. പല കമ്പനികളുടെയും 25 മുതല്‍ 40 വരെ ശതമാനം വിറ്റുവരവ് അമേരിക്കയില്‍നിന്നാണ്.

ഡയമണ്ടും ആഭരണങ്ങളും: അമേരിക്കയില്‍നിന്ന് വജ്രങ്ങളും സ്വര്‍ണവും ഇറക്കുമതി ചെയ്ത് ആഭരണങ്ങളായും കട്ട് ചെയ്ത ഡയമണ്ട് ആയും കയറ്റുമതി ചെയ്യുന്നു. കസ്റ്റംസ് ഡ്യൂട്ടി വര്‍ധന ഈ മേഖലയെ കാര്യമായി ബാധിക്കില്ല.ടെക്‌സ്‌റ്റൈല്‍സ്: ഇന്ത്യ ഈ വിപണിയില്‍ ഓരോ വര്‍ഷവും പിന്നോട്ടു പോകുകയാണ്. ചുങ്കം വന്നാല്‍ പ്രത്യേക ക്ഷീണമില്ല. മെക്‌സിക്കന്‍ കമ്പനികളോടു മത്സരിക്കാനാവും എന്ന ഗുണവുമുണ്ട്. ഇപ്പോള്‍ മെക്‌സിക്കന്‍ ഉത്പന്നങ്ങള്‍ക്കു ചുങ്കമില്ല.

യുഎസ്  ചൈന ബന്ധം

ട്രംപിന്റെ ഭരണകൂടം ചൈനയോടുള്ള അമേരിക്കന്‍ നിലപാടില്‍ സാരമായ മാറ്റം വരുത്തും. ചൈനീസ് ഉത്പന്നങ്ങള്‍ക്ക് അധികച്ചുങ്കം ചുമത്തുന്നതു മുതല്‍ ചൈനീസ് സൈനികശക്തിയുടെ വ്യാപനത്തിനെതിരായ നടപടികള്‍ വരെ ഉണ്ടാകാം. ചൈന കറന്‍സി വില കൃത്രിമമായി താഴ്ത്തി നിര്‍ത്തിയിരിക്കുകയാണെന്നു പറഞ്ഞു ചൈനയ്‌ക്കെതിരേ അധിക ചുങ്കം ചുമത്തിയേക്കാം.

ഇതിനെതിരേ ചൈനയും നടപടി എടുത്തേക്കാം. ചൈനീസ് കേന്ദ്രബാങ്കിന്റെ പക്കല്‍ മൂന്നു ലക്ഷം കോടി ഡോളറിന്റെ അമേരിക്കന്‍ ഗവണ്‍മെന്റ് കടപ്പത്രങ്ങളുണ്ട്. അവ വിറ്റഴിക്കാന്‍ തുടങ്ങിയാല്‍ ഡോളര്‍ കുത്തനേ ഇടിയും. ഒരു വാണിജ്യ യുദ്ധം യുക്തിസഹമല്ല എന്നു ട്രംപിനെ ബോധ്യപ്പെടുത്താന്‍ കഴിയുമോ എന്നതു വേറെ പ്രശ്‌നം.

ചൈന സൈനികസ്വാധീനം ഏഷ്യക്കപ്പുറത്തേക്കു വര്‍ധിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരേയും ട്രംപ് നീങ്ങും. അതും പ്രത്യാഘാതങ്ങള്‍ ഉളവാക്കും.

അമേരിക്കയിലേക്ക് ഇന്ത്യന്‍ കയറ്റുമതി

(2016ലെ കണക്ക്)
4255 കോടി ഡോളര്‍

അമേരിക്കയില്‍നിന്ന് ഇന്ത്യന്‍ ഇറക്കുമതി

1959.3 കോടി ഡോളര്‍

വ്യാപാര മിച്ചം

2295.9 കോടി ഡോളര്‍

പ്രധാന കയറ്റുമതി ഇനങ്ങള്‍

ഡയമണ്ട്, ഔഷധങ്ങള്‍, പെട്രോളിയം ഉത്പന്നങ്ങള്‍, രാസവസ്തുക്കള്‍, ടെക്‌സ്‌റ്റൈല്‍സ്.

പ്രധാന ഇറക്കുമതി ഇനങ്ങള്‍

ഡയമണ്ട്, വിമാനങ്ങള്‍, യന്ത്രങ്ങള്‍, ഒപ്റ്റിക്‌മെഡിക്കല്‍
ഉപകരണങ്ങള്‍.

Related posts