കിമ്മിന്റെ ഉയരമെത്ര, കിമ്മിന് ഇംഗ്ലീഷ് അറിയാമോ! ട്രംപ്- കിം കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ചോദ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട് ഗൂഗിള്‍ ട്രെന്റ് ഡാറ്റ

അരനൂറ്റാണ്ടിലേറെയുള്ള വൈരം അഞ്ചുമണിക്കൂറില്‍ പൊളിച്ചെഴുതിയാണ് ട്രംപും കിമ്മും സൗഹൃദത്തിന്റെ പുതിയ നയതന്ത്രചരിത്രമെഴുതിയത്. ലോകമൊന്നാകെ ഉറ്റുനോക്കിയ കൂടക്കാഴ്ചയായിരുന്നു അത്.

കൂടിക്കാഴ്ചയെ സംബന്ധിച്ച് പലര്‍ക്കും പലതരത്തിലുള്ള സംശങ്ങളും ഉണ്ടായിരുന്നു. ട്രംപ്- കിം കൂടിക്കാഴ്ചയെക്കുറിച്ച് അറിയാനായി അമേരിക്കന്‍ ജനത ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ പേരിനെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ ഗൂഗിള്‍ ട്രെന്റ് ഡാറ്റ പുറത്തുവിട്ടിരിക്കുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോംഗ് ഉന്നുമായുള്ള കൂടിക്കാഴ്ച ഉറപ്പായതോടെ അമേരിക്കന്‍ ജനത ഗൂഗിളില്‍ ഏറ്റവുമധികം തിരഞ്ഞത് സിംഗപ്പൂരിനെ കുറിച്ചാണെന്നാണ് ഗുഗിള്‍ പറയുന്നത്.

സിംഗപ്പൂരില്‍ വച്ചാണ് ഇരു നേതാക്കളും ഇന്ന് കൂടിക്കാഴ്ച നടത്തിയത്. ഇരു നേതാക്കളും കൂടിക്കാഴ്ച നടത്താന്‍ തെരഞ്ഞെടുത്ത സിംഗപ്പൂര്‍ എവിടെയാണെന്ന് അറിയാനുള്ള കൗതുകമാണ് അമേരിക്കന്‍ ജനതയ്ക്ക്.

ഗൂഗിള്‍ ട്രെന്റ് ഡാറ്റ ഇക്കാര്യം വ്യക്തമാക്കുന്നുമുണ്ട്. ആദ്യം ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച മാറ്റി വച്ചിരുന്നെങ്കിലും കൂടിക്കാഴ്ച പ്രഖ്യാപിച്ച ജൂണ്‍ 10 മുതല്‍ അമേരിക്കക്കാര്‍ സിംഗപ്പൂരിനെ സംബന്ധിച്ച വിവരങ്ങള്‍ തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.

എവിടെയാണ് നോര്‍ത്ത് കൊറിയ, സിംഗപ്പൂര്‍ ചൈനയിലോ ജപ്പാനിലോ ആണോ തുടങ്ങിയതാണ് മറ്റ് പ്രധാന ചോദ്യങ്ങള്‍. ചില ചോദ്യങ്ങള്‍ കിം ജോങ് ഉനുമായി ബന്ധപ്പെട്ടതാണ്.

കിമ്മിന് എത്ര ഉയരമുണ്ട്, കിം ഇംഗ്ലീഷ് സംസാരിക്കുമോ തുടങ്ങിയ ചോദ്യങ്ങളും അവര്‍ ഗൂഗിളില്‍ തിരഞ്ഞിരുന്നു. അതേസമയം ട്രംപും വടക്കന്‍ കൊറിയന്‍ കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ചയ്‌ക്കൊടുവില്‍ ഇരുവരും സമാധാനക്കരാറില്‍ ഒപ്പുവച്ചു. ചര്‍ച്ചകളുടെ തുടര്‍ച്ചയ്ക്കായി വൈറ്റ്ഹൗസിലേക്ക് കിമ്മിനെ ക്ഷണിച്ചു കൊണ്ടാണ് കൂടിക്കാഴ്ച പിരിഞ്ഞത്.

Related posts