മരിച്ചി മാറാത്ത കലിപ്പ്; ഉഴവൂരിനെ വീണ്ടും ജോക്കറെന്ന് വിളിച്ച് മാണി.സി.കാപ്പന്‍; ഉഴവൂർ പാർട്ടിയെ നയിച്ചത് സ്വന്തം കാര്യം നോക്കിമാത്രംട്ടും

കോട്ടയം: ഉഴവൂർ വിജയനെ ജോക്കർ എന്ന് വിളിച്ച് ആക്ഷേപിച്ച് വീണ്ടും എൻസിപി നേതാവ് മാണി.സി.കാപ്പൻ. ഒരാൾ മരിച്ചെന്നു കരുതി അയാളോടുള്ള നിലപാടിൽ മാറ്റമുണ്ടാകില്ലെന്നു പറഞ്ഞ കാപ്പൻ സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് വിജയനെ മാറ്റാൻ താന്‍ ആവശ്യപ്പെട്ടിരുന്നതാണെന്നും പറഞ്ഞു. ഒരു ചാനലിനു നൽകിയ അഭിമുഖത്തിലാണ് കാപ്പൻ ഇങ്ങനെ തുറന്നടിച്ചത്.

ഇപ്പോഴത്തെ പ്രസിഡന്‍റ് ടി.പി.പീതാംബരനെപ്പോലെ സ്വന്തം താൽപര്യം മാത്രം നോക്കിയാണ് ഉഴവൂർ വിജയന്‍ പാർട്ടിയെ നയിച്ചതെന്നും ഉഴവൂര്‍ പ്രസിഡന്‍റായിരിക്കെ പാര്‍ട്ടി രണ്ട് ചേരിയായെന്നും കാപ്പൻ പറഞ്ഞു. ഉഴവൂർ വിജയൻ നിത്യരോഗിയായിരുന്നെന്നും ആരെങ്കിലും തെറിപറഞ്ഞെന്ന് കരുതി മരണം സംഭവിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.

പാർട്ടി പ്രസിഡന്‍റിനെതിരെ സംസ്ഥാന നേതാവ് തന്നെ നടത്തിയ കൊലവിളിയെക്കുറിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പാർട്ടി സംസ്ഥാന ട്രഷററും തോമസ്ചാണ്ടി പക്ഷത്തെ പ്രമുഖനുമായ മാണി.സി.കാപ്പൻ ഇതിനെയെല്ലാം ന്യായീകരിച്ച് രംഗത്തെത്തിയത്.

എന്‍സിപി സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂര്‍ വിജയന്‍റെ മരണത്തിന് പിന്നില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്‍റെ മാനസിക പീഡനമെന്ന ആരോപണം ശക്തമായിരുന്നു. പാര്‍ട്ടി സംസ്ഥാന നേതാവ് സുള്‍ഫിക്കര്‍ മയൂരി ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയത് വിജയനെ തളർത്തിയിരുന്നുവെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.

Related posts