വാനില കര്‍ഷകര്‍ക്ക് സന്തോഷവാര്‍ത്ത, ഉണക്ക ബീന്‍സിന് കിലോക്ക് 10,000 രൂപ, വില ഉയര്‍ന്നതോടെ റബര്‍ കര്‍ഷകര്‍ വാനിലക്കൃഷിയിലേക്ക് തിരിയുന്നു

vഒരുകാലത്ത് ഹൈറേഞ്ചിലെങ്ങും വാനില കര്‍ഷകരുടെ ആരവങ്ങളായിരുന്നു ഒരുകാലത്ത്. റബറും കുരുമുളകും ചതിച്ചതോടെ രണ്ടായിരത്തിന്റെ ആദ്യ ഘട്ടത്തില്‍ വാനിലയായിരുന്നു കര്‍ഷകര്‍ക്ക് താങ്ങായത്. എന്നാല്‍, വാനില വില തകര്‍ന്നടിയുന്നതാണ് പിന്നീട് കണ്ടത്. അതോടെ തളിര്‍ത്ത വാനില വള്ളികള്‍ ആര്‍ക്കും വേണ്ടതായി. ഇപ്പോഴിതാ വാനിലയ്ക്കു വീണ്ടും നല്ലകാലം തെളിയുന്നു. മാര്‍ക്കറ്റില്‍ വാനില ഉണക്ക ബീന്‍സിന് കിലോഗ്രാമിന് 10,000 രൂപയാണ് ഇപ്പോഴത്തെ വില. ഒരാഴ്ച മുമ്പുവരെ കിലോക്ക് 200 മുതല്‍ 300 വരെയായിരുന്നു വില. വാനില ഏറ്റവും കൂടുതല്‍ ഉല്‍പാദിപ്പിക്കുന്ന മഡഗാസ്കറിലെ കൃഷിനാശമാണ് വില ഉയരാന്‍ കാരണമായി വിലയിരുത്തപ്പെടുന്നത്. കാലാവസ്ഥാവ്യതിയാനം പ്രതികൂലമായതോടെ മഡഗാസ്കറില്‍ ഉല്‍പാദനം ഗണ്യമായി കുറഞ്ഞതാണ് വാനിലക്ക് ഇവിടെ വില കൂടാന്‍ കാരണമായത്.

ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് വാനില കൃഷി കൂടുതലായുള്ളത്. എന്നാല്‍ വില കുറഞ്ഞതോടെ കൃഷി നാമമാത്രമായി. ഇപ്പോള്‍ വിലകൂടിയെങ്കിലും ആരുടെയും കൈയ്യില്‍ സ്‌റ്റോക്ക് ഇല്ലെന്നതാണ് യാഥാര്‍ഥ്യം. വിലകൂടി നിന്ന സമയത്ത് ഉണക്ക ബീന്‍സിന് 22,000 രൂപയും പച്ചയ്ക്ക് 5000 രൂപയും വിലയുണ്ടായിരുന്നു. ഇത് പിന്നീട് 150 രൂപയില്‍ താഴെയാകുകയും ചെയ്തു. കിലോയ്ക്ക് 50 രൂപയ്ക്കു പോലും എടുക്കാന്‍ ആളില്ലാതെ വന്നതോടെ പലരും കൃഷിയേ വിട്ടു. ഇക്കാലയളവില്‍ റബറിന് നേരിയ വിലക്കയറ്റമുണ്ടായതോടെ പലരും റബര്‍ കൃഷിയിലേക്ക് തിരിച്ചുവരുകയും ചെയ്തു. വനിലയുടെ വിലക്കയറ്റം താല്‍ക്കാലികമാണെന്നാണ് വിദഗ്ധര്‍ നല്കുന്ന സൂചന.

Related posts