ഇതും മകള്‍ തന്നെ! ഒരേസമയം മകളുടെ കതിര്‍ മണ്ഡപത്തില്‍ അയല്‍പക്കത്തെ പെണ്‍കുട്ടിയുടെയും വിവാഹവും; സമ്മാനമായി സ്വര്‍ണാഭരണങ്ങളും ഒരുലക്ഷം രൂപയും

wed600കുറ്റിച്ചല്‍ :കുറ്റിച്ചല്‍ ചിറക്കോണം കൃഷ്ണമ്മാസില്‍ രാധയ്ക്കും ജയനും ഇത് അഭിമാന മുഹൂര്‍ത്തം. ഒരേ  മണ്ഡപത്തില്‍ സ്വന്തം മകളുടെയും അയല്‍വാസി പെണ്‍കുട്ടിയുടെയും വിവാഹം ഒരേ സമയം നടത്തിയാണ് ഇവര്‍ മാതൃകയായത്. ഇവരുടെ മകള്‍ കൃഷ്ണജയുടെ വിവാഹത്തോടൊപ്പം  അയല്‍പക്കത്തെ മണലുവിള പുത്തന്‍വീട്ടില്‍ വിജയന്‍-വത്സല ദമ്പതിമാരുടെ മകള്‍ ഗീതയുടെ വിവാഹവും നടത്തിയാണ് ഇവര്‍ മാതൃകയായത്. മറ്റുള്ളവരെ സഹായിക്കുന്നത് തങ്ങളില്‍ സന്തോഷമുണ്ടാക്കുന്നുവെന്നും ഇവര്‍ പറയുന്നു.

അയല്‍വാസിയുടെ മകള്‍ക്ക് സ്വര്‍ണാഭരണങ്ങളും ഒരുലക്ഷം രൂപയും നല്‍കിയാണ് രാധയും ഭര്‍ത്താവ് ജയനും ആശിര്‍വദിച്ചത്. രാധ ജയന്റെ മകള്‍ കൃഷ്ണജയെ കുറ്റിച്ചല്‍ വാഴപ്പള്ളി കൃഷ്ണനയനത്തില്‍ ഉദയഭാനു-അംബിക ദമ്പതിമാരുടെ മകന്‍ അജയകുമാര്‍ മിന്നുകെട്ടി. അതേ കതിര്‍മണ്ഡപത്തില്‍ തന്നെ അയല്‍വാസി ഗീതയുടെ കഴുത്തില്‍ വിഴിഞ്ഞം പുല്ലൂര്‍ക്കോണം ടൗണ്‍ഷിപ് ഹൗസില്‍ പരേതനായ വിശ്വനാഥന്റെയും സുജാതയുടെയും മകന്‍ അനുവും താലിചാര്‍ത്തി. തുടര്‍ന്ന് ഒരേ പന്തിയില്‍ ഭക്ഷണവും നടന്നു. കെഎസ്ശബരീനാഥന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Related posts