എന്നാലും ഇത് കുറച്ചു കടുത്തുപോയി ! ജെസിബി ഉപയോഗിച്ച് മസ്തകത്തില്‍ ഇടിച്ച് ഓടിച്ച കാട്ടുകൊമ്പന്‍ ചരിഞ്ഞു; സംഭവം മൂന്നാറിലെ കണ്ണന്‍ ദേവന്‍ തോട്ടത്തില്‍; പ്രതിഷേധം ഇരമ്പുന്നു…

elephantമൂന്നാര്‍: മൂന്നാര്‍ കൈയ്യേറി അനധികൃത നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തി പരിസ്ഥിതിയെ തകര്‍ക്കുന്നതു തുടരുന്നതിനിടയില്‍ മനുഷ്യന്റെ കൊടും ക്രൂരതയുടെ വാര്‍ത്തയാണ് വെളിയില്‍ വരുന്നത്. കണ്ണന്‍ ദേവന്‍ തോട്ടത്തില്‍ നിന്നു വിരട്ടിയോടിച്ച കാട്ടുകൊമ്പനെ മൂന്നാര്‍ ചെണ്ടുവരയില്‍ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. തോട്ടത്തിലെത്തുകയും ജനവാസകേന്ദ്രങ്ങളിലേക്ക് നീങ്ങുകയും ചെയ്തപ്പോഴാണ് കാട്ടാനയെ വിരട്ടിയോടിക്കാന്‍ ജെസിബികള്‍ എത്തിച്ചത്.
ജെസിബിക്കൈ ഉപയോഗിച്ച് വിരട്ടുന്നതിനിടെ കാട്ടാനയുടെ മസ്തകത്തില്‍ അടിയേറ്റതാണ് ആന ചരിയാന്‍ കാരണമെന്ന് സംശയിക്കുന്നു. ഇതോടെ ജെസിബി െ്രെഡവറേയും ജെസിബിയും വനംവകുപ്പ് അധികൃതര്‍ കസ്റ്റഡിയിലേടുത്തു.

അതേസമയം കാട്ടാനകള്‍ ജനവാസകേന്ദ്രത്തിലെത്തുന്നത് തടയാന്‍ വനംവകുപ്പ് അധികൃതര്‍ നടപടി സ്വീകരിക്കാത്തതാണ് എല്ലാത്തിനും കാരണമെന്ന് നാട്ടുകാരും ആരോപിക്കുന്നു. ജനവാസ കേന്ദ്രത്തിലെത്തിയപ്പോള്‍ മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ കാട്ടിലേക്കു വിരട്ടിയോടിച്ച കാട്ടാനയാണു ചരിഞ്ഞത്. മറയൂര്‍, കാന്തല്ലൂര്‍, മൂന്നാര്‍, ചിന്നക്കനാല്‍ മേഖലയില്‍ കഴിഞ്ഞ മൂന്നു മാസങ്ങളായി കാട്ടാനയുടെ ശല്യം രൂക്ഷമായുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കഴിഞ്ഞ ദിവസം കൊമ്പന്‍ എത്തിയതും പലയിടത്തും നാശം വിതച്ചതും.

കഴിഞ്ഞദിവസം മൂന്നു വാഹനങ്ങള്‍ തകര്‍ത്ത കാട്ടാന പള്ളിക്കും കേടുവരുത്തിയിരുന്നു. ഞായറാഴ്ച രാത്രി 10.30ന് കെഡിഎച്ച്പി കമ്പനിയുടെ ചെണ്ടുവര എസ്‌റ്റേറ്റിലാണ് കാട്ടാനയുടെ ആക്രമണം ആദ്യം ഉണ്ടായത്. എസ്‌റ്റേറ്റിലെ മാനേജരുടെ ബംഗ്ലാവിനു സമീപത്ത് കാട്ടാനയെത്തിയതിനെ തുടര്‍ന്ന് മൂന്നു ട്രാക്ടറുകളിലെത്തിയ തൊഴിലാളികള്‍ ഓടിച്ചു. ഇതിനു ശേഷം മടങ്ങുന്നതിനിടയില്‍ മറ്റൊരു വഴിയില്‍ കൂടി എത്തിയ കാട്ടാന മുന്‍പില്‍ പോകുകയായിരുന്ന ട്രാക്ടര്‍ ആക്രമിച്ചു. ഇതോടെ തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടു. ഇതിനു ശേഷം സമീപത്തു ലയങ്ങള്‍ക്കു മുന്‍പില്‍ പാര്‍ക്ക് ചെയ്തിരുന്ന ആന്‍ഡ്രൂസ് എന്നയാളുടെ വാഹനത്തിന്റെ ചില്ല് അടിച്ചുതകര്‍ത്തു.തുടര്‍ന്ന് സമീപത്തുള്ള സിഎസ്‌ഐ ദേവാലയത്തിന്റെ ഗേറ്റ് തകര്‍ത്ത് അകത്തു കടന്ന് മതില്‍കെട്ടും കോണ്‍ക്രീറ്റ് തൂണും നശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ ബൈക്കില്‍ തുണികള്‍ വില്‍ക്കാനെത്തിയ തമിഴ്‌നാട് സ്വദേശിക്കു നേരെയും ആക്രമണം ഉണ്ടായി. ഇയാള്‍ ഓടി രക്ഷപ്പെട്ടു. ബൈക്കിന്റെ ഇന്ധന ടാങ്ക് ആന കുത്തിനശിപ്പിച്ചു.

ഇതിനു ശേഷം സമീപത്തുള്ള സൂപ്പര്‍ തേയില ഫാക്ടറി കോംമ്പൗണ്ടില്‍ കയറിയ കൊമ്പന്‍ തൊഴിലാളികള്‍ക്ക് കയറാന്‍ കഴിയാത്തവിധം മണിക്കൂറുകളോളം നിന്നു. പിന്നീട് ജെസിബി ഉപയോഗിച്ച് ശബ്ദം ഉണ്ടാക്കിയാണ് ആനയെ ഓടിച്ചത്. കാട്ടാന ലയങ്ങള്‍ക്കു സമീപം രാത്രിയും രാവിലെയും നിന്നതിനാല്‍ തൊഴിലാളികള്‍ ഭൂരിഭാഗവും തിങ്കളാഴ്ച ജോലിക്ക് പോകാനും കഴിഞ്ഞിരുന്നില്ല. വിവരം അറിയിച്ചിട്ടും വനം വകുപ്പ് അധികൃതര്‍ എത്തിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഈ വാര്‍ത്ത പുറത്തറിഞ്ഞതോടെ വിവിധ പരിസ്ഥിതി സംഘടനകള്‍ പ്രതിഷേധമറിയിച്ചിട്ടുണ്ട്.

Related posts